ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷ (ഐ.എ.സ്) ന്‍റെ സമയോചിത ഇടപെടലിൽ ആത്മഹത്യയിൽ നിന്ന് ജീവിതം തിരിച്ചുപിടിച്ച് മലയാളി യുവതി. ‘റൈസ്’ എന്ന പേരിൽ ഐ.എ.എസ് അടുത്തിടെ അവതരിപ്പിച്ച കുടുംബ തർക്ക പരിഹാര സമിതിയുടെ ഇടപെടലാണ് അധ്യാപികകൂടിയായ യുവതിക്ക് തുണയായത്.
ജീവിതം അവസാനിപ്പിക്കുകയാണെന്ന് കാണിച്ച് യുവതി ഷാർജ പൊലീസിന് ഇമെയിൽ സന്ദേശം അയക്കുകയായിരുന്നു. മലയാളി യുവതിയായ അതുല്യ ആത്മഹത്യ ചെയ്ത് ദിവസങ്ങൾ പിന്നിടും മുമ്പായിരുന്നു പ്രവാസി വീട്ടമ്മയുടെ ആത്മഹത്യ കുറിപ്പ് ഷാർജ പൊലീസിന് ലഭിക്കുന്നത്. പൊലീസ് കേസ് ഉടൻ ഇന്ത്യൻ അസോസിയേഷന് കൈമാറി.
ധ്രുതഗതിയിൽ ഇടപെട്ട അസോസിയേഷൻ വീട്ടമ്മയെ വിളിച്ചുവരുത്തുകയും സാന്ത്വനിപ്പിക്കുകയുമായിരുന്നുവെന്ന് മുതിർന്ന അംഗവും റൈസിന്‍റെ സ്ഥാപകരിൽ ഒരാളുമായ കെ.എസ് യൂസുഫ് സഗീർ പറഞ്ഞു. ഭർത്താവ് വിവാഹമോചനത്തിന് നിർബന്ധിച്ചതോടെ പൂർണമായും വിഷാദത്തിലായിരുന്നു വീട്ടമ്മ. ഇത് മൂലം അവർ മാനസികമായി ഒറ്റപ്പെട്ടു. 22കാരനായ ഏക മകൻ നാട്ടിലാണ്. മകന് വിലകൂടിയ സമ്മാനങ്ങൾ നൽകാറുള്ള പിതാവ് മകനെ മാതാവിൽ നിന്നും അകറ്റി.
ഏക മകൻ താനുമായുള്ള ബന്ധം അവസാനിപ്പിച്ചതും വീട്ടമ്മയെ മാനസികമായി തളർത്തി. കാഴ്ചപരിമിതിയുള്ളയാളാണ് യുവതിയുടെ മാതാവ്. പിതാവ് അർബുദ രോഗിയുമാണ്. മറ്റൊരു ആശ്രയവും ഇല്ലെന്ന് തിരിച്ചറിവിലാണ് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. യുവതിയുടെ ദൈന്യത തിരിച്ചറിഞ്ഞ റൈസ് കൗൺസിലർമാർ ഭർത്താവുമായും ഏറെ നേരം സംസാരിച്ചിരുന്നു.
മകനുമായി ബന്ധപ്പെട്ട് വിഷയം പരിഹരിക്കാമെന്നും അതിന് മൂന്നു മാസത്തെ സമയം വേണമെന്നും അതിനിടയിൽ കടുത്ത തീരുമാനങ്ങൾ എടുക്കരുതെന്നും കൗൺസിലർമാർ യുവതിയോട് അഭ്യർഥിച്ചു. ഇതറിഞ്ഞ യുവതി ഏറെ സന്തോഷത്തോടെയാണ് പോയതെന്നും സഗീർ പറഞ്ഞു. മാനസിക പിന്തുണയും സഹാനുഭൂതിയും എങ്ങനെയാണ് ഒരു ജീവൻ രക്ഷപ്പെടുത്തുന്നതെന്നതിനുള്ള കൃത്യമായ ഉദാഹരണമാണിത്. ഒരുപക്ഷെ, വിഷയത്തിൽ ഇടപെട്ടില്ലെങ്കിൽ വീട്ടമ്മയെ നമുക്ക് നഷ്ടപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മാനസിക പ്രയാസം അനുഭവിക്കുന്നവർക്ക് ഐ.എ.എസ് ഓഫിസിലേക്ക് 06-5610845 വിളിക്കാം. കൂടാതെ communitysupport@iassharjah.com എന്ന ഇമെയിൽ വിലാസത്തിലും ബന്ധപ്പെടാം. എല്ലാ ശനിയാഴ്ചയും രാവിലെ 10 മുതൽ 12 വരെയാണ് റൈസിന്‍റെ കൗൺസിലിങ് സെഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.