അബൂദബി യാസ് ഐലന്‍റിൽ ഡ്രൈവറില്ലാ ടാക്സി സർവിസ്
അബൂദബി: സുസ്ഥിര ഗതാഗത സംവിധാനങ്ങൾ എമിറേറ്റിലുടനീളും നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി യാസ് ഐലന്‍റിലേക്ക് ഡ്രൈവറില്ലാ ടാക്സി സേവനം വ്യാപിപ്പിച്ച് അബൂദബി സംയോജിത ഗതാഗത കേന്ദ്രം. സ്മാർട്ട് ആൻഡ് ഓട്ടോണമസ് സിസ്റ്റം കൗൺസിലിന്‍റെ മേൽനോട്ടത്തിൽ ലെവൽ 4 ഡ്രൈവറില്ലാ ടാക്സികളുടെ സേവനമാണ് ആരംഭിച്ചത്. സ്വയം നിയന്ത്രണ ഗതാഗതം സാധ്യമാക്കുന്ന പ്രാദേശിക ഓപ്പറേറായ ഓട്ടോഗോ, അന്താരാഷ്ട്ര കമ്പനിയായ ബൈഡുവിന്‍റെ അനുബന്ധ സ്ഥാപനമായ അപ്പോളോ ഗോ എന്നിവരുമായി സഹകരിച്ചാണ് പദ്ധതി വ്യാപിപ്പിച്ചത്. എമിറേറ്റിലുടനീളം സുസ്ഥിര ഗതാഗത സംവിധാനങ്ങൾ നടപ്പിലാക്കുകയെന്ന നയത്തിന്‍റെ ഭാഗമായാണ് പുതിയ വിപുലീകരണമെന്ന് അബൂദബി മുനിസിപ്പാലിറ്റീസ് ഡിപാർട്ട്മെന്റ് അറിയിച്ചു.
അടുത്ത ഘട്ടം അൽ റീം ഐലന്‍റ്, അൽ മറിയ ഐലന്‍റ്, അൽ സാദിയാത്ത് ഐലന്‍റ് എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതിയെന്നും അധികൃതർ അറിയിച്ചു. ഓട്ടോഗോയുടെ മൊബൈൽ ആപ്പ് വഴി യാത്രക്കാർക്ക് യാത്ര ബുക്ക് ചെയ്യാം. ആൻഡ്രോയിഡിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ഓട്ടോഗോ ലഭ്യമാണ്. സുരക്ഷ പൂർണമായും ഉറപ്പുവരുത്തിയായിരുന്നു പരീക്ഷണം. പ്രമുഖ യു.എസ് കമ്പനിയായ ടെസ്ല ഇക്കഴിഞ്ഞ ഫെബ്രുവരി 26 മുതൽ സ്വയം നിയന്ത്രണ വാഹനങ്ങളുടെ പരീക്ഷണ ഓട്ടത്തിന് അബൂദബിയിൽ തുടക്കമിട്ടിരുന്നു. ആദ്യ ഘട്ടത്തിൽ ഡ്രൈവറെ ഉൾപ്പെടുത്തിയുള്ള പരീക്ഷണ ഓട്ടമാണ് അവർ സംഘടിപ്പിച്ചത്. സുരക്ഷയും പ്രവർത്തന സന്നദ്ധതയും ഉറപ്പുവരുത്തുന്നതിനായി രൂപകൽപന ചെയ്ത പദ്ധതിയിലൂടെയാണ് ഇത് നടപ്പിലാക്കിയത്.
യു.എ.ഇ കാബിനറ്റിന്‍റെ ജനറൽ സെക്രട്ടേറിയറ്റിലെ ലജിസ്ലേഷൻ ലാബുമായി ഏകോപിപ്പിച്ചാണ് പരീക്ഷണം നടത്തുന്നത്. അബൂദബിയുടെ സ്മാര്‍ട്ട്, സുസ്ഥിര മൊബിലിറ്റി മേഖയെ നിയന്ത്രിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സംയോജിത ഗതാഗത കേന്ദ്രത്തിന്റെ ശ്രമങ്ങളിലെ നിര്‍ണായക ചുവടുവെപ്പാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.