പുസ്തക പ്രകാശനം ‘അറബിയുടെ അമ്മ’
ഷാർജ: മൻസൂർ പള്ളൂരിന്റെ ‘അറബിയുടെ അമ്മ’ എന്ന നോവൽ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. കേരളവുമായി ദീർഘകാല ബന്ധം പുലർത്തുന്ന സൗദി അറേബ്യയിലെ പൗരപ്രമുഖൻ മുഹമ്മദ് ബിൻ ഹമീം അൽ യാമി, ദുബൈ ആതുര ശുശ്രൂഷയും ജീവകാരുണ്യ പ്രവർത്തനങ്ങളും കൊണ്ട് ശ്രദ്ധേയനായ ഡോ. അസ്ലം സലീന് പുസ്തകം കൈമാറി പ്രകാശനം നിർവഹിച്ചു. ഒമാനിൽ നിന്നുള്ള സിദ്ദീഖ് ഹസ്സൻ, പുന്നക്കൻ മുഹമ്മദ് അലി, പ്രതാപൻ തായാട്ട്, അഡ്വ. ഹബീബ് ഖാൻ, പി.ആർ. പ്രകാശ്, അഡ്വ. ആർ. ഷഹന, അബ്ദു ശിവപുരം തുടങ്ങിയവർ ആശംസകൾ അറിയിച്ചു. നാസർ ബേപ്പൂർ ചടങ്ങ് നിയന്ത്രിച്ചു.
മൻസൂർ പള്ളൂരിന്റെ ‘അറബിയുടെ അമ്മ’ എന്ന നോവൽ ഡോ. അസ്ലം സലീം മുഹമ്മദ് ബിൻ ഹമീമിനു നൽകി പ്രകാശനം ചെയ്യുന്നു
‘നാസിഹീൻ’
ഷാർജ: ഡോ. ഹസീനാ ബീഗത്തിന്റെ ‘നാസിഹീൻ’ എന്ന കവിതാ സമാഹാരം ഷാർജ പുസ്തകോത്സവത്തിൽ മീഡിയവൺ മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ ഹെഡ് എം.സി.എ നാസർ, ഷാജി പുഷ്പാംഗദന് കൈമാറി പ്രകാശനം ചെയ്തു. മാക്ബെത് എം.എ ഷഹനാസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഇസ്മയിൽ മേലഡി പുസ്തക പരിചയവും എഴുത്തുകാരി ഉഷാചന്ദ്രനും അബൂദബി ഇസ്ലാമിക് സെന്റർ സെക്രട്ടറി ഹിദായത്ത് ആശംസയും പറഞ്ഞു. അഡ്വ. മുഹമ്മദ് റഫീക് സ്വാഗതവും അൻവർ കുനിമൽ അവതരണവും നടത്തി.
ഡോ. ഹസീനാ ബീഗത്തിന്റെ ‘നാസിഹീൻ’ എന്ന കവിതാ സമാഹാരം എം.സി.എ. നാസർ, ഷാജി പുഷ്പാംഗദന് കൈമാറി പ്രകാശനം ചെയ്യുന്നു
‘ഇമിഗ്രേഷൻ ഫോറിനേഴ്സ് ആക്ട്’
ഷാർജ: പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം (അഡ്വക്കേറ്റ് ഓൺ റെക്കോഡ് സുപ്രീം കോർട്ട് ഓഫ് ഇന്ത്യ) രചിച്ച ‘ഇമിഗ്രേഷൻ ഫോറിനേഴ്സ് ആക്ട്’ എന്ന പുതിയ ഗ്രന്ഥത്തിന്റെ പ്രകാശനം ഷാർജ പുസ്തകോത്സവത്തിലെ അക്കാഫ് പവിലിയനിൽ നടന്നു. ദുബൈ കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി അംഗം അഹമ്മദ് അൽസാബി പ്രകാശനം നിർവഹിച്ചു. പുസ്തകത്തിന്റെ ആദ്യപ്രതി പ്രവാസി ലീഗൽ സെൽ ദുബൈ ചാപ്റ്റർ പ്രസിഡന്റ് ടി.എൻ. കൃഷ്ണകുമാർ ഏറ്റുവാങ്ങി. ചടങ്ങിൽ പി.എൽ.സി ഷാർജ-അജ്മാൻ ചാപ്റ്റർ അധ്യക്ഷ ഹാജറാബി വലിയകത്ത് അധ്യക്ഷത വഹിച്ചു.
അഡ്വ. ജോസ് എബ്രഹാം എഴുതിയ ‘ഇമിഗ്രേഷൻ ഫോറിനേഴ്സ് ആക്ട്’ പുസ്തകം ദുബൈ കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി അംഗം അഹമ്മദ് അൽസാബി പ്രകാശനം ചെയ്യുന്നു
അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ്, അക്കാഫ് ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രശേഖരൻ, അക്കാഫ് ട്രഷറർ രാജേഷ് പിള്ളൈ, പി.എൽ.സി ഇന്റർനാഷനൽ കോഓഡിനേറ്റർ ഹാഷിം പെരുമ്പാവൂർ, പി.എൽ.സി ഷാർജ-അജ്മാൻ ചാപ്റ്റർ ജനറൽ സെക്രട്ടറി അൽ നിഷാജ് ഷാഹുൽ എന്നിവർ പങ്കെടുത്തു.
എസ്.ഐ.ആർ വളരെ സങ്കീർണമായ വിഷയം-ഇ. സന്തോഷ് കുമാർ
ഷാർജ: ജനപ്രിയ സാഹിത്യകാരന്മാർക്ക് കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡുകൾ കൊണ്ട് പ്രത്യേകിച്ച് ഗുണമില്ലെന്ന് വയലാർ പുരസ്കാര ജേതാവ് ഇ. സന്തോഷ്കുമാർ അഭിപ്രായപ്പെട്ടു. ഏത് എഴുത്തുകാരനാണ് അവാർഡ് കൊടുക്കുന്നത് എന്നത് സംബന്ധിച്ചും ഏത് പുസ്തകമാണ് അവാർഡിന് അർഹമായത് എന്നത് സംബന്ധിച്ചും സാഹിത്യ അക്കാദമിക്കും ജൂറിക്കും കൃത്യമായ ധാരണ വേണമെന്നും അദ്ദേഹം പറഞ്ഞു. ഷാർജ അന്തർദേശീയ പുസ്തക മേളയിൽ ‘ഇ. സന്തോഷ് കുമാർ: ടെല്ലിങ് സ്റ്റോറീസ് ദാറ്റ് മാറ്റർ’ എന്ന പേരിൽ ശ്രോതാക്കളുമായി നടത്തിയ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരം കൈയിൽ വരുന്നവർ അത് നിലനിർത്താൻ പല മാർഗങ്ങളും അവലംബിക്കും. വ്യവസ്ഥയെ അട്ടിമറിക്കാനുള്ള ശ്രമം മുമ്പും ഉണ്ടായിട്ടുണ്ട്. എസ്.ഐ.ആർ വളരെ സങ്കീർണമായ വിഷയമാണ്.
ഷാർജ പുസ്തകോത്സവത്തിൽ ഇ. സന്തോഷ് കുമാർ വായനക്കാരുമായി സംവദിക്കുന്നു
ഇലക്ട്രോണിക് വോട്ടു യന്ത്രത്തിൽ കൃത്രിമം നടത്താനുള്ള സാധ്യതയില്ലെന്ന് പലരും പറയുന്നുണ്ട്. എന്നാൽ, കൃത്രിമം നടക്കുന്നുണ്ട് എന്ന ആരോപണം വന്നാൽ അത് ദൂരീകരിക്കേണ്ട ചുമതല ഭരണകൂടത്തിനും തെരഞ്ഞെടുപ്പ് കമീഷനും ഉണ്ട്. അതിനുപകരം സംശയം ഉന്നയിക്കുന്നവരെ പരിഹസിക്കുന്നത് ശരിയല്ല എന്ന് സന്തോഷ് കുമാർ ചൂണ്ടിക്കാണിച്ചു. എഴുത്തുകാരൻ എന്നതാണ് കേരളത്തിലെ ഏറ്റവും വലിയ പദവി. കഥയുടെ പേരിൽ അറിയപ്പെടുക എന്നതാണ് പ്രധാനം. രാഷ്ട്രീയ പ്രവർത്തകരോട് ബഹുമാനമുണ്ട്. എന്നാൽ, എഴുത്തുകാരൻ സൂക്ഷ്മ രാഷ്ട്രീയം എഴുതുകയാണ് വേണ്ടത്. ആരെയും വായിക്കാൻ നിർബന്ധിക്കരുതെന്നും സന്തോഷ്കുമാർ ആവശ്യപ്പെട്ടു. സമൂഹ മാധ്യമം ഇന്ന് താർക്കികരുടെ സൈനിക താവളമായി മാറിയിരിക്കുന്നു. വാദിച്ച് ജയിക്കാനാണ് എല്ലാവരുടെയും ശ്രമം. ഞാൻ മാത്രം ശരി. എന്റെ മതം എന്റെ ജാതി എന്റെ പാർട്ടി മാത്രം ശരി എന്ന കാഴ്ചപ്പാടാണ് ഇത്തരം താർക്കികർക്കുള്ളത് എന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവർത്തകൻ അനൂപ് കീച്ചേരി മോഡറേറ്ററായിരുന്നു.
‘ഇലവൻ ഇലവൻ’
ഷാർജ: അറ്റ്ലസ് രാമചന്ദ്രന്റെ മകൾ ഡോ. മഞ്ജു രാമചന്ദ്രന്റെ ആദ്യ നോവൽ ‘ഇലവൻ ഇലവൻ’ ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. റൈറ്റേഴ്സ് ഫോറത്തിൽ നടന്ന ചടങ്ങിൽ ഗോൾഡ് എഫ്.എം പ്രോഗ്രാം ഡയറക്ടർ വൈശാഖ് പുസ്തകം പ്രകാശനം ചെയ്തു. ആദ്യ കോപ്പി ആചാര്യ സുജ പതഞ്ജലി കവയിത്രി ഷീല പോളിന് നൽകി. നടി തെസ്നി ഖാൻ ആശംസകൾ അർപ്പിച്ചു. ഡോ. മഞ്ജു രാമചന്ദ്രന്റെ മാതാവ് ഇന്ദിര രാമചന്ദ്രൻ, അരുൺ നായർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഡോ. മഞ്ജു രാമചന്ദ്രന്റെ ആദ്യ നോവൽ ‘ഇലവൻ ഇലവൻ’ ഗോൾഡ് എഫ്.എം പ്രോഗ്രാം ഡയറക്ടർ വൈശാഖ് പ്രകാശനം ചെയ്യുന്നു
‘പന്തീരാഴി’
ഷാർജ: എഴുത്തുകാരിയും അഭിനേത്രിയുമായ അഡ്വ.ആർ. ഷഹിനയുടെ ഓർമക്കുറിപ്പുകളുടെ സമാഹാരം ‘പന്തീരാഴി’ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു.
നവംബർ 15ന് റൈറ്റേഴ്സ് ഫോറം ഹാളിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര താരം സജിത മഠത്തിൽ എഴുത്തുകാരനും പ്രഭാഷകനുമായ ഇ.കെ. ദിനേശന് നൽകിക്കൊണ്ട് പുസ്തകത്തിന്റെ പ്രകാശം നിർവഹിച്ചു.
അഡ്വ.ആർ. ഷഹിനയുടെ ഓർമക്കുറിപ്പുകളുടെ സമാഹാരം ‘പന്തീരാഴി’ സജിത മഠത്തിൽ ഇ.കെ. ദിനേശന് നൽകി പ്രകാശനം ചെയ്യുന്നു
ഹരിതം ബുക്സ് മാനേജിങ് ഡയറക്ടർ പ്രതാപൻ തായാട്ട് ആമുഖ ഭാഷണം നടത്തി. സിറാജ് നായർ മോഡറേറ്ററായ ചടങ്ങിൽ വെള്ളിയോടൻ പുസ്തക പരിചയം നടത്തി. വൈ.എ. സാജിത ആശംസ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.