കെ. ബാലകൃഷ്ണൻ, അഡ്വ. വൈ.എ. റഹീം
ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നണിക്ക് മുന്നേറ്റം
ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അനുകൂല മുന്നണിക്ക് മുന്നേറ്റം. ലീഗ്-സി.പി.എം സഖ്യം നേതൃത്വം നൽകുന്ന നിലവിലെ ഭരണമുന്നണിക്ക് തിരിച്ചടിയേറ്റു. ഇൻകാസ് നേതാവ് കെ. ബാലകൃഷ്ണൻ പ്രസിഡന്‍റായും അഡ്വ. വൈ.എ. റഹീം ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഭരണമുന്നണിയിലെ ജിബി ബേബി ട്രഷററായി വിജയിച്ചു.
തെരഞ്ഞെടുപ്പ് നടന്ന 14 സ്ഥാനങ്ങളിൽ ഒമ്പത് എണ്ണത്തിലും കോൺഗ്രസ് അനുകൂല മതേതര മുന്നണിക്കാണ് വിജയം. അഞ്ച് സ്ഥാനങ്ങളിൽ ലീഗ്-സി.പി.എം സഖ്യം നേതൃത്വം നൽകുന്ന നിലവിലെ ഭരണമുന്നണിയായ ജനാധിപത്യ മുന്നണി വിജയിച്ചു. ബി.ജെ.പി പിന്തുണയുള്ള ഒന്നാം മുന്നണി മത്സരരംഗത്തുണ്ടായിരുന്നെങ്കിലും ഒരു സീറ്റിലും വിജയിക്കാനായില്ല.
കെ.എം.സി.സി നേതാവും നിലവിലെ അസോസിയേഷൻ പ്രസിഡന്‍റുമായ നിസാർ തളങ്കരയെ പരാജയപ്പെടുത്തിയാണ് കോൺഗ്രസ് മുന്നണിയിലെ കെ. ബാലകൃഷ്ണൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. ഇൻകാസ് നേതാവ് അഡ്വ. വൈ.എ. റഹീം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിലവിലെ ജന. സെക്രട്ടറി മാസ് ഷാർജ നേതാവ് ശ്രീപ്രകാശിനെയാണ് പരാജയപ്പെടുത്തിയത്. സി.പി.എം നേതാവ് പി. ശ്രീരാമകൃഷ്ണന്‍റെ സഹോദരനാണ് ശ്രീപ്രകാശ്.
ട്രഷറർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ ലീഗ്-സി.പി.എം സഖ്യത്തിലെ ജിബി ബേബി നിലവിലെ ട്രഷററായ കോൺഗ്രസ് മുന്നണിയിലെ ഷാജി ജോണിനെയാണ് പരാജയപ്പെടുത്തിയത്. മുന്നണി മാറിയാണ് ഇദ്ദേഹം ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ലീഗ്-സി.പി.എം സഖ്യത്തിലെ പ്രദീഫ് നെന്മാറ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. ഈ മുന്നണിയിലെ പ്രദീഷ് ചിതറ, അബ്ദുമനാഫ്, കെ.കെ. താലിബ് എന്നിവർ മാനേജിങ് കമ്മിറ്റി അംഗങ്ങളായും വിജയിച്ചു.
കോൺഗ്രസ് മുന്നണിയിലെ അഡ്വ. അൻസാർ ജോയന്‍റ് സെക്രട്ടറിയായും, അനിലാൽ പുരുഷോത്തമൻ ജോ. ട്രഷററായും വിജയിച്ചു. ഓഡിറ്റർ സ്ഥാനത്തേക്ക് തങ്കച്ചൻ മണ്ഡപത്തിൽ വിജയിച്ചു. ഈ മുന്നണിയിലെ അഭിലാഷ് രത്നാകരൻ, റോയ് മാത്യൂ, ജാഫർ കണ്ണേറ്റ്, അനിൽകുമാർ കെ.ജി. പിള്ള എന്നിവർ മാനേജിങ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ഇടത് നേതാവ് മാത്തുകുട്ടി കടോന്‍റെ നേതൃത്വത്തിൽ ബി.ജെ.പി പിന്തുണയോടെയാണ് ഒന്നാം മുന്നണിയായി മത്സരിച്ചത്.
മൊത്തം 45 സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. രണ്ടായിരത്തി അഞ്ഞൂറോളം അംഗങ്ങളിൽ 1361 പേർ വോട്ട് രേഖപ്പെടുത്തി. ഷാർജയിൽ പതിനാറായിരത്തിലേറെ വിദ്യാർഥികൾ പഠിക്കുന്ന നാല് വിദ്യാലയങ്ങളുടെ ഭരണചുമതല ഷാർജ ഇന്ത്യൻ അസോസിയേഷനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.