ഭീതിയുടെ കരവലയം; രക്ഷകനെ തേടി യുക്രെയ്​നില്‍ നിന്ന് മലയാളി വിദ്യാര്‍ഥികള്‍ VIDEO

റാസല്‍ഖൈമ: ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ യുക്രെയ്​നിലെ യുദ്ധമുഖത്ത് നിന്ന് ആശ്വാസ തീരമണഞ്ഞ വാര്‍ത്തകള്‍ എത്തുമ്പോഴും രക്ഷപ്പെടുത്തണമെന്ന് അഭ്യര്‍ഥിച്ച് മലയാളി വിദ്യാര്‍ഥികളുടെ ടെലിഫോണ്‍-വീഡിയോ സന്ദേശങ്ങള്‍ 'ഗള്‍ഫ് മാധ്യമ'ത്തിന്. ഏത് സമയവും പുറം ലോകവുമായുള്ള ബന്ധം വിഛേദിക്കപ്പെടുമെന്ന ഭീതിയിലാണ് തങ്ങളെന്ന് റഷ്യയില്‍ നിന്ന് 40 കിലോ മീറ്റര്‍ അകലെ യുക്രെയ്​നിലെ സുമി സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍. നാല് ദിവസമായി സഹായം തേടി തങ്ങള്‍ ഓഡിയോ-വീഡിയോ സന്ദേശങ്ങള്‍ അയക്കുന്നു. ആരുടെ ഭാഗത്തു നിന്നും ക്രിയാത്മകമായ നടപടിയില്ലാത്തത് നിരാശപ്പെടുത്തുന്നു.

സമീപത്തെ കച്ചവട സ്ഥാപനങ്ങളെല്ലാം റഷ്യന്‍ സൈന്യത്തിന്‍റെ അധീനതയിലായ പ്രതീതിയാണ്. തദ്ദേശീയരുടെ കൈകളിലും ആയുധങ്ങളുണ്ട്. റഷ്യന്‍ - യുക്രെയ്​ന്‍ സൈന്യങ്ങളില്‍ ആരെ വിശ്വസിക്കണമെന്നറിയില്ല. ജീവിതം വഴിമുട്ടി നില്‍ക്കുന്ന തദ്ദേശീയര്‍ വിദേശികളായ തങ്ങളെ കൊള്ളയടിക്കുമെന്ന ഭീതിയുമുണ്ട്. ചെകുത്താനും കടലിനും നടുക്കായ ഭീതിത അവസ്ഥയില്‍ ഇന്ത്യന്‍ സര്‍ക്കാറിന്‍റെ നടപടികളില്‍ മാത്രമാണ് പ്രതീക്ഷയെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. കൂടുതല്‍ സമയവും ബങ്കറിലാണ് കഴിയുന്നത്. സ്ഫോടന ശബ്ദങ്ങളില്‍ മുഖരിതമാണ് പ്രദേശം. ഈ നിമിഷവും കുടുംബവും പുറം ലോകവുമായി ബന്ധപ്പെടാന്‍ കഴിയുന്നുണ്ട്. അടുത്ത നിമിഷത്തില്‍ എന്താണ് സംഭവിക്കുകയെന്നത് നിശ്ചയമില്ലെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കുന്നു.

യുദ്ധത്തിന്‍റെ ആദ്യ ഘട്ടത്തില്‍ സുരക്ഷിതമാണെന്ന സന്ദേശമാണ് യുക്രെയ്​ന്‍ സുമി സ്റ്റേറ്റിലുള്ള മകള്‍ ഫിദ ഫാത്തിമയില്‍ നിന്ന് തങ്ങള്‍ക്ക് ലഭിച്ചതെന്ന് റാസല്‍ഖൈമയിലുള്ള കൊടുങ്ങല്ലൂര്‍ എസ്.എന്‍ പുരം അഞ്ചങ്ങാടി ഇല്ലിച്ചോട് വെള്ളക്കാട്ടുപടിക്കല്‍ അബ്ദുല്‍ നാസര്‍ 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു. മകളും കൂടെയുള്ള വിദ്യാര്‍ഥികളും നാട്ടിലേക്ക് മടങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. ഒരു ഘട്ടത്തില്‍ യുക്രെയ്​നെതിരായ നടപടികളില്‍ നിന്ന് റഷ്യ പിന്മാറുന്നുവെന്ന വാര്‍ത്തകളത്തെുടര്‍ന്ന് മാര്‍ച്ച് ആദ്യവാരത്തിലേക്ക് ഇവരുടെ യാത്ര മാറ്റിയതാണ് വിഷമസ്ഥിതിയിലത്തെിച്ചത്. റെയില്‍-റോഡ് മാര്‍ഗവുമെല്ലാം യാത്ര തടസപ്പെട്ടിരിക്കുകയാണ്.

ആയിരം കിലോ മീറ്റര്‍ ദൂരം സഞ്ചരിച്ചാലാണ് സുമിയില്‍ നിന്ന് പോളണ്ടിലത്തൊനാവുകയെന്നുമാണ് മകള്‍ പറയുന്നത്. ഈ ദുര്‍ഘടാവസ്ഥയില്‍ റഷ്യന്‍-യുക്രെയ്​ന്‍ നേതാക്കളുമായി ഇന്ത്യന്‍ സര്‍ക്കാറിന്‍റെ നേരിട്ടുള്ള ഇടപെടലുകള്‍ മാത്രമേ തന്‍റെ മകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ രക്ഷക്ക് വഴി കാണുന്നുള്ളുവെന്നും നാസര്‍ പറയുന്നു. അനഘ കണ്ണൂര്‍, ക്രിസ്റ്റീന ചാലക്കുടി, സോണ ആലപ്പുഴ, സഫ പറവൂര്‍, ആദിത്യ എറണാകുളം തുടങ്ങിയവരാണ് ഫിദ ഫാത്തിമക്കൊപ്പമുള്ള വിദ്യാര്‍ഥികളില്‍ ചിലര്‍.

Tags:    
News Summary - Russia Ukraine Crisis malayali students trapped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.