ഒമാൻ സന്ദർശനത്തിനിടെ മസ്കത്തിലെ ഓപ്പറ ഹൗസ് സന്ദർശിക്കുന്ന ഷാർജ സുൽത്താൻ
ഷാർജ: ബന്ധങ്ങൾ ഊട്ടിയുറപ്പിച്ച് രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഒമാനിൽനിന്ന് മടങ്ങി.
അദ്ദേഹത്തിനും പ്രതിനിധി സംഘത്തിനും നൽകിയ യാത്രയയപ്പ് ചടങ്ങിൽ ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, വാർത്ത വിതരണ മന്ത്രി ഡോ. അബ്ദുല്ല ബിൻ നാസർ അൽ ഹരാസി, ഒമാനിലെ യു.എ.ഇ അംബാസഡർ മുഹമ്മദ് ബിൻ നഖിറ അൽ ദഹേരി, മസ്കത്തിലെ യു.എ.ഇ എംബസിയിലെ നിരവധി അംഗങ്ങളും സംബന്ധിച്ചു.
ഒമാനിലെത്തിയ ഷാർജ ഭരണാധികാരിക്ക് ഊഷ്മള വരവേൽപ്പാണ് അധികൃതർ നൽകിയിരുന്നത്. സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാഹോദര്യബന്ധവും പൊതുതാൽപര്യമുള്ള മറ്റ് കാര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. അൽ ഖാസിമിയും പ്രതിനിധി സംഘവും സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്ക്കും മസ്കത്ത് റോയൽ ഓപ്പറ ഹൗസ് സന്ദർശിച്ചിരുന്നു.
ഓപ്പറ ഹൗസിലെത്തിയ അദ്ദേഹത്തിന് അതിന്റെ സൗകര്യങ്ങൾ, ഷോകൾ, ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ എന്നിവയെ കുറിച്ച് വിശദീകരിച്ചു.
ഒമാനി വാസ്തുവിദ്യയും സാംസ്കാരിക പാരമ്പര്യവും ലോകത്തിന്റെ വിവിധ ഭൂഖണ്ഡങ്ങളിൽനിന്നുള്ള വാസ്തുവിദ്യാ സംസ്കാരങ്ങളുമായി സംയോജിപ്പിച്ചുകൊണ്ടുള്ള ഓപ്പറ ഹൗസിന്റെ രൂപകൽപനയും അദ്ദേഹം വീക്ഷിച്ചു. വിസിറ്റേഴ്സ് രജിസ്റ്ററിൽ ഒപ്പുവെച്ചാണ് ശൈഖ് സുൽത്താൻ അൽ ഖാസിമി ഓപ്പറ ഹൗസിൽനിന്ന് മടങ്ങിയത്.
ഷാർജ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി, ഒമാനിലെ യു.എ.ഇ അംബാസഡർ അംബാസഡർ മുഹമ്മദ് ബിൻ നഖീറ അൽ ദഹേരി, സാംസ്കാരിക, ഇൻഫർമേഷൻ വകുപ്പ് ചെയർമാൻ അബ്ദുല്ല അൽ ഉവൈസ് എന്നിവരടങ്ങുന്ന പ്രതിനിധി സംഘമായിരുന്നു ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയെ അനുഗമിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.