ഷാർജ: ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (എസ്.സി.സി.ഐ), ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡവലപ്മെന്റ് അതോറിറ്റി (എസ്.സി.ടി.ഡി.എ) എന്നിവർ ചേർന്ന് നടത്തുന്ന ഷാർജ സമ്മർ പ്രമോഷൻസ് 2025ലെ ആദ്യ റാഫിൾ ഡ്രോ നറുക്കെടുപ്പ് നടന്നു. ഒയാസിസ് മാളിൽ തടിച്ചു കൂടിയ ജനക്കൂട്ടത്തെ സാക്ഷിനിർത്തിയാണ് ആദ്യ നറുക്കെടുപ്പ് നടത്തിയത്.
സൗജന്യ ഷോപ്പിങ് വൗച്ചറുകൾ, സ്വർണ കട്ടികൾ എന്നിവ ഉൾപ്പെടെ വമ്പർ സമ്മാനങ്ങളാണ് നറുക്കെടുപ്പിൽ വിജയിക്കുന്നവർക്കാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ആദ്യ നറുക്കെടുപ്പിൽ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് 10 വിജയികളെ പ്രഖ്യാപിച്ചു. എസ്.സി.സി.ഐയിലെ കമ്യൂണിക്കേഷൻ ആൻഡ് ബിസിനസ് സെക്ടർ അസി. ഡയറക്ടർ ജനറൽ അബ്ദുൽ അസീസ് അൽ ശംസി വിജയികളെ അനുമോദിച്ചു. ലോകോത്തര ഷോപ്പിങ്, വിനോദ കേന്ദ്രമെന്ന നിലയിൽ എമിറേറ്റിന്റെ സ്ഥാനം ഉറപ്പിക്കുന്നതിനുള്ള ഷാർജ ചേംബറിന്റെ ശ്രമങ്ങളുടെ വിജയമാണ് ഇത്തവണത്തെ കാമ്പയിനിൽ കണ്ട ശക്തമായ പൊതുജന പങ്കാളിത്തമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രാദേശിക, അന്തർദേശീയ സന്ദർശകരിൽ നിന്നുള്ള പങ്കാളിത്തം ഈ ക്യാമ്പയ്നിലുള്ള ജനങ്ങളുടെ ശക്തമായ ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു.
കൂടാതെ വാണിജ്യ പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കുന്നതിലും ഉപഭോക്തൃ ചെലവ് വർദ്ധിപ്പിക്കുന്നതിലും ഇത്തരം ക്യാമ്പയ്നുകൾ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘മറക്കാനാവാത്ത വേനൽക്കാലത്തേക്ക് അസാധാരണ ഓഫറുകൾ’ എന്ന തലക്കെട്ടിലാണ് ഷോപ്പിങ് മഹോത്സവം അരങ്ങേറുന്നത്. എസ്.സി.സി.ഐയുടെ ഷോപ്പിങ് മാളുകൾ, വിവിധ പ്രാദേശിക സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഷോപ്പിങ് മഹോത്സവത്തിൽ 1,000ത്തിലധികം ഔട്ട്ലറ്റുകളാണ് പങ്കെടുക്കുന്നത്. ഈ മാസം 20, 31, ആഗസ്റ്റ് 10, 21, സെപ്റ്റംബർ ഒന്ന് തീയതികളിലായി നടക്കുന്ന അഞ്ച് റാഫിൾ ഡ്രോയിലും സന്ദർശകർക്ക് പങ്കാളികളാകാം. സെപ്റ്റംബർ ഒന്നിനാണ് ഫൈനൽ ഡ്രോ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.