ഹുസൈൻ അൽ മഹമൂദിയും അലിഷ മൂപ്പനും കരാറിൽ ഒപ്പുവെക്കുന്നു. ശൈഖ ബുദൂർ അൽ ഖാസിമി, ഡോ. മാലതി അർഷനാപാലെ എന്നിവർ സമീപം
ഷാർജ: ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ മുൻനിര ഗവേഷണ, നവീകരണ സ്ഥാപനങ്ങളിലൊന്നായ ഷാർജ റിസർച്ച് ടെക്നോളജി ആൻഡ് ഇന്നൊവേഷൻ പാർക്കുമായി (സ്പാർക്ക്) മാസ്റ്റർ റിസർച്ച് സഹകരണ കരാറിൽ ഒപ്പുവെച്ചു.
ഷാർജ നെക്സ്റ്റ് ഹെൽത്ത് കെയർ ഫോറത്തിന്റെ ഭാഗമായി സ്പാർക്ക് സി.ഇ.ഒ ഹുസൈൻ അൽ മഹമൂദിയും ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടറും ഗ്രൂപ് സി.ഇ.ഒയുമായ അലിഷ മൂപ്പനും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്. സ്പാർക്ക് പ്രസിഡന്റും ചെയർപേഴ്സനുമായ ശൈഖ ബുദൂർ അൽ ഖാസിമിയും ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ചീഫ് മെഡിക്കൽ ആൻഡ് ക്വാളിറ്റി ഓഫിസർ ഡോ. മാലതി അർഷനാപാലെയും ചടങ്ങിൽ സന്നിഹിതരായിരുന്നു. ആരോഗ്യസംരക്ഷണത്തിൽ അത്യാധുനിക ഗവേഷണവും നവീകരണവും ശക്തമാക്കുകയാണ് കരാറിന്റെ ലക്ഷ്യം.
ആരോഗ്യ സംരക്ഷണ സാങ്കേതികവിദ്യ, ക്ലിനിക്കൽ ഇന്നൊവേഷൻ, മേഖലയിലെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന സുസ്ഥിര പരിഹാരങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംയുക്ത ഗവേഷണ സംരംഭങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സുപ്രധാന നാഴികക്കല്ലാണ് ഈ സഹകരണം. മെഡിക്കൽ സാങ്കേതികവിദ്യ വികസനം, ബയോ-ഇന്നൊവേഷൻ, രോഗനിർണയത്തിലെ നിർമിത ബുദ്ധി, നൂതന ഡേറ്റ നയിക്കുന്ന ആരോഗ്യ പരിരക്ഷ പരിഹാരങ്ങൾ തുടങ്ങിയ മേഖലകളിൽ സംയുക്ത ഗവേഷണ പദ്ധതികൾ നടത്താൻ ആസ്റ്ററും സ്പാർക്കും ഒരുമിച്ച് പ്രവർത്തിക്കും. അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങൾ, വ്യവസായം, ക്ലിനിക്കൽ പ്രാക്ടീസ് എന്നിവയെ ബന്ധിപ്പിക്കുന്ന ഒരു നവീകരണ ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കാനും ഗവേഷണത്തെ യഥാർഥ ലോകത്തിനാവശ്യമായ നിലയിൽ പരിവർത്തിപ്പിക്കാനും ഈ പങ്കാളിത്തം ലക്ഷ്യമിടുന്നു.
സഹകരണ ഗവേഷണത്തിലൂടെയും അറിവ് പങ്കിടുന്നതിലൂടെയും ആരോഗ്യ സംരക്ഷണ മേഖലയുടെ നവീകരണത്തെ മുന്നിൽനിന്ന് നയിക്കാനുള്ള ആസ്റ്ററിന്റെ പ്രതിബദ്ധതയെ ഈ പങ്കാളിത്തം ശക്തിപ്പെടുത്തുമെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടറും ഗ്രൂപ് സി.ഇ.ഒയും സ്പാർക്ക് ബോർഡ് അംഗവുമായ അലീഷ മൂപ്പൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.