അബൂദബി: സമൂഹ മാധ്യമങ്ങളിലൂടെ ബ്രാൻഡുകളുടെയും ബിസിനസിെൻറയും വൻതോതിലുള്ള പ്രമോഷന് ലൈസൻസ് നിർബന്ധമാക്കി പുതിയ നിയമം അവതരിപ്പിച്ചു. മാഗസിനുകളുടെയും പത്രങ്ങളുടെയും സമാന ലൈസൻസ് തന്നെയാണ് ഇത്തരം സംരംഭങ്ങൾക്കും എടുക്കേണ്ടത്. മേഖലയുടെ മികവിനും നിയന്ത്രണത്തിനും വേണ്ടിയാണ് ലൈസൻസ് നിർബന്ധമാക്കിയതെന്ന് നാഷനൽ മീഡിയ കൗൺസിൽ (എൻ.എം.സി) ചൊവ്വാഴ്ച അറിയിച്ചു.
ഇൻസ്റ്റഗ്രാം, ട്വിറ്റർ, ഫേസ്ബുക്ക് പോലുള്ള സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന ബ്രാൻഡ്^ബിസിനസ് പോസ്റ്റുകൾ വഴി നിരവധി ഫോളോവേഴ്സുള്ള വ്യക്തികളും സെലിബ്രിറ്റികളും വൻതോതിലുള്ള വരുമാനമാണ് നേടുന്നത്. എന്നാൽ, ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നേരത്തെ നിയമം മൂലം നിയന്ത്രിക്കപ്പെട്ടിരുന്നില്ല.
വാർത്താ വെബ്സൈറ്റുകൾ, ഇലക്ട്രോണിക് പബ്ലിഷിങ് കേന്ദ്രങ്ങൾ തുടങ്ങിയവക്കും ലൈസൻസ് ആവശ്യമാണ്. അതേസമയം, ലൈസൻസോടെ പ്രവർത്തിക്കുന്ന പരമ്പരാഗത മാധ്യമങ്ങളായ ടെലിവിഷൻ, റേഡിയോ, പത്രം, മാഗസിൻ എന്നിവയുടെ വെബ്സൈറ്റുകൾക്ക് പുതിയ ലൈസൻസ് ആവശ്യമില്ല. സർക്കാർ, സർവകലാശാലകൾ, സ്കൂളുകൾ എന്നിവയുടെ വെബ്സൈറ്റുകളും ലൈസൻസ് നിബന്ധനകളിൽനിന്ന് ഒഴിവാണ്.
ഫെബ്രുവരി 28ന് എൻ.എം.സി ഇലക്ട്രോണിക്സ് മാധ്യമങ്ങൾക്ക് പുതിയ നിയമസംവിധാനം അവതരിപ്പിച്ചിരുന്നു. ഇതുപ്രകാരം ഇലക്ട്രോണിക് മാധ്യമങ്ങളുമായി ബന്ധപ്പെട്ട വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെല്ലാം രജിസ്റ്റർ ചെയ്യുകയും ജൂൺ അവസാനിക്കുന്നതിന് മുമ്പ് ലൈസൻസ് നേടുകയും വേണം. അല്ലാത്തവർക്ക് മുന്നറിയിപ്പ് നൽകുകയോ 5000 ദിർഹം വരെ പിഴ വിധിക്കുകയോ വെബ്സൈറ്റ് അക്കൗണ്ട് അടച്ചുപൂട്ടുകയോ ചെയ്യും. യു.എ.ഇയിലെ മാധ്യമമേഖലയിൽ പുരോഗമിച്ച നിയമ^കാര്യനിർവഹണ സാഹചര്യം വികസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള കൗൺസിലിെൻറ പദ്ധതിയുടെ ഭാഗമായാണ് പുതിയ നിയമങ്ങളെന്ന് എൻ.എം.സി ഡയറക്ടർ ജനറൽ മൻസൂർ ഇബ്രാഹിം ആൽ മൻസൂറി പറഞ്ഞു. ഇന്ന് ഇലക്ട്രോണിക്സ് മാധ്യമങ്ങൾ വൻ സ്വാധീനമുള്ളവയും വ്യാപകമായി ഉപയോഗിക്കപ്പെടുന്നവയുമാണ്. വിഡിയോകൾ, ഗെയിമുകൾ, ഇ^പുസ്തകങ്ങൾ തുടങ്ങിയ ഡിജിറ്റൽ മാധ്യമങ്ങൾ മിഡിലീസ്റ്റിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന മേഖലകളിലൊന്നാണ്.
ഇൗ മേഖലയിലെ ക്രമീകരണങ്ങൾ പുതിയ ആഗോള നിക്ഷേപങ്ങൾ ആകർഷിക്കാനും അതുവഴി മേഖലയുടെ വികസനവും കാര്യക്ഷമതയും വർധിക്കാനും കാരണമാകും. നിയമപരിരക്ഷ നൽകിയും കാര്യക്ഷമത വർധിപ്പിച്ചും പ്രസിദ്ധീകരണ മേഖലയിൽ ഇലക്ട്രോണിക് മാധ്യമങ്ങളുടെ സംഭാവനകൾ ശാക്തീകരിക്കുക എന്നതാണ് പുതിയ മാർഗനിർദേശങ്ങൾ കൊണ്ട് ഉേദ്ദശിക്കുന്നതെന്നും മൻസൂർ ഇബ്രാഹിം ആൽ മൻസൂറി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.