ദുബൈ: പാർട്ട് ടൈമായി വിദൂര ജോലി വാഗ്ദാനം ചെയ്ത് സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന തട്ടിപ്പിനെതിരെ ജാഗ്രത പുലർത്തണമെന്ന് ദുബൈ പൊലീസ്. സമൂഹ മാധ്യമങ്ങൾ, മെസേജിങ് ആപ്ലിക്കേഷനുകൾ എന്നിവ വഴിയുള്ള ഇത്തരം തട്ടിപ്പുകളിൽ പണം നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് പൊലീസ് മുന്നറിയിപ്പ്. അധിക വരുമാനം നേടാനുള്ള ആളുകളുടെ ആഗ്രഹം മുതലെടുത്താണ് ഇല്ലാത്ത തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നത്. ലളിതമായ ഓൺലൈൻ ജോലിയിലൂടെ വേഗത്തിൽ വരുമാനമുണ്ടാക്കാമെന്നാണ് ഇവരുടെ വാഗ്ദാനം. താൽപര്യമുള്ളവരിൽ നിന്ന് രജിസ്ട്രേഷൻ, അക്കൗണ്ട് ആക്ടിവേഷൻ ഫീസ് എന്നിവ ആവശ്യപ്പെടുകയാണ് പതിവ്. കൂടാതെ വ്യക്തിപരമായ വിവരങ്ങൾ, ബാങ്ക് വിവരങ്ങൾ എന്നിവയും ചോദിക്കാറുണ്ട്. തട്ടിപ്പുകാർ ഇരകൾ അറിയാതെ അവരുടെ ബാങ്കിങ് വിവരങ്ങൾ ദുരൂഹമായതും നിയമപരമല്ലാത്തതുമായ ഇടപാടുകൾക്കാണ് ഉപയോഗിക്കുന്നത്. ഇതിന്റെ ഭവിഷ്യത്തുകൾ പിന്നീടാണ് ഇരകൾക്ക് ബോധ്യപ്പെടുക. ‘തട്ടിപ്പിനെതിരെ ജാഗ്രത’ വേണമെന്ന് കാമ്പയിനിന്റെ ഭാഗമായാണ് പൊലീസിന്റെ മുന്നറിയിപ്പ്.
തൊഴിൽ ദാതാക്കൾ റിക്രൂട്ട്മെന്റ് ഫീസ് ഒരിക്കലും ഇടാക്കാറില്ലെന്നും വിദൂര ജോലി വാഗ്ദാനം ചെയ്യുന്നവരുമായി ഇടപെടുന്നതിനു മുമ്പ് വിശ്വാസ്യത ഉറപ്പുവരുത്തണമെന്നും പൊലീസ് അഭ്യർഥിച്ചു. സ്ഥിരീകരിക്കാത്ത ഏജൻസികൾക്ക് വ്യക്തിഗത, ബാങ്കിങ് വിവരങ്ങൾ പങ്കുവെക്കരുത്. ജോലിക്കായി ഒരിക്കലും പണം കൈമാറരുത്. ഔദ്യോഗികമായി അംഗീകാരവും വിശ്വാസ്യതയുമുള്ള സ്ഥാപനങ്ങളുമായി മാത്രം ഇടപാടുകൾ നടത്തണം. സംശയകരമായ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ 901 എന്ന നമ്പറിൽ റിപോർട്ട് ചെയ്യാം. ഇ-ക്രൈം പ്ലാറ്റ്ഫോമിലും റിപ്പോർട്ട് ചെയ്യാമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.