ദുബൈ: രാജ്യത്ത് ബിസിനസ് അവസരങ്ങൾ തേടുന്നവർക്ക് ആറുമാസ സന്ദർശക വിസ അനുവദിക്കുന്നു. നിക്ഷേപകർ, സംരംഭകർ, വിദഗ്ധരായ പ്രഫഷനലുകൾ, ബിസിനസുകളുടെ സാമ്പത്തിക പങ്കാളിത്തം വഹിക്കുന്നവർ എന്നിങ്ങനെയുള്ളവർക്കാണ് പ്രത്യേക വിസ അനുവദിക്കുകയെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട് സെക്യൂരിറ്റി(ഐ.സി.പി) വ്യക്തമാക്കി.
സിംഗ്ൾ, മൾടി എൻട്രി യാത്രകൾ സാധ്യമാകുന്നതാണ് നിർദിഷ്ട വിസ സംവിധാനം. അതേസമയം, ആകെ താമസം 180ദിവസത്തിൽ കൂടുതലാകാൻ പാടില്ല. വിസ സേവനത്തിന് അപേക്ഷിക്കുന്നതിന് നാല് നിബന്ധനകൾ പാലിക്കണമെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഒന്നാമതായി അപേക്ഷകൻ യു.എ.ഇയിൽ ബിസിനസ് സാധ്യത തേടാൻ ആഗ്രഹിക്കുന്ന മേഖലയിൽ യോഗ്യതയുള്ള പ്രഫഷനലായിരിക്കണം.
അതോടൊപ്പം ആറു മാസത്തിൽ കൂടുതൽ സാധുതയുള്ള പാസ്പോർട്ട് കൈവശമുണ്ടായിരിക്കണം, യു.എ.ഇയിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കണം, തുടർന്നുള്ള യാത്രക്കോ രാജ്യത്തുനിന്ന് തിരിച്ചുപോകുന്നതിനോ കൺഫേം ടിക്കറ്റ് കൈവശമുണ്ടായിരിക്കണം എന്നിവയും നിബന്ധനകളിൽ ഉൾപ്പെടും.
രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് സഹായിക്കുന്ന നൂതനപദ്ധതികൾ ആരംഭിക്കാനും ഭാവി കെട്ടിപ്പടുക്കാനും ആഗ്രഹിക്കുന്ന സംരംഭകരെയും നിക്ഷേപകരെയും മൂലധന ഉടമകളെയും ആകർഷിക്കുന്നതിനായി യു.എ.ഇ സമഗ്രമായ സംവിധാനങ്ങളാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് ഐ.സി.പി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സയീദ് അൽ ഖൈലി പറഞ്ഞു. ബിസിനസ് വിജയവും മുന്നേറ്റവും സാധ്യമാക്കുന്ന ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ, നിയമ ചട്ടക്കൂടുകൾ, ലോജിസ്റ്റിക്കൽ സേവനങ്ങൾ എന്നിവയാണ് രാജ്യത്തുള്ളതെന്നും വിസ സൗകര്യം വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.