ഡോ. ആസാദ് മൂപ്പന്
ദുബൈ: ഇന്ത്യയുടെ ആരോഗ്യമേഖലക്കായി ദീർഘവീക്ഷണമുള്ള ഒരു രൂപരേഖയാണ് കേന്ദ്ര ബജറ്റ് മുന്നോട്ടുവെക്കുന്നതെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്. നവീകരണം, ലഭ്യത, ഉൽപാദന ശേഷി വർധിപ്പിക്കൽ, ആഗോള മത്സരക്ഷമത എന്നിവ ഇതിലൂടെ ഒരുമിച്ച് സാധ്യമാകും. അഞ്ച് വർഷത്തേക്ക് 10,000 കോടി രൂപ വകയിരുത്തിക്കൊണ്ടുള്ള ‘ബയോഫാർമ ശക്തി’ പദ്ധതി, ഗവേഷണം, ഉൽപാദനം, നിയന്ത്രണ ശേഷി എന്നിവ ശക്തിപ്പെടുത്തുന്നതിലൂടെ രാജ്യത്ത് അത്യാധുനികവും കുറഞ്ഞ ചെലവിലുള്ളതുമായ ചികിത്സാ മാർഗങ്ങൾ സാധ്യമാകും. 17 ഗുരുതര കാൻസർ മരുന്നുകളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയത് രോഗികൾക്ക് ആശ്വാസമാകുകയും കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത കുറക്കുകയും ചെയ്യുന്ന നിർണായക നടപടിയാണ്.
ആരോഗ്യ അടിസ്ഥാന സൗകര്യ വികസനത്തിന് ബജറ്റിൽ നൽകിയിട്ടുള്ള പ്രാധാന്യം സ്വാഗതാർഹമാണ്. ജില്ല ആശുപത്രികളുടെ ശേഷി 50 ശതമാനം വർധിപ്പിക്കാനുള്ള നിർദേശവും, ഉത്തരേന്ത്യയിലെ നിംഹാൻസ് 2.0, മൂന്ന് പുതിയ എയിംസ് തുടങ്ങിയവ വഴിയുള്ള നിക്ഷേപങ്ങളും നഗരങ്ങളിലും പിന്നാക്ക മേഖലകളിലും മികച്ച ചികിത്സ ഉറപ്പാക്കാൻ സഹായിക്കും -ആസാദ് മൂപ്പന് കൂട്ടിച്ചേർത്തു. ആരോഗ്യമേഖലയെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പ്രധാന സ്രോതസ്സായാണ് ബജറ്റ് കാണുന്നതെന്നും ഒരു ലക്ഷം അലൈഡ് ഹെൽത്ത് പ്രഫഷനലുകളെയും ഒന്നര ലക്ഷം കെയർ ഗിവർമാരെയും വാർത്തെടുക്കാനുള്ള പ്രഖ്യാപനം ഈ രംഗത്തെ വിപ്ലവകരമായ മാറ്റമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.