ചില്ല സർഗവേദി ജനുവരി വായനയിൽ ബിനീഷ് പാലിശ്ശേരി പുസ്തകം അവതരിപ്പിക്കുന്നു
റിയാദ്: മഹാത്മാഗാന്ധിയുടെ 78-ാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് റിയാദിലെ ചില്ല സർഗവേദി ജനുവരി മാസത്തെ വായനാപരിപാടി സംഘടിപ്പിച്ചു. ഗാന്ധിയൻ ദർശനങ്ങളും ഭരണഘടനാ മൂല്യങ്ങളും ആധുനിക ഇന്ത്യയിൽ സജീവമായി നിലനിർത്തേണ്ടതിെൻറ അനിവാര്യത ചർച്ചയായ പരിപാടിയിൽ, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിലെ ആശങ്കകളും പങ്കുവെച്ചു.രാജ്യത്ത് വർധിച്ചുവരുന്ന വിദ്വേഷ രാഷ്ട്രീയത്തെയും അപരവൽക്കരണത്തെയും കുറിച്ചുള്ള ഗൗരവമായ സംവാദത്തോടെയാണ് പരിപാടി ആരംഭിച്ചത്.
സംഘ്പരിവാർ അജണ്ടകളെ പ്രതിരോധിക്കുന്നതിൽ പി.എൻ. ഗോപീകൃഷ്ണൻ, സുനിൽ പി. ഇളയിടം തുടങ്ങിയവർ വഹിക്കുന്ന നിർണായക പങ്കിനെ സദസ്സ് വിലയിരുത്തി.മുഹമ്മദ് അലി ശിഹാബ് ഐ.എ.എസ് രചിച്ച ‘വിരലറ്റം’ എന്ന ആത്മകഥ ബിനീഷ് പാലിശ്ശേരി അവതരിപ്പിച്ചു. അനാഥാലയത്തിലെ കഠിനമായ ജീവിതസാഹചര്യങ്ങളിൽ നിന്ന് ഐ.എ.എസ് എന്ന ഉന്നത പദവിയിലേക്കുള്ള യാത്രയാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. ഏത് പ്രതികൂല സാഹചര്യത്തെയും ഇച്ഛാശക്തിയോടെ മറികടക്കാമെന്നതിെൻറ ഉദാഹരണമാണെന്ന് ബിനീഷ് ചൂണ്ടിക്കാട്ടി.
എഴുത്തുകാരൻ ജി.ആർ. ഇന്ദുഗോപെൻറ കഥാപ്രപഞ്ചത്തെക്കുറിച്ച് റഫീഖ് പന്നിയങ്കര സംസാരിച്ചു. സമകാലിക സാഹിത്യത്തിൽ നിന്ന് വ്യത്യസ്തമായി വിചിത്രവും പുതുമയാർന്നതുമായ ഇതിവൃത്തങ്ങളാണ് ഇന്ദുഗോപേൻറതെന്ന് അദ്ദേഹം പറഞ്ഞു. ‘പാശം’, ‘ബീജ ബാങ്കിലെ പെൺകുട്ടി’, ‘ഗൈനക്’, ‘ഉള്ളികുപ്പം’, ‘ചട്ടമ്പി സദ്യ’ തുടങ്ങിയ കൃതികൾ ഉദാഹരണമാക്കി ഇന്ദുഗോപെൻറ വേറിട്ട ആഖ്യാനശൈലിയെ അദ്ദേഹം വിശകലനം ചെയ്തു.പ്രമുഖ കവി പി.എൻ. ഗോപീകൃഷ്ണെൻറ 32 കവിതകളടങ്ങിയ ‘തകർന്ന പള്ളിയാണ് വലിയ പള്ളി’ എന്ന സമാഹാരത്തിലെ വായനാനുഭവം ശരി കാട്ടൂർ അവതരിപ്പിച്ചു. ചർച്ചയിൽ വിപിൻ കുമാർ, നജിം കൊച്ചുകലുങ്ക്, സ്നിഗ്ദ, അനിത്ര ജോമി, വിദ്യ, നിഷാദ് ഗഫൂർ, നാസർ കാരന്തൂർ തുടങ്ങിയവർ പങ്കെടുത്തു. ചർച്ചകൾ ഉപസംഹരിച്ച് നാസർ കാരക്കുന്ന് സംസാരിച്ചു. സുരേഷ് ലാൽ പരിപാടിയുടെ മോഡറേറ്ററായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.