ദുബൈ: റിയൽ എസ്റ്റേറ്റ് സാമ്പത്തിക തട്ടിപ്പ് കേസിൽ മൂന്ന് അറബ് പൗരന്മാർക്ക് കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചു. സംഭവത്തിൽ ഇരയായ ദമ്പതികൾക്ക് ഒമ്പത് ലക്ഷം ദിർഹം എല്ലാവരും ചേർന്ന് തിരികെ നൽകാനും ഉത്തരവിട്ടിട്ടുണ്ട്.
ഒരു പ്രശസ്ത പ്രോപ്പർട്ടി ഡെവലപ്പറുടെ പ്രതിനിധികളായി ചമഞ്ഞ് വില്ല പദ്ധതിയിൽ നിക്ഷേപിക്കാൻ ഇരകളെ പ്രേരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. വ്യാജ കമ്പനി സൃഷ്ടിച്ച് മോർട്ട്ഗേജ് ധനസഹായം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് വഞ്ചിച്ചത്. ദമ്പതികൾ മുൻകൂർ പണമായി എട്ട് ലക്ഷം ദിർഹം കൈമാറിയിരുന്നു. പക്ഷേ പിന്നീടാണ് കമ്പനിയും രേഖകളും വ്യാജമാണെന്ന് കണ്ടെത്തിയത്.
മോർട്ട്ഗേജ്-ഫണ്ടിങ് സേവനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു സോഷ്യൽ മീഡിയ പരസ്യം ഭാര്യയുടെ ശ്രദ്ധയിൽപെടുന്നതോടെയാണ് സംഭവങ്ങൾ ആരംഭിക്കുന്നത്. പിന്നീട് കമ്പനിയുടെ സെയിൽസ് മാനേജർ എന്ന് സ്വയം പരിചയപ്പെടുത്തി ഒരാൾ അവരെ ബന്ധപ്പെടുകയായിരുന്നു.
നിരവധി കൂടിക്കാഴ്ചകളിലായി തട്ടിപ്പുകാർ ആധികാരികമെന്ന് തോന്നിക്കുന്ന രേഖകൾ ഇവർക്കുമുമ്പിൽ ഹാജരാക്കി. വാഗ്ദാനം സത്യമാണെന്ന് വിശ്വസിച്ച ദമ്പതികൾ ഒരു വില്ല വാങ്ങാൻ സമ്മതിക്കുകയും ഡെപ്പോസിറ്റ് നൽകുകയുമായിരുന്നു. എന്നാൽ പണം ലഭിച്ചയുടനെ മൂവരും അപ്രത്യക്ഷരായി.
ഭർത്താവ് പോലീസിൽ പരാതി നൽകിയതോടെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. വഞ്ചന, വ്യാജരേഖ ചമക്കൽ, വ്യാജ രേഖകൾ ഉപയോഗിക്കൽ എന്നീ കുറ്റങ്ങൾ പ്രോസിക്യൂട്ടർമാർ ഇവർക്കെതിരെ ചുമത്തി. ക്രിമിനൽ കോടതി ഇവരെ കുറ്റക്കാരായി കണ്ടെത്തി ആറ് മാസം തടവിന് ശിക്ഷിക്കുകയും വഞ്ചിച്ച തുക തിരികെ നൽകണമെന്നും വ്യാജ രേഖകൾ കണ്ടുകെട്ടണമെന്നും ശിക്ഷാ കാലാവധി കഴിഞ്ഞശേഷം നാടുകടത്തണമെന്നുമാണ് ഉത്തരവിട്ടത്.
ദമ്പതികൾ പിന്നീട് പണം തിരിച്ചുകിട്ടുന്നതിനും നഷ്ടപരിഹാരം ലഭിക്കാനുമായി സിവിൽ കേസ് ഫയൽ ചെയ്തു.
ഇവർക്ക് സാമ്പത്തിക നഷ്ടം മാത്രമല്ല, ദുരിതവും വിശ്വാസനഷ്ടവും സാമ്പത്തിക സ്ഥിരതക്ക് തടസ്സവും ഉണ്ടായതായി സിവിൽ കോടതി വിലയിരുത്തിയതിനെ തുടർന്ന് പ്രതികൾ എട്ട് ലക്ഷം ദിർഹം തിരികെ നൽകുന്നതിനൊപ്പം ഭൗതികവും ധാർമ്മികവുമായ നാശനഷ്ടങ്ങൾക്ക് പരിഹാരമായി ലക്ഷം ദിർഹം കൂടി നൽകാനും ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.