‘സുഹൈൽ’ നക്ഷത്രം തെളിയുന്നു. യു.എ.ഇ വാർത്താ ഏജൻസി പുറത്തുവിട്ട ചിത്രം
ദുബൈ: ശൈത്യത്തിന്റെ വരവറിയിച്ച് യു.എ.ഇയുടെ ആകാശത്ത് 'സുഹൈൽ' തെളിഞ്ഞു. വേനൽ അവസാനം പ്രത്യക്ഷപ്പെട്ട് ശൈത്യകാലം മുഴുവനും തെളിഞ്ഞുകാണുന്ന താരകമാണ് 'സുഹൈൽ'.
ബുധനാഴ്ച പുലർകാലത്താണ് ഇത് ദൃശ്യമായതെന്ന് എമിറേറ്റ്സ് ആസ്ട്രോണമി സൊസൈറ്റി അറിയിച്ചു. 'സിറിയസി'ന് ശേഷം ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമാണ് 'സുഹൈലെ'ന്നാണ് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം പറയുന്നത്. ഭൂമിയിൽനിന്ന് ഏകദേശം 313 പ്രകാശവർഷം അകലെയാണിത്. പുരാതനകാലം മുതൽ അറബ് ജനത ഋതുഭേദങ്ങൾ തിരിച്ചറിയാനായി ഉപയോഗിക്കുന്നുണ്ട്.
അറബി കവിതകളിലും കഥകളിലും ബദവി പഴമൊഴികളിലും ഇതുസംബന്ധിച്ച പരാമർശങ്ങൾ സുലഭമാണെന്ന് അറബ് യൂനിയൻ ഫോർ ആസ്ട്രോണമി ആൻഡ് സ്പേസ് സയൻസസ് അംഗം ഇബ്രാഹീം അൽ ജർവാൻ പറഞ്ഞു.
പഴയകാലത്ത് ആളുകൾ മത്സ്യബന്ധനവും കൃഷിയും ഈ നക്ഷത്രത്തെ അടിസ്ഥാനമാക്കിയാണ് തീരുമാനിച്ചിരുന്നത്. 'സുഹൈലി'ന്റെ വരവ് പരമ്പരാഗതമായി വേട്ടയാടൽ കാലത്തിന്റെ തുടക്കത്തെ അടയാളപ്പെടുത്തുന്നതുമാണ് -അദ്ദേഹം കൂട്ടിച്ചേർത്തു. 'സുഹൈൽ' ദൃശ്യമായതിന് പിന്നാലെ യു.എ.ഇയിൽ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കുകയും ചൂട് കുറഞ്ഞുതുടങ്ങുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.