ദുബൈ പൊലീസ്​ അറസ്റ്റു ചെയ്തവർ

പ്രതിരോധ പ്രവർത്തനങ്ങളുടെ ചിത്രീകരണം; 55 പേർ അറസ്റ്റിൽ

അബൂദബി: മേഖലയിൽ തുടരുന്ന സംഘർഷ സാഹചര്യത്തിൽ പ്രതിരോധ മന്ത്രാലയം നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളുടെയും സംഭവ സ്ഥലങ്ങളുടെയും വീഡിയോ ചിത്രീകരിക്കുകയും കൃത്യമല്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായി വിവരങ്ങൾ ചേർത്ത്​ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ 55 പേർ​ അറസ്റ്റിലായി. അബൂദബിയിൽ 45 പേരും ദുബൈയിൽ 10 പേരുമാണ്​ അറസ്റ്റിലായത്​.

അബൂദബിയിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ്​ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റും ദുബൈയിൽ അറ്റോണി ജനറലിന്‍റെ നിർദേശ പ്രകാരം ദുബൈ ​പൊലീസുമാണ്​​ പ്രതികളെ പിടികൂടിയത്​. സമൂഹ മാധ്യമങ്ങളിൽ ഇവർ പങ്കുവെച്ച വീഡിയോ ദൃശ്യങ്ങൾ പൊതുജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നതിനും സമൂഹത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതിനും ഇടയാക്കിയതായി പൊലീസ്​ വ്യക്​തമാക്കി. അറസ്റ്റിലായവർക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ചതായും പൊലീസ്​ വൃത്തങ്ങൾ അറിയിച്ചു.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ സമൂഹ മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നത്​ യു.എ.ഇയിൽ കടുത്ത നിയമലംഘനമാണ്​. സ്ഥിരീകരിക്കാത്ത ഇത്തരം ഉള്ളടക്കങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിൽ നിന്ന്​ ജനങ്ങൾ വിട്ടുനിൽക്കുന്നതിനൊപ്പം വിവരങ്ങളുടെ സ്രോതസുകൾ പരിശോധിക്കേണ്ടതിന്‍റെ പ്രാധാന്യവും അധികൃതർ ചൂണ്ടിക്കാട്ടി.

വിശ്വസനീയമല്ലാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നത്​ സമൂഹ സുരക്ഷയേയും ബന്ധപ്പെട്ട ​അതോറിറ്റികൾ നടത്തിവരുന്ന പ്രതിരോധ നീക്കങ്ങളേയും മോശമായി ബാധിക്കും. ജനങ്ങൾ ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കണം.

ജന സുരക്ഷക്കായി സംഭവസ്ഥലങ്ങളുടെ ഫോട്ടോ എടുക്കുന്നതോ ചിത്രങ്ങൾ പങ്കിടുന്നതോ ഒഴിവാക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. സമൂഹ മാധ്യമങ്ങളിൽ വരുന്ന ഉള്ളടക്കങ്ങൾ വിവിധ അതോറിറ്റികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും നിയമലംഘകർക്കെതിരെ ശക്​തമായ നടപടി സ്വീകരിക്കുകയും ചെയ്യും.

രാജ്യ സുരക്ഷയും സ്ഥിരതയും നിലനിർത്തുകയെന്നത്​ എല്ലാവരുടേയും ഉത്തരവാദിത്തമാണെന്നും അധികൃതർ വിശദീകരിച്ചു. തെറ്റായ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്​ ചുരുങ്ങിയത്​ ഒരു വർഷത്തെ തടവു ശിക്ഷയും ലക്ഷം ദിർഹം പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണെന്ന്​ അറ്റോണി ജനറൽ ഡോ. ഹമദ്​ സെയ്​ഫ്​ അൽ ശംസി പറഞ്ഞു.

Tags:    
News Summary - Filming of resistance activities; 55 people arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-15 01:58 GMT