അബൂദബി: നിലവിലെ അധ്യയന വർഷത്തിൽ വിദ്യാർഥികൾക്കും മാനേജ്മെൻറുകൾക്കുമായി എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെൻറ് (ഇ.എസ്.ഇ) പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ക്ലാസ്മുറികളിലോ വിദൂര പഠനങ്ങളിലോ പങ്കെടുക്കുന്നവർ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായാണ് നിയമലംഘനങ്ങളുടെ പുതുക്കിയ പട്ടിക പുറത്തിറക്കിയത്. ചെറുത്, ഇടത്തരം, ഗുരുതരം, അതീവ ഗുരുതരം എന്നിങ്ങനെ നിയമലംഘനങ്ങളെ നാലു തരമായി തിരിച്ചാണ് പബ്ലിക് സ്കൂളുകൾക്ക് ഇ.എസ്.ഇ സർക്കുലർ അയച്ചത്.
- ചെറിയ നിയമലംഘനങ്ങൾ
ക്ലാസിലെത്തുന്നവർ: യൂനിഫോമുകൾ ധരിക്കാതെ വരിക, ക്ലാസിലിരുന്ന് ഉറങ്ങുക, ശ്രദ്ധിക്കാതിരിക്കുക, അസംബ്ലിയിൽ സ്ഥിരമായി വൈകി വരികയോ പങ്കെടുക്കാതെയോ ഇരിക്കുക, ക്ലാസ് സമയത്ത് അനുമതിയില്ലാതെ പോവുക, ക്ലാസിലിരുന്നോ അസംബ്ലി സമയത്തോ ച്യൂയിംഗം ചവക്കുക, ഭക്ഷണം കഴിക്കുക, പുസ്തകങ്ങളോ ബുക്കുകളോ മറ്റു വസ്തുക്കളോ സ്കൂളിൽ ഉപേക്ഷിച്ചു പോവുക തുടങ്ങിയവയാണ് ചെറിയ ലംഘനങ്ങളിൽപെടുന്നത്. ഒാൺലൈൻ ക്ലാസിലിരിക്കുന്നവർ: മതിയായ കാരണമില്ലാതെ പത്തു മിനിറ്റിൽ കൂടുതൽ വൈകി കയറുക, പൊതു അഭിരുചിക്കും ധാർമികതക്കും നിരക്കാത്ത വസ്ത്രം ധരിക്കുക, അധ്യാപനത്തിനു തടസ്സമാവുകയും പാഠ്യവിഷയമല്ലാത്ത കാര്യങ്ങൾ സംസാരിക്കുകയും ചെയ്യുക, അധ്യാപകരെയോ സഹപ്രവർത്തകരെയോ പരിഹസിക്കുക, മൈക്രോ ഫോണോ കാമറയോ ദുരുപയോഗം ചെയ്യുകയും അനുമതിയില്ലാതെ ചാറ്റ് ചെയ്യുകയും ചെയ്യുക തുടങ്ങിയവയാണ് വിദൂരവിദ്യാഭ്യാസം നേടുന്ന വിദ്യാർഥികളുടെ ചെറിയ ലംഘനങ്ങളിൽപെടുന്നത്. - ഇടത്തരം ലംഘനങ്ങൾ
അവധിക്കു ശേഷം സ്കൂളിൽ വരാതിരിക്കുക, കാമ്പസിനുള്ളിൽ പുകവലിക്കുക, ഭിത്തികളിലോ ബസിലോ ഉപകരണങ്ങളിലോ എഴുതുക, പെരുമാറ്റച്ചട്ടം പാലിക്കാതിരിക്കുക, സഹപാഠികളോടു മോശമായി സംസാരിക്കുക, അംഗവിക്ഷേപം നടത്തുക, സമൂഹമാധ്യമങ്ങളിലൂടെയോ മറ്റോ ജീവനക്കാരെ അവഹേളിക്കുക, സ്കൂൾ സമയത്ത് ക്ലാസിൽ കയറാതെ നടക്കുക തുടങ്ങിയവയാണ് ഇടത്തരം ലംഘനങ്ങൾ. - ഗുരുതര ലംഘനങ്ങൾ
ക്ലാസിലെത്തുന്നവർ: സ്കൂൾ ഉപകരണങ്ങളോ ബസുകളോ നശിപ്പിക്കുക, വാരാന്ത്യങ്ങൾ, ദീർഘാവധി, ഇടവേളകൾ എന്നിവകൾക്കു ശേഷം കാരണമില്ലാതെ ക്ലാസിൽ ഹാജരാവാതിരിക്കുക,സ്കൂളിലോ ക്ലാസ് സമയത്തോ ഫോൺ കൊണ്ടുവരുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുക, മോഷണം നടത്തുകയോ അത് മൂടിവെക്കുകയോ ചെയ്യുക, ലൈംഗിക അതിക്രമം, മതങ്ങളെ അവഹേളിക്കൽ, ഫോട്ടോകൾ പകർത്തുക, അതു കൈവശം വെക്കുക, അനുമതിയില്ലാതെ സ്കൂൾ ജീവനക്കാരുടെയും വിദ്യാർഥികളുടെയും ഫോട്ടോകൾ അവർക്കെതിരാവുന്ന രീതിയിൽ പ്രചരിപ്പിക്കുക തുടങ്ങിയവയാണ് ഗുരുതര ലംഘനം.
ഒാൺലൈൻ ക്ലാസിലിരിക്കുന്നവർ : മതിയായ കാരണമില്ലാതെ ഒരു ദിവസത്തെ ക്ലാസിൽ മുഴുവനായി പങ്കെടുക്കാതിരിക്കുക, ക്ലാസിൽ പങ്കെടുക്കാതിരിക്കാൻ മറ്റു വിദ്യാർഥികളെ പ്രേരിപ്പിക്കുക, ഓൺലൈൻ ക്ലാസ് സമയത്ത് മറ്റു കുട്ടികളുമായി ഒച്ചത്തിലോ ചാറ്റ് ചെയ്തോ വഴക്കിടുക, വിദ്യാഭ്യാസ ആവശ്യത്തിനായല്ലാതെ മറ്റു വിദ്യാർഥികളുമായി ഓഡിയോ, വിഡിയോ ആശയവിനിമയം നടത്തുക തുടങ്ങിയവയാണ് ഗുരുതര ലംഘനങ്ങൾ.
അതീവ ഗുരുതര ലംഘനങ്ങൾ
ക്ലാസിലെത്തുന്നവർ: വിദ്യാർഥിയുടെ അപരൻ ചമയുക, ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിക്കുക, മൂർച്ചയേറിയതോ അപകടകരമായതോ ആയ ഉപകരണങ്ങൾ സ്കൂളിൽ കൊണ്ടുവരിക, കാമ്പസിനുള്ളിൽ തീപിടിത്തത്തിന് കാരണമുണ്ടാക്കുക, പരീക്ഷ പേപ്പറുകൾ ചോർത്തുകയോ അതിെൻറ ഭാഗമാവുകയോ ചെയ്യുക, മയക്കുമരുന്ന് ഉപയോഗിക്കുകയോ അതിനെ പ്രോത്സാഹിപ്പിക്കുയോ ചെയ്യുക, ലൈംഗിക അതിക്രമം തുടങ്ങിയവയാണ് അതീവ ഗുരുതര ലംഘനങ്ങൾ.
ഒാൺലൈൻ ക്ലാസിലിരിക്കുന്നവർ: വ്യക്തി വിവരങ്ങൾ വെളിപ്പെടുത്താൻ ഇ-മെയിൽ അല്ലെങ്കിൽ സമൂഹമാധ്യമം ഉപയോഗപ്പെടുത്തുക, പഠനപ്രവർത്തനങ്ങൾ തടസ്സം വരുത്തുന്ന രീതിയിൽ അധ്യാപകരെയോ വിദ്യാർഥികളെയോ പഠനഗ്രൂപ്പിൽനിന്ന് നീക്കുക, അശ്ലീലത, വംശീയത അല്ലെങ്കിൽ മറ്റുള്ളവർക്ക് അപമാനകരമായേക്കാവുന്ന പദങ്ങൾ പ്രയോഗിക്കുക, വെർച്വൽ ക്ലാസുകൾക്കിടെ ഔദ്യോഗിക സന്ദർശകരെ അവഹേളിക്കുക തുടങ്ങിയവയാണ് അതീവ ഗുരുതര ലംഘനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.