ദുബൈ: അത്തം പിറന്നതോടെ തിരുവോണത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് ഗൾഫ് മലയാളികൾ. ജന്മനാടിന്‍റെ തനിമ ഒട്ടും ചോർന്നുപോകാതെ മണലാരണ്യത്തിലും പൊന്നോണത്തെ സ്വീകരിക്കാൻ മലയാളി കൂട്ടായ്മകൾ തയ്യാറെടുത്തു കഴിഞ്ഞു. ഞായറാഴ്ച അത്തം പിറന്നതോടെ ആരംഭിച്ച ഗൾഫിലെ ആഘോഷങ്ങൾ തിരുവോണവും കഴിഞ്ഞ് മാസങ്ങൾ നീണ്ടു നിൽക്കുന്ന ആഘോഷ നാളുകളിലേക്കാണ് കടക്കുന്നത്. ഒത്തൊരുമയുടെയും പങ്കുവെക്കലിന്‍റെയും കൂടി ഉത്സവമായ ഓണം, പ്രവാസി മലയാളിക്ക് എന്നും ആവേശവും സന്തോഷവും സമ്മാനിക്കുന്ന ഒന്നാണ്. സാധാരണയായി അത്തം നാൾ മുതൽ പത്താം ദിവസമാണ് തിരുവോണം ആഘോഷിക്കാറുള്ളത്. എന്നാൽ, ഇത്തവണ 11-ാം ദിവസമായ ആഗസ്റ്റ് 26-നാണ് തിരുവോണം.
തിരുവോണം പ്രവൃത്തി ദിവസമായ ബുധനാഴ്ചയാണെന്നതിനാൽ കുടുംബമായി കഴിയുന്ന പലരും അവധി എടുത്തായിരിക്കും ഓണം ആഘോഷിക്കുക. നബിദിനം പ്രമാണിച്ച് ആഗസ്റ്റ് 28 വെള്ളിയാഴ്ച യു.എ.ഇയിൽ പൊതു അവധി ലഭിക്കുന്നത് ആഘോഷങ്ങൾക്ക് വലിയ ആവേശം പകർന്നിട്ടുണ്ട്. മൂന്ന് ദിവസത്തെ അവധി ഒത്ത് വന്നതോടെ പ്രധാന ആഘോഷങ്ങളും മെഗാ പരിപാടികളും വാരാന്ത്യ അവധി ദിനങ്ങളിലേക്കാണ് പ്രവാസി സംഘടനകൾ മാറ്റിയിരിക്കുന്നത്.
വിവിധ മലയാളി അസോസിയേഷനുകളും, ആർട്സ് ക്ലബുകളും, കൂട്ടായ്മകളും വിപുലമായ ഓണാഘോഷ പരിപാടികളാണ് യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലുള്ള വിളംബരങ്ങളും പോസ്റ്ററുകളും ഇതിനോടകം സജീവമായിക്കഴിഞ്ഞു. വലിയ റസ്റ്റന്റുകൾ, ഫാം ഹൗസുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും ആഘോഷങ്ങൾ നടക്കുക. ചില പ്രമുഖ സംഘടനകൾ നാട്ടിൽ നിന്ന് പ്രത്യേക പാചക വിദഗ്ധരെ എത്തിച്ചാണ് ഓണസദ്യ ഒരുക്കുന്നത്. പുലികളി, വള്ളംകളിയുടെ മാതൃകയിലുള്ള ഒത്തുകൂടലുകൾ, പൂക്കളമത്സരങ്ങൾ, തിരുവാതിരക്കളി, മാവേലി എഴുന്നള്ളത്ത്, വടംവലി തുടങ്ങിയ വിവിധ പരിപാടികളോടെ പ്രവാസലോകത്തെ ഓണാഘോഷം വലിയൊരു ജനകീയോത്സവമായി മാറും.
പൊള്ളുന്ന ചൂടാണ് ഗൾഫിൽ ഇപ്പോഴുള്ളതെന്നതിനാൽ പാർക്കുകൾ പോലുള്ള തുറന്ന സ്ഥലങ്ങളിൽ പൊതു ആഘോഷ പരിപാടികൾ ഉണ്ടായിരിക്കില്ല. പകരം വലിയ ഹാളുകളിലും ഹോട്ടലുകളിലും ആഘോഷങ്ങൾ ഒതുക്കും. ചൂടുകുറഞ്ഞ് ഒക്ടോബറോടെ പാർക്കുകൾ സജീവമാകുന്നതോടെ അതുവരെയും ആഘോഷ പരിപാടികൾ തുടരും.
പ്രവാസലോകത്തെ വിപണികളിലും ഇതിനകം തന്നെ ഓണം മൂഡ് സജീവമായിട്ടുണ്ട്. ഓണച്ചന്തം കൂട്ടാൻ പ്രത്യേക ഓഫർ സെയിലുകളും ഹൈപ്പർമാർക്കറ്റുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഓണത്തപ്പൻ, നിലവിളക്കുകൾ, പൂജാസാധനങ്ങൾ, കളിമൺ പാത്രങ്ങൾ എന്നിവക്കൊപ്പം നാട്ടിൽ നിന്നുള്ള ഫ്രഷ് പൂക്കൾക്കായി പ്രവാസികൾ മുൻകൂട്ടി ഓർഡറുകൾ നൽകിയിട്ടുണ്ട്. മധ്യവേനൽ അവധിക്ക് നാട്ടിൽ പോയി തിരികെ ഗൾഫിലെത്തിയ മലയാളികൾ തങ്ങളോടൊപ്പം കരുതിവന്ന നാടൻ അച്ചാറുകളും, കായവറുത്തതും, ശർക്കര ഉപ്പേരിയും ഓണസദ്യക്ക് കൂടുതൽ രുചി പകരാൻ മാറ്റിയിട്ടുണ്ട്.
ഗൾഫിൽ ഓണം ഗംഭീരമാക്കാൻ കൂട്ടായ്മകൾ സജീവമാണ്. ഒമ്പത് മുതൽ മുപ്പതിലധികം വിഭവങ്ങൾ അടങ്ങിയ പരമ്പരാഗത ഓണസദ്യയാണ് പ്രധാന ആകർഷണം. ജോലിത്തിരക്ക് കാരണം സദ്യയൊരുക്കാൻ സമയമില്ലാത്തവർക്കായി വിഭവസമൃദ്ധമായ ഓണസദ്യ മുൻകൂട്ടി ബുക്ക് ചെയ്ത് വീട്ടിലെത്തിക്കുന്ന പ്രമുഖ റെസ്റ്റോറന്‍റുകളും സജീവമായി രംഗത്തുണ്ട്. യാത്രാദുരിതങ്ങളും ഉയർന്ന ചെലവുകളും പ്രവാസികളുടെ മനസ്സിൽ വലിയ നിരാശ ഉണ്ടാക്കുന്നുണ്ടെങ്കിലും, കൂട്ടായ്മകളുടെ കരുത്തിലും പരസ്പരമുള്ള സ്നേഹത്തിലും എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഇത്തവണയും പ്രവാസലോകം പൊന്നോണം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.