അബൂദബിയിൽ എമർജൻസി വാഹനങ്ങൾക്ക് വഴികൊടുത്തില്ലെങ്കിൽ 3000 ദിർഹം പിഴ; കർശന നടപടിയുമായി സിവിൽ ഡിഫൻസ്

അബൂദബി: അംബുലൻസ്, ഫയർഫോഴ്സ് ഉൾപ്പെടെയുള്ള അടിയന്തര സേവന വാഹനങ്ങൾക്ക് വഴിയൊരുക്കുന്നതിൽ വീഴ്ചവരുത്തുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടിയുമായി അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റി. ഇത്തരം ലംഘനങ്ങൾ നടത്തുന്നവർക്ക് 3000 ദിർഹം പിഴയും ലൈസൻസിൽ ആറ് ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കൂടാതെ വാഹനം 30 ദിവസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യും.

റോഡുകളിൽ അടിയന്തര സാഹചര്യങ്ങളിൽ സേവന വാഹനങ്ങൾ കടന്നുവരുമ്പോൾ ഒട്ടും മടിക്കാതെ ഉടനടി വഴിയൊരുക്കാൻ വാഹനമോടിക്കുന്നവർ തയ്യാറാകണം. ആംബുലൻസുകളോ ഫയർ എഞ്ചിനുകളോ എത്തുന്നത് വൈകുന്നത് അപകടത്തിൽപ്പെട്ടവരുടെ ജീവന് തന്നെ ഭീഷണിയാകും. അതിനാൽ സുരക്ഷിതമായ രീതിയിൽ ഉടൻ തന്നെ വശങ്ങളിലേക്ക് മാറി വഴി നൽകേണ്ടത് ഓരോ ഡ്രൈവറുടെയും സാമൂഹിക ഉത്തരവാദിത്തമാണെന്ന് സിവിൽ ഡിഫൻസ് അതോറിറ്റി വ്യക്തമാക്കി.

റോഡ് സുരക്ഷയും അടിയന്തര സേവനങ്ങളുടെ വേഗതയും ഉറപ്പാക്കുന്നതിനായി 'വൈകരുത്... ഉടൻ വഴിയൊരുക്കൂ' എന്ന പേരിൽ വിപുലമായ ബോധവൽക്കരണ പ്രചാരണത്തിനും അബൂദബിയിൽ തുടക്കമായിട്ടുണ്ട്. അബൂദബി പൊലീസും അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റിയും ചേർന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത്, അബൂദബി മൊബിലിറ്റിയെ പ്രതിനിധീകരിക്കുന്ന ഡിപ്പാർട്ട്‌മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് എന്നിവയുടെ സഹകരണത്തോടെയാണ് കാംപയിൻ സംഘടിപ്പിക്കുന്നത്.

Tags:    
News Summary - fine of Dh3,000 will be imposed for not giving way to emergency vehicles in Abu Dhabi.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.