ബിഷപ് പൗലോ മാര്‍ട്ടിനെലിയും ശൈഖ് സുഊദ് ബിന്‍ സഖര്‍ ആല് ഖാസിമിയും തമ്മില്‍ നടന്ന കൂടിക്കാഴ്ച
റാസല്‍ഖൈമ: ദക്ഷിണ അറേബ്യയിലെ അപ്പോസ്തലിക് വികാരി ബിഷപ് പൗലോ മാര്‍ട്ടിനെലിയെ സഖര്‍ ബിന്‍ മുഹമ്മദ് സിറ്റിയിലെ കൊട്ടാരത്തില്‍ സ്വീകരിച്ച് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സുഊദ് ബിന്‍ സഖര്‍ ആല് ഖാസിമി. യു.എ.ഇയുടെ അടിസ്ഥാന മൂല്യങ്ങളായ സമാധാനം, മതാന്തര സംഭാഷണം, സഹിഷ്ണുത, തുറന്ന മനസ്സ്, സഹവര്‍ത്തിത്വം തുടങ്ങിയവയില്‍ കേന്ദ്രീകരിച്ചായിരുന്നു ഇരുവരുടെയും ചര്‍ച്ച. വൈവിധ്യങ്ങളോടുള്ള ബഹുമാനം, മനുഷ്യന്റെ അന്തസ്സ് തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന സമൂഹ സൃഷ്ടിക്ക് രാജ്യം വലിയ പ്രാധാന്യം നല്‍കുന്നുവെന്ന് ശൈഖ് സുഊദ് അഭിപ്രായപ്പെട്ടു. ഊഷ്മളമായ സ്വീകരണത്തിന് ബിഷപ് പൗലോ ശൈഖ് സുഊദിനെ നന്ദി അറിയിച്ചു. സാംസ്കാരികവും മതപരവുമായ വൈവിധ്യത്തെ സ്വീകരിക്കുന്നതും വ്യത്യസ്ത വിശ്വാസ പശ്ചാത്തലങ്ങളിലുള്ള വ്യക്തികള്‍ക്കും സമൂഹത്തിനുമിടയില്‍ സഹവര്‍ത്തിത്വത്തിന്റെയും പരസ്പര ധാരണയുടെയും മനോഭാവം വളര്‍ത്തിയെടുക്കുന്നതിന്റെ ആഗോള മാതൃകയാണ് യു.എ.ഇയെന്ന് അദ്ദേഹം പറഞ്ഞു. റാസല്‍ഖൈമ സെന്റ് ആന്റണീസ് ഓഫ് പാദുവ കത്തോലിക്ക ചര്‍ച്ചില്‍നിന്നുള്ള പുരോഹിതരും സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.