ഷാർജ: മേഖലയിൽ സംഘർഷാന്തരീക്ഷം തുടരുകയും ഹുർമുസ് കടലിടുക്കിൽ കപ്പലുകളുടെ സഞ്ചാരം തടസപ്പെടുകയും ചെയ്യുന്നതിനിടെ ഖോർഫക്കാൻ തുറമുഖത്ത് വൻ വിപുലീകരണ പദ്ധതികളുമായി യു.എ.ഇ. ഹുർമുസ് കടന്നുപോകാതെ രാജ്യത്തേക്ക് ചരക്കുകൾ എത്തിക്കാനും തിരിച്ചുകൊണ്ടുപോകാനും സഹായിക്കുന്നതാണ് ഖോർഫക്കാൻ തുറമുഖം.
ഖോർഫക്കാൻ തുറമുഖത്തിന്റെ വാർഷിക കണ്ടെയ്നർ ശേഷി 50 ലക്ഷമാക്കി ഉയർത്തുന്നതിനുള്ള വിപുലീകരണ പദ്ധതികളാണ് പുരോഗമിക്കുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ ശേഷി ഒരു കോടി കണ്ടെയ്നറായി ഉയർത്തുകയാണ് ലക്ഷ്യമെന്ന് ഷാർജ പോർട്സ്, കസ്റ്റംസ് ആൻഡ് ഫ്രീ സോൺസ് അതോറിറ്റി അറിയിച്ചു.
ഒമാൻ ഉൾകടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഖോർഫക്കാൻ തുറമുഖത്തിന് അന്താരാഷ്ട്ര കപ്പൽപാതകളിലേക്ക് നേരിട്ടുള്ള കണക്റ്റിവിറ്റിയുണ്ട്. യു.എ.ഇയിലെ മറ്റു തുറമുഖങ്ങൾ, ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ, അതിർത്തികൾ, റോഡ് ശൃംഖലകൾ, വ്യാപാര ഇടനാഴികൾ എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന വിപുലമായ സംവിധാനത്തിന്റെ പ്രധാന ഭാഗമാണ് തുറമുഖം.
ആഴമേറിയ ജലപാതയുള്ള ബെർത്തുകളും ഉയർന്ന കാര്യക്ഷമതയുള്ള ഷിപ്പ് ടു ഷോർ ക്രെയിനുകളും ഖോർഫക്കാൻ തുറമുഖത്തിന്റെ പ്രധാന സവിശേഷതകളാണ്. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകൾക്ക് പോലും തുറമുഖത്ത് എത്താനും ചരക്ക് കൈകാര്യം ചെയ്യാനും സാധിക്കും. ഷാർജയുടെ കിഴക്കൻ തീരത്തുള്ള ഖോർഫക്കാൻ തുറമുഖം, പടിഞ്ഞാറൻ തീരത്തെ ഖാലിദ് തുറമുഖം, ഹംറിയ തുറമുഖം എന്നിവ ഉൾപ്പെടുന്ന ഷാർജയുടെ വിപുലമായ സമുദ്ര ഗതാഗത ശൃംഖലയുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
ഷാർജയിലെ അൽ സജാ, അൽ ദൈദ് മേഖലകളിലെ ലോജിസ്റ്റിക്സ് കേന്ദ്രങ്ങളും അതിർത്തി ക്രോസിങുകളും റോഡ് ശൃംഖലകളും വ്യാപാര ഇടനാഴികളും ഈ സംവിധാനത്തിന്റെ ഭാഗമാണ്. തുറമുഖങ്ങളിലെത്തുന്ന ചരക്കുകൾ ഉൾപ്രദേശങ്ങളിലേക്കും പ്രാദേശിക വിപണികളിലേക്കും വേഗത്തിൽ എത്തിക്കുന്നതിനും റീ-എക്സ്പോർട്ട് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഈ ശൃംഖല സഹായിക്കും.
ജി.സി.സിയിലെ മറ്റു വിപണികളുമായി ബന്ധിപ്പിക്കുന്ന അതിർത്തി വ്യാപാര-ലോജിസ്റ്റിക്സ് ഇടനാഴികളും ശൃംഖലയുടെ ഭാഗമാണ്. ഇതിലൂടെ പ്രാദേശിക ചരക്ക് നീക്കങ്ങൾക്ക് കൂടുതൽ ഗതാഗത മാർഗങ്ങൾ ലഭ്യമാകും. വ്യാപാര പ്രവാഹം സുഗമമാക്കുക, വിതരണ ശൃംഖലയുടെ പ്രതിരോധശേഷി വർധിപ്പിക്കുക, പ്രാദേശിക-ആഗോള വിപണികളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുക എന്നിവയാണ് സംയോജിത സംവിധാനത്തിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് ഷാർജ പോർട്സ്, കസ്റ്റംസ് ആൻഡ് ഫ്രീ സോൺസ് അതോറിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.