അബൂദബി: സിനിമ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ. കരുണിന്റെ വേർപാടിൽ പ്രവാസി സംഘടനകൾ അനുശോചിച്ചു. ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും മലയാള സിനിമയെ അടയാളപ്പെടുത്തിയ അതുല്യ കലാകാരനായ ഷാജി കഴിഞ്ഞ വർഷത്തെ അബൂദബി ശക്തി ടി.കെ രാമകൃഷ്ണൻ പുരസ്കാര ജേതാവായിരുന്നു. മലയാള ചലച്ചിത്രലോകത്ത് വ്യക്തിമുദ്ര ചാർത്തിയ ഷാജിയുടെ വേർപാട് സിനിമാ മേഖലക്ക് മാത്രമല്ല മലയാള ഭാഷക്കും ഇടതുപക്ഷ പുരോഗമനപ്രസ്ഥാനങ്ങൾക്കും തീരാനഷ്ടമാണെന്ന് കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ ബീരാൻകുട്ടി, ലോക കേരള സഭ അംഗം അഡ്വ. അൻസാരി സൈനുദ്ദീൻ, ശക്തി തിയറ്റേഴ്സ് അബൂദബി പ്രസിഡന്റ് കെ.വി ബഷീർ, യുവകലാ സാഹിതി പ്രസിഡന്റ് രാഗേഷ് നമ്പ്യാർ, മലയാളം മിഷൻ അബൂദബി ചാപ്റ്റർ പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടി എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.
ദുബൈ: മലയാള സിനിമയെ ദേശീയ, അന്തർദേശീയ തലങ്ങളിൽ അഭിമാനമായി ഉയർത്തിയ അതുല്യ സംവിധായകൻ ഷാജി എൻ. കരുണിന്റെ നിര്യാണത്തിൽ ഓവർസീസ് മലയാളി അസോസിയേഷൻ അനുശോചിച്ചു. ഷാജി എൻ. കരുണിന്റെ അഭാവം മലയാള ചലച്ചിത്രലോകത്തിനും കലാസാംസ്കാരിക മേഖലക്കും തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ സിനിമകളും ദർശനവും എന്നും ഹൃദയങ്ങളിൽ ജീവിക്കുമെന്നും ഓർമ അനുശോചന കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.