ഷാർജ പുസ്തകോത്സവത്തിലെ സന്ദർശകരുടെ തിരക്ക്
ഷാർജ: വരും തലമുറയോട് വായനയുടെ പ്രാധാന്യം ഉദ്ഘോഷിച്ച് 43ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് പ്രൗഢമായ സമാപനം.118 രാജ്യങ്ങളിൽനിന്നുള്ള 2350 പ്രസാധകർ ഇത്തവണ മേളയിൽ പ്രദർശനത്തിൽ ഭാഗമായി.
യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിന് കീഴിൽ ആരംഭിച്ച പുസ്തകോത്സവത്തിന്റെ ഇത്തവണത്തെ പ്രമേയം ‘നിങ്ങളും പുസ്തകവും തമ്മിൽ’ എന്നതായിരുന്നു. 12 ദിവസങ്ങളിലായി നടന്ന മേള സന്ദർശിക്കാൻ ഏഴു എമിറേറ്റുകളിൽനിന്നായി മലയാളികൾ ഉൾപ്പെടെ പതിനായിരങ്ങൾ എത്തി.
നവംബർ അഞ്ചിന് ആരംഭിച്ച പുസ്തകോത്സവത്തിൽ മലയാളികളുടെത് ഉൾപ്പെടെ അനേകം യുവ സാഹിത്യ പ്രതിഭകളുടെ പുസ്തകങ്ങൾ പ്രകാശിതമായി. മലയാളത്തിൽ കവി സച്ചിദാനന്ദൻ ഉൾപ്പെടെ പ്രമുഖർ അതിഥികളായെത്തി. ഹോളിവുഡ് നടൻ വിൽസ്മിതിന്റെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു. ഗ്രീസായിരുന്നു ഇത്തവണ അതിഥി രാജ്യം. കഴിഞ്ഞ വർഷത്തേക്കാൾ 10 രാജ്യങ്ങൾ കൂടുതലായി ഇത്തവണ മേളയിൽ പങ്കെടുത്തു.
പ്രമുഖ നൈജീരിയൻ എഴുത്തുകാരി ചിമമന്ദ എൻഗോസി അഡീചീ, ഇറ്റാലിയൻ എഴുത്തുകാരൻ കാർലോ റോവല്ലി, ഐറിഷ് നോവലിസ്റ്റ് പോൾ ലിഞ്ച്, ബ്രിട്ടീഷ് സൈക്കോളജിസ്റ്റ് ഡോ. ജൂലി സ്മിത്ത് എന്നിവരടക്കം പ്രമുഖർ പല ദിവസങ്ങളിലായി വായനക്കാരുമായി സംവദിച്ചു. പുതിയ നിരവധി പരിപാടികളും ഇത്തവണത്തെ മേളയുടെ ഭാഗമായി നടന്നു. പോയട്രി ഫാർമസി, പോപ് അപ്പ് അക്കാദമി, പോഡ്കാസ്റ്റ് സ്റ്റേഷൻ എന്നിവ ഇതിൽ ഉൾപ്പെടും. എട്ട് ഭാഷകളിലായി സായാഹ്ന കവിതാ സദസ്സുകൾ ഒരുക്കുന്ന പരിപാടിയും ഇത്തവണ സംഘടിപ്പിച്ചിരുന്നു. പ്രസാധകർക്ക് പിന്തുണയർപ്പിച്ച് പുസ്തകങ്ങൾ വാങ്ങാൻ 45 ലക്ഷം ദിർഹമിന്റെ പുസ്തകങ്ങൾ വാങ്ങാൻ യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടിരുന്നു.
66 രാജ്യങ്ങളിൽനിന്നുള്ള 251 പ്രമുഖർ നേതൃത്വം നൽകുന്ന 1200ലേറെ പരിപാടികളും മേളയുടെ ഭാഗമായി അരങ്ങേറി. ഇതിൽ 300 സാംസ്കാരിക പരിപാടികളും 750 കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള ശിൽപശാലകളും ഉൾപ്പെടും. ഡിജിറ്റൽ സാങ്കേതിക വിദ്യകൾ സമന്വയിപ്പിച്ച് കൊണ്ട് വായനയെ പ്രോത്സാഹിപ്പിക്കുന്ന ക്രമീകരണങ്ങളും ഇത്തവണ മേളയിൽ ഒരുക്കിയിരുന്നു. വ്യത്യസ്തമായ പവലിയനുമായി സുഡാനിൽനിന്നുള്ള പ്രസാധകരും മേളയുടെ ഭാഗമായി.
ഇവർക്ക് മേളയിൽ പങ്കെടുക്കുന്നതിനുള്ള ഫീസ് യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശ പ്രകാരം ഒഴിവാക്കിയിട്ടുണ്ട്.
കന്നിപ്പാടം
ഷാര്‍ജ: വിജി സുഭാഷ് രചിച്ച് ഹരിതം ബുക്സ് പ്രസിദ്ധീകരിച്ച കവിതകളുടെ സമാഹാരം ‘കന്നിപ്പാടം’ ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു. പുന്നക്കന്‍ മുഹമ്മദലി, സുഭാഷ് സുരേന്ദ്രന്, അക്ഷയ് സുഭാഷ്, ആഷിന് സുഭാഷ്, ആരാധ്യ സുഭാഷ് എന്നിവര്‍ ചേര്‍ന്ന് സുമതി വിദ്യാധരന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. അനില്‍ വിദ്യാധരന് പുസ്തകം പരിചയപ്പെടുത്തി.
പുന്നക്കന്‍ മുഹമ്മദലി, പ്രതാപന് തായാട്ട്, രാജന് പുല്ലിത്തടത്തില്‍, എം.ബി. അനീസുദ്ദീന്‍, എം.ടി. നാസര്‍ കാപ്പുമുഖം, വിജി സുഭാഷ് എന്നിവര്‍ സംസാരിച്ചു. സുഭാഷ് സുരേന്ദ്രന് നന്ദി പറഞ്ഞു.
വിജി സുഭാഷിന്റെ പ്രഥമ കവിത സമാഹാരം ‘കന്നിപ്പാടം’ ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യുന്നു
‘സംഘടനാ ചിന്തകൾ’
ഷാർജ: ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി രചിച്ച ‘സംഘടനാ ചിന്തകൾ’ എന്ന പുസ്തകം ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. നവംബർ 14ന് വൈകീട്ട് 4.30ന് റൈറ്റേർസ് ഫോറം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യു.എ.ഇ ഇന്ത്യൻ ഇസ്ലാഹി സെന്റർ അധ്യക്ഷൻ എ.പി അബ്ദുസ്സമദാണ് പ്രകാശനം നിർവഹിച്ചത്. ബഷീർ തിക്കോടി പുസ്തകം ഏറ്റുവാങ്ങി. കെ.എൻ.എം പബ്ലിക്കേഷൻസ് ആണ് പരിപാടി സംഘടിപ്പിച്ചത്. പൊതു സമൂഹത്തിൽ സംഘാടകർ പാലിക്കേണ്ട മര്യാദകൾ പ്രതിപാദിക്കുന്ന മൂല്യവത്തായ രചനയാണ് ‘സംഘടനാ ചിന്തകൾ’ എന്ന് പുസ്തകപരിചയം നിർവഹിച്ച് സംസാരിച്ച നാസിം റഹ്മാൻ അഭിപ്രായപ്പെട്ടു. പി.എ. ഹുസ്സൈൻ, എം.എം അക്ബർ, ജാഫർ സാദിഖ്, എക്സൽ മുജീബ്, അബു ഷമീർ, ഹാറൂൻ കക്കാട്, കെ.ടി. മുഫീദ്, യാസർ അറഫാത്ത് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. നിയാസ് മോങ്ങം അവതാരകനായ പരിപാടിയിൽ ഫിറോസ് എളയേടത്ത് നന്ദി പറഞ്ഞു.
ഷുക്കൂർ സ്വലാഹി രചിച്ച ‘സംഘടനാ ചിന്തകൾ’ യു.എ.ഇ ഇന്ത്യൻ ഇസ്ലാഹി സെന്റർ അധ്യക്ഷൻ എ.പി. അബ്ദുസ്സമദ് പ്രകാശനം ചെയ്യുന്നു
‘മനഃസഞ്ചാരങ്ങൾ’
ഷാർജ: ഡോ. നൂർജഹാൻ രചിച്ച ‘മനഃസഞ്ചാരങ്ങൾ’ എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. ഐ.എസ്.എം കേരള പ്രസിഡന്റ് ഡോ. അൻവർ സാദത്ത് ഹാല ബിൻത് നസീഫിന് നൽകിയാണ് പ്രകാശനം ചെയ്തത്. നസീഫ്, ഹാറൂൻ കക്കാട്, കെ.സി. നാദിയ, എം.എ. സുഹൈൽ, ജുമാന, അബ്ദുറഹ്മാൻ അരീക്കോട്, മുനീബ, അൻവർ പന്തലകത്ത്, എം.പി. മെഹ്ബൂബ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. യുവത ബുക്സാണ് പ്രസാധകർ.
ഡോ. നൂർജഹാൻ രചിച്ച ‘മനഃസഞ്ചാരങ്ങൾ’ ഡോ. അൻവർ സാദത്ത് ഹാല ബിൻത് നസീഫിന് നൽകി പ്രകാശനം ചെയ്യുന്നു
‘സംസം’
ഷാർജ: അരനൂറ്റാണ്ടിലധികമായി യു.എ.ഇയുടെ സാമൂഹിക വിദ്യാഭ്യാസ മേഖലയിൽ സജീവ സാന്നിധ്യമായ ഹാജി എൻ. ജമാലുദീന്റെ കവിതകളുടെ അറബിക് പരിഭാഷ ‘സംസം’ എന്ന പേരിൽ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു.
ദുബൈ സെൻസസ് റെസിഡൻഷ്യൽ ആൻഡ് ഡേ കെയർ ഫോർ സ്പെഷൽ നീഡ്സ് സ്ഥാപകനും ഡയറക്ടർ ജനറലുമായ ഡോ. നാദിയ ഖലീൽ അൽ സായിഗ്, ഇമാറാത്തി എഴുത്തുകാരനും ഗവേഷകനുമായ മൻസൂർ ഇബ്രാഹിം എന്നിവർ ചടങ്ങിൽ പ്രത്യേക അതിഥികളായിരുന്നു. ഹാജി എൻ. ജമാലുദ്ദീന്റെ മക്കളായ ഡോ. സലിം ജമാലുദ്ദീൻ, ഡോ. റിയാസ് ജമാലുദ്ദീൻ, ഡോ. റിഹാന ജമാലുദീൻ, ക്രസന്റ് ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ ഡോ. ഷറഫുദ്ദീൻ താനിക്കാട്ട്, എസ്.എൽ.ടി അംഗങ്ങൾ, സ്കൂൾ അഡ്മിനിസ്ട്രേഷൻ ജീവനക്കാർ, അധ്യാപകർ, ബന്ധുക്കൾ, സുഹൃത്തുക്കൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
ഹാജി എൻ. ജമാലുദീന്റെ കവിതകളുടെ അറബിക് പരിഭാഷ ‘സംസം’ പ്രകാശനം ചെയ്യുന്നു
‘ദ പ്രോഫറ്റിക് ഇക്കണോമി; ബ്ലൂ പ്രിന്റ് ഫോർ ജസ്റ്റിസ് ആന്‍ഡ് പ്രോസ്പെരിറ്റി’
ഷാർജ: സി.എം ശഫീഖ് നൂറാനി രചിച്ച ‘ദ പ്രോഫറ്റിക് ഇക്കണോമി; ബ്ലൂ പ്രിന്റ് ഫോർ ജസ്റ്റിസ് ആന്‍ഡ് പ്രോസ്പെരിറ്റി’ എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ പ്രകാശനം ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ ദാറു സൈഫ് അല്‍ ജാബിരി ഫോര്‍ പബ്ലിക്കേഷൻ ചെയര്മാന് ഡോ. സൈഫ് റാശിദ് അല്‍ജാബിരി, മർകസ് നോളജ് സിറ്റി ഡയറക്ടർ മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിക്ക് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ ശരീഫ് കാരശ്ശേരി, അബ്ദുസലാം പോത്താംകണ്ടം, കെ.പി മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു. മര്‍കസ് നോളജ് സിറ്റിയിലെ വിറാസ് മുദരിസും ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുടെ എക്സിക്യൂട്ടിവ് സെക്രട്ടറിയുമാണ് സി.എം ശഫീഖ് നൂറാനി. മലബാര്‍ പ്രസ് ആണ് പ്രസാധകർ.
സി.എം ശഫീഖ് നൂറാനി രചിച്ച ‘ദ പ്രോഫറ്റിക് ഇക്കണോമി; ബ്ലൂ പ്രിന്റ് ഫോർ ജസ്റ്റിസ് ആന്‍ഡ് പ്രോസ്പെരിറ്റി’ എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ പ്രകാശനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.