ദുബൈ: നഗരത്തിലെ ടാക്സി ഡ്രൈവർമാർക്ക് പരിസ്ഥിതി സൗഹൃദ യൂനിഫോമുമായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ഡ്രൈവർമാരുടെ ക്ഷേമം ഉറപ്പാക്കുന്നതിന്റെയും പരിസ്ഥിതി സൗഹൃദ നയങ്ങളുടെയും ഭാഗമായാണ് ഡ്രൈവർമാർക്ക് പുതിയ സുസ്ഥിര യൂനിഫോമുകൾ പുറത്തിറക്കുന്നത്.
നേരത്തേതിൽനിന്ന് വ്യത്യസ്തമായി രൂപകൽപന ചെയ്ത യൂനിഫോമുകൾ ഉയർന്ന നിലവാരമുള്ളതും പരിസ്ഥിതി സൗഹൃദവുമായ തുണിത്തരങ്ങൾ ഉപയോഗിച്ചാണ് നിർമിക്കുന്നത്. ഡ്രൈവർമാർക്ക് വളരെ സൗകര്യപ്രദമായ രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്ന യൂനിഫോം, ഭാരം കുറഞ്ഞതും ദീർഘനേരത്തെ ജോലിയിൽ ഉപയോഗിക്കാൻ സുഖകരവുമാണ്.
ദിവസം മുഴുവൻ വൃത്തിയുള്ളതും പ്രഫഷനലുമായ രൂപം നിലനിർത്താൻ സഹായിക്കുന്ന രീതിയിലുള്ളതുമാണ്. ചുളിവുകൾ വീഴാതെയും കറ പുരളാതെയും സൂക്ഷിക്കാൻ എളുപ്പമാണെന്നതും ഇതിന്റെ പ്രത്യേകതയാണ്.
ഡ്രൈവർമാരുടെ ആരോഗ്യത്തിന് ഗുണകരമായതും ശുചിത്വം നിലനിർത്തുന്നതുമാണ് പുതിയ യൂനിഫോമുകളെന്നും ഇതിലൂടെ യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുമെന്നും ആർ.ടി.എ വ്യക്തമാക്കി.
ഭാവിയിലേക്ക് സുസ്ഥിരവും സ്മാർട്ടുമായ സംവിധാനങ്ങൾ വികസിപ്പിച്ചുകൊണ്ട് സുഖകരവും കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമായ അന്തരീക്ഷം രൂപപ്പെടുത്തുന്നതിനുള്ള ദുബൈയുടെ കാഴ്ചപ്പാട് പ്രതിഫലിപ്പിക്കുന്നതുമാണ് നടപടി.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യ ആറുമാസത്തിൽ ദുബൈയിലെ ടാക്സി മേഖല ഏഴ് ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ഏതാനും വർഷങ്ങളിലായി അതിവേഗത്തിൽ തുടരുന്ന വളർച്ചയാണ് ഈ വർഷം ആദ്യ ആറുമാസത്തിൽ ശക്തമായത്. 2025 ജനുവരി മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ ടാക്സികൾ ആകെ 5.95 കോടി യാത്രകൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേകാലയളവിൽ 5.57 കോടിയായിരുന്നു യാത്രകളുടെ എണ്ണം.
യാത്രകളുടെ എണ്ണത്തോടൊപ്പം യാത്രക്കാരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ആറു മാസം ആകെ യാത്ര ചെയ്തവരുടെ എണ്ണം 10.35 കോടി പേരാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 9.7 കോടിയായിരുന്നു യാത്രക്കാരുടെ എണ്ണം.
ആഗോളതലത്തിൽ നിക്ഷേപത്തിനും വിനോദസഞ്ചാരത്തിനുമുള്ള പ്രധാന കേന്ദ്രമെന്ന നിലയിലെ വളർച്ചയാണ് ടാക്സി മേഖലക്കും ഗുണം ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.