1. ദുബൈയിലെ മഴദൃശ്യങ്ങളിൽനിന്ന് 2. റാസൽഖൈമയിലെ ജബൽ ജെയ്സിൽ ചൊവ്വാഴ്ച പെയ്ത മഴ
ദുബൈ: യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നു. ദുബൈയിലും അബൂദബി, ഷാർജ, അജ്മാൻ, റാസൽഖൈമ, ഫുജൈറ, ഖൊർഫുക്കാൻ തുടങ്ങി കിഴക്കൻമേഖലകളിലുമാണ് ശക്തമായ കാറ്റും മഴയുമുണ്ടായത്. തിങ്കളാഴ്ച റാസൽഖൈമ, ഫുജൈറ, ഖൊർഫുക്കാൻ യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിരുന്നു.
ഫുജൈറയിലെ തീരമേഖലയിലും റാസൽഖൈമയിലെ ജബൽജെയ്സിലും ശക്തമായ മഴ ലഭിച്ചതായി എൻ.സി.എം റിപ്പോർട്ട് ചെയ്തു. മഴയെ തുടർന്ന് താപനില കുറഞ്ഞിട്ടുണ്ട്. രാവിലെ ദുബൈയുടെ വിവിധയിടങ്ങളിലും മഴ ലഭിച്ചു. മസാഫി, കൽബ, കിഴക്കൻ തീരങ്ങളിലും ശക്തമായ മഴ ലഭിച്ചതായാണ് റിപ്പോർട്ട്.
ജബൽ ജെയ്സിൽ രാവിലെ 6.30ന് താപനില 9.9 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. അടുത്ത രണ്ട് ദിവസം കൂടി യു.എ.ഇയിൽ ശക്തമായ മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ബുധനാഴ്ച ശക്തമായ കാറ്റോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം (എൻ.സി.എം) വ്യക്തമാക്കി. ആകാശം ഭാഗികമായും ചില നേരങ്ങളിൽ പൂർണമായും മേഘാവൃതമായിരിക്കും. ദ്വീപുകളിലും സംവഹന മേഘങ്ങൾ രൂപപ്പെടുകയും ഇത് മഴപെയ്യാൻ ഇടയാക്കുകയും ചെയ്യും.
തീരദേശം, വടക്ക്, കിഴക്കൻ മേഖലകളിലായിരിക്കും ശക്തമായ മഴ ലഭിക്കുക. ചില സമയങ്ങളിൽ കാറ്റിന്റെ ശക്തി വർധിച്ച് പൊടിപടലങ്ങൾ ഉയരും. റോഡുകളിൽ കാഴ്ച മങ്ങാൻ ഇത് കാരണമാകുമെന്നതിനാൽ യാത്രക്കാർ ജാഗ്രത പുലർത്തണം.
വടക്കുകിഴക്ക് നിന്ന് തെക്കുകിഴക്ക് ഭാഗത്തേക്കായിരിക്കും കാറ്റിന്റെ ഗതി. മണിക്കൂറിൽ 15 മുതൽ 30 വരെ വേഗത്തിലായിരിക്കും കാറ്റ് വീശുക. ഇത് ചില നേരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിലായേക്കും. അറേബ്യൻ ഗൾഫിൽ മിതമായ കാറ്റ് മിതമായ രൂപത്തിൽ നിന്ന് ചില സമയങ്ങളിൽ പ്രക്ഷുബ്ധമാകും.
അതേസമയം, ഒമാൻ കടലിൽ നേരിയതോ മിതമായതോ ആയ തിരമാലകൾ കാണാൻ സാധ്യതയുണ്ട്. അന്തരീക്ഷ താപനില അബൂദബിയിൽ 20-25 ഡിഗ്രി സെൽഷ്യസിന് ഇടയിലായിരിക്കും. ദുബൈയിൽ 21നും 26നും ഇടയിലും ഷാർജയിൽ 19നും 25 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും താപനില.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.