മുഹമ്മദ് അബ്ദുറഹ്മാൻ മുസ്‌ലിയാർ
ഫുജൈറ: മൂന്ന് പതിറ്റാണ്ട് നീണ്ട സേവനത്തിനുശേഷം യു.എ.ഇ ഔഖാഫിൽ നിന്ന് മലയാളി പണ്ഡിതൻ പടിയിറങ്ങി. ഔഖാഫിലും അറബികൾക്കിടയിലും ശൈഖ് മങ്ങലാത്ത് എന്ന് അറിയപ്പെടുന്ന പാലക്കാട് ആനക്കര പഞ്ചായത്തിലെ നെയ്യൂര്‍ മങ്ങലാത്ത് വളപ്പിൽ മുഹമ്മദ് അബ്ദുറഹ്മാൻ മുസ്‌ലിയാർ ആണ് എഴുപതാമത്തെ വയസ്സിൽ വിരമിക്കുന്നത്. മലയാളികൾ കൂടുതലായി എത്താറുള്ള ഇമാം ശാഫി മസ്ജിദ് ഉൾപ്പെടെ ഫുജൈറയിലെ നാല് പള്ളികളിൽ ഇമാമായിരുന്നു. 1992 ഡിസംബർ 16ന് ബാബരി മസ്ജിദ് തകർക്കപ്പെട്ട രണ്ടാമത്തെ ആഴ്ചയിൽ കലുഷിതാന്തരീക്ഷത്തിൽ മുംബൈ-ഫുജൈറ ഇന്ത്യൻ എയർലൈൻസിൽ ഫുജൈറയിൽ എത്തിയായിരുന്നു പ്രവാസത്തിന്‍റെ തുടക്കം.
ഭാര്യാസഹോദരന്മാർ നല്‍കിയ വിസയിൽ ഒരു മാസത്തോളം ദിബ്ബയിലെ ഷോപ്പിലായിരുന്നു ജോലി. തുടർന്ന് കൽബ കേരള മുസ്‍ലിം ജമാഅത്തിന്‍റെ ഔദ്യോഗിക മുസ്‍ലിയാരായി താൽക്കാലിക സേവനം ആരംഭിച്ചു. പിന്നീട് സ്ഥിരപ്പെടുത്തിയതനുസരിച്ച് ഒരു വർഷത്തോളം ജോലിയിൽ തുടർന്നു. ശേഷം കൽബയിലെ താമസമാണ് വഴിത്തിരിവായത്. ഒരു പാകിസ്താനി ഇമാം അവധിയിൽ പോയ ഒഴിവിൽ പകരക്കാരനായി ഇമാമിന്‍റെ ജോലി ചെയ്തു. അവിടെ അറബികൾക്ക് ഹദീസ് കിതാബ് ദർസും നടത്തിയിരുന്നു. ഇത് മഹല്ല് നിവാസികൾക്ക് ഇഷ്ടപ്പെട്ടതോടെ പ്രമുഖരായ അറബികൾ ഔഖാഫിൽ ഡയറക്ടറെ പരിചയപ്പെടുത്തി. ഇവിടെ ഇന്‍റർവ്യൂവിന് ശേഷം ദുബൈ ഔഖാഫിലേക്ക് കത്തു നല്‍കുകയും അവിടെ നടന്ന അഭിമുഖത്തില്‍ സർട്ടിഫിക്കറ്റ് നേടുകയും ചെയ്തു. 1993 നവംബറില്‍ ആദ്യമായി ഔഖാഫിന്‍റെ ഖുറയ്യയിലെ പള്ളിയിൽ ജോലിയിൽ പ്രവേശിച്ചു.
15 വർഷം അവിടെയും ഫുജൈറ ടൗണിൽ പത്തു വർഷവും പിന്നീട് 2017 മുതൽ ഇതുവരെ ഫുജൈറ ശൈഖ് പാലസിനടുത്തുള്ള പള്ളിയിലും സേവനം ചെയ്തു. 2025 ആഗസ്റ്റ് 31ന് പ്രായപരിധി കഴിഞ്ഞതിനാൽ ജോലിയിൽനിന്ന് വിരമിച്ചു. നീണ്ട 33 വർഷത്തിനിടയിൽ മക്കളുടെ വിദ്യാഭ്യാസം, വിവാഹം, വീട് നിർമാണം, ഹജ്ജ് എല്ലാം നിർവഹിക്കാൻ ഭാഗ്യം ലഭിച്ചതായി ഇദ്ദേഹം പറയുന്നു. കണ്ണൂർ മാട്ടൂലിലാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. പ്രവാസത്തിനുമുമ്പ് 22 വര്‍ഷം മാട്ടൂൽ നോർത്ത് മൊയ്തീൻ പള്ളി, തഅ്‍ലീമുൽ ഇസ്‍ലാം മദ്റസ എന്നിവിടങ്ങളിലായിരുന്നു. 1995 ഫുജൈറയിലെ ഖിറയ്യയിലുണ്ടായ മലവെള്ളപ്പാച്ചിലും കടലിന്‍റെ വേലിയേറ്റവും ഒരു കപ്പലിന്‍റെ കരക്കടിയലും മൂലം സമീപപ്രദേശങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി ദുരിതത്തിലായതും മുസ്‍ലിയാര്‍ ഓര്‍ത്തെടുക്കുന്നു. രാഷ്ട്രപിതാവ് ശൈഖ് സായിദിന്‍റെ ഇടപെടല്‍ മൂലം ജനങ്ങളുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം കാണുകയും ഇരുന്നൂറിൽപരം വീടുകൾ, പള്ളികള്‍, സ്കൂളുകള്‍ എന്നിവ നിര്‍മിച്ച് ഗ്രാമത്തെ പൂര്‍വ സ്ഥിതിയിലാക്കുകയുമായിരുന്നു. 2022 ജൂൺ 11 അൽഐനിലെ ഹോസ്പിറ്റലിൽ ഭാര്യ സുബൈദ വേർപിരിഞ്ഞത് മാനസികമായി സങ്കടത്തിലാഴ്ത്തി. പിന്നീട് വിവാഹം കഴിച്ച സഫൂറയാണ് ഇപ്പോഴുള്ളത്. മക്കള്‍ മുഹമ്മദ് ഇര്‍ഷാദ്, ഫര്‍സാന എന്നിവര്‍ യു.കെയിലും ഫർഹാന നാട്ടിലും മുഹമ്മദ് ഇര്‍ഫാന്‍ ഷാര്‍ജയിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.