സംഘർഷം; ഇതുവരെ മരിച്ചത്​ അഞ്ച് ഇന്ത്യക്കാർ

ന്യൂഡൽഹി/ദുബൈ: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ അഞ്ച് ഇന്ത്യൻ പൗരന്മാർ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഒമാൻ, ഇറാഖ്, യു.എ.ഇ എന്നീ രാജ്യങ്ങളിലെ ഇന്ത്യൻ മിഷനുകൾ 24 മണിക്കൂറും കർമനിരതമായി സഹായനടപടികൾ ഏകോപിപ്പിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഗൾഫ് വിഭാഗം അഡീഷനൽ സെക്രട്ടറി അസീം മഹാജൻ വ്യക്തമാക്കി.

കാണാതായ ഇന്ത്യൻ പൗരനെ കണ്ടെത്തുന്നതിനും മരണപ്പെട്ടവരുടെ ഭൗതിക ശരീരം ആവശ്യമായ നടപടികൾ പൂർത്തിയാക്കിയ ശേഷം വേഗത്തിൽ ഇന്ത്യയിലെത്തിക്കുന്നതിനുമായി ബന്ധപ്പെട്ട രാജ്യങ്ങളിലെ അധികൃതരുമായി ഇന്ത്യൻ എംബസികൾ ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒമാനിലെ സുഹാറിൽ വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ പൗരന്മാർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പരിക്കേറ്റവർക്കും അവരുടെ കുടുംബങ്ങൾക്കും ആവശ്യമായ സഹായം നൽകുന്നതിനായി ഇന്ത്യൻ എംബസി രംഗത്തുണ്ടെന്നും ഒമാനി അധികൃതരുമായും ആശുപത്രികളുമായും മരണപ്പെട്ടവരുടെ കമ്പനികളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ച ഒമാനിലെ ഖസബ് തീരത്തുനിന്ന് അഞ്ചുനോട്ടിക്കൽ മൈൽ അകലെ പാലാവു പതാകയുമായി സഞ്ചരിച്ച സ്കൈ ലൈറ്റ് എന്ന എണ്ണ കപ്പലിന് നേരെയും തിങ്കളാഴ്ച മസ്കത്ത് തീരത്തുനിന്ന് ഏകദേശം 52 നോട്ടിക്കൽ മൈൽ അകലെ മാർഷൽ ഐലൻഡ് പതാക വഹിച്ചിരുന്ന എം.കെ.ഡി വയോം എന്ന എണ്ണക്കപ്പലിന് നേരെയും ആക്രമണം നടന്നിരുന്നു.

ഈ രണ്ട് ആക്രമണങ്ങളിലുമായി മൂന്ന് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടിരുന്നു. ഖസബിൽ നടന്ന ആക്രമണത്തിൽ കപ്പലിൽ നിന്ന് കടലിൽ വീണ് കാണാതായ ഇന്ത്യൻ പൗരനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാൾക്കായി ഒമാൻ, യു.എ.ഇ, ഇറാഖ് അധികൃതരുമായി തെരച്ചിൽ തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു.

മേഖലയിൽ സേവനമനുഷ്ഠിക്കുന്ന നാവികർക്കും മറ്റു ഇന്ത്യൻ പൗരന്മാർക്കും ആവശ്യമായ എല്ലാ സഹായവും നൽകുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബഹ്റൈൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾ ഇല്ലാത്ത സാഹചര്യത്തിൽ, സൗദി അറേബ്യ വഴി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിനായി ഇന്ത്യൻ പൗരന്മാർക്ക് ട്രാൻസിറ്റ് വിസയും വിസാ കാലാവധി നീട്ടലും ഉൾപ്പെടെ സഹായങ്ങൾ നൽകുന്നുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഇതിനിടെ, ‘സേഫ് സീ വിഷ്ണു’ എന്ന കപ്പലുമായി ബന്ധപ്പെട്ട സംഭവത്തിൽ സുരക്ഷിതമായി ഒഴിപ്പിച്ച 15 ഇന്ത്യൻ നാവികർ ഇപ്പോൾ ഇറാഖിലെ ബസ്റയിലെ ഒരു ഹോട്ടലിൽ താമസിക്കുന്നതായി അധികൃതർ അറിയിച്ചു. ഇവരെ വേഗത്തിൽ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - Clashes: Five Indians killed so far

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-15 01:58 GMT