ഷാര്‍ജ ഭരണാധിപന്‍ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയും റാസല്‍ഖൈമ ഭരണാധിപന്‍ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി, റാക് കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സഊദ് തുടങ്ങിയവര്‍ ഷാര്‍ജ ഡോ. സുല്‍ത്താന്‍ അല്‍ ഖാസിമി സെന്‍ററില്‍
ഷാര്‍ജ: യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിക്ക് ഷാര്‍ജയില്‍ സ്വീകരണം. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധിപനുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ശൈഖ് സഊദിനെയും റാക് കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സഊദിനെയും ഡോ. സുല്‍ത്താന്‍ അല്‍ ഖാസിമി സെന്‍ററില്‍ സ്വീകരിച്ചു. കുടുംബവും സമൂഹവും ഉള്‍ക്കൊള്ളുന്ന വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. സമൂഹത്തെ ആരോഗ്യകരമായി നയിക്കുകയും ജനങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുകയും ചെയ്യുന്നതിലാണ് മുന്‍ഗണന. രാജ്യത്തിന്‍റെ വികസന പദ്ധതികളില്‍ കുടുംബത്തെ പിന്തുണക്കുന്നത് ഭാവിയിലേക്കുള്ള അടിസ്ഥാനമാണെന്നും അവര്‍ വ്യക്തമാക്കി.
ഡോ. സുല്‍ത്താന്‍ അല്‍ ഖാസിമി സെന്‍ററിലെ ഹാളുകള്‍ ഇരുവരും സന്ദര്‍ശിച്ചു. ഷാര്‍ജ ഭരണാധിപന്‍റെ അക്കാദമിക്-സാംസ്ക്കാരിക യാത്രയെ രേഖപ്പെടുത്തുന്ന അപൂര്‍വ രേഖകളും കൈയെഴുത്തു പ്രതികളും പ്രശസ്തി ഫലകങ്ങളും ഉള്‍പ്പെടുന്ന ശേഖരങ്ങള്‍ ഇവര്‍ നിരീക്ഷിച്ചു. റാക് പബ്ളിക് സര്‍വീസ് വകുപ്പ് ചെയര്‍മാന്‍ ശൈഖ് അഹമ്മദ് ബിന്‍ സഊദ് അല്‍ ഖാസിമി, ഇന്‍വെസ്റ്റ്മെന്‍റ് ആൻഡ് ഡെവലപ്പ്മെന്‍റ് ഓഫീസ് വൈസ് ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ സഊദ് അല്‍ ഖാസിമി, റൂളേഴ്സ് ഓഫീസ് ചെയര്‍മാന്‍ ശൈഖ് ഡോ. സാലിം ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ ഖാസിമി തുടങ്ങിയവരും വിശിഷ്ട വ്യക്തികളും മുതിര്‍ന്ന ഉദ്യോഗസ്ഥരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.