ദുബൈ: ഓണം കഴിഞ്ഞു തിരിച്ചു വരാമെന്ന് കരുതി അവധിക്കു നാട്ടിൽ പോയ പലരും ഓണം കഴിയാൻ കാത്തു നിൽക്കാതെ തിരികെ ഗൾഫിലേക്ക് വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. സ്കൂൾ അവധിയും ഓണവും ഒന്നിച്ചാഘോഷിക്കാൻ കുടുംബ സമേതം പോയ ഒട്ടനവധി പ്രവാസികൾക്കാണ് അമിതമായ വിമാനക്കൂലി ഇരുട്ടടി ആയിരിക്കുന്നത്.
ഓണാഘോഷത്തിന് നാട്ടിലെത്തി ഗൾഫ് രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകുന്ന മലയാളികളെ ലക്ഷ്യമിട്ടാണ് വിമാനക്കമ്പനികളുടെ കടുംവെട്ട് തുടരുന്നത്. ഓണം കഴിഞ്ഞുള്ള ദിവസങ്ങളിൽ കേരളത്തിൽനിന്ന് ഗൾഫിലേക്ക് നിലവിലുള്ളതിന്‍റെ നാലും അഞ്ചും ഇരട്ടിയാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ടിക്കറ്റ് നിരക്ക് വൻതോതിൽ ഉയർന്നുനിൽക്കുന്നതിനിടയിലാണ് ഓണസീസൺ ചൂഷണം ചെയ്തുകൊണ്ടുള്ള ഈ വിലക്കയറ്റം.
ആഗസ്റ്റ് 20 വരെ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽനിന്ന് അബൂദബിയിലേക്കും ദുബൈയിലേക്കും 30,000 രൂപയിൽ താഴെ നിരക്ക് ഉള്ളപ്പോൾ, ഓണം കഴിഞ്ഞ് ആഗസ്റ്റ് 30-ഓടെ ഇത് 80,000 മുതൽ 1.10 ലക്ഷം രൂപ വരെയായി കുതിച്ചുയർന്നിട്ടുണ്ട്. എന്നാൽ, ഇതേ കാലയളവിൽ ചെന്നൈ, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽനിന്ന് ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്കിൽ വലിയ വർധനവില്ലെന്നതും, കേരളത്തെ അപേക്ഷിച്ച് അവിടെ 40 ശതമാനം വരെ നിരക്ക് കുറവാണെന്നതും മലയാളികളെ ലക്ഷ്യമിട്ടുള്ള കൊള്ളയാണെന്ന് വ്യക്തമാക്കുന്നു. അതേസമയം, ഗൾഫിൽനിന്ന് കേരളത്തിലേക്ക് വരാൻ ഇതേ കാലയളവിൽ 12,000 രൂപ മുതൽ 22,000 രൂപ വരെ മാത്രമാണ് നിരക്കെന്നതും ശ്രദ്ധേയമാണ്. ഗൾഫിലെ അവധിക്കാലവും സ്‌കൂൾ തുറക്കുന്ന സാഹചര്യവും ഓണവും ഒരുമിച്ച് വന്നതാണ് കമ്പനികൾക്ക് കൊള്ളലാക്കാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.