ദുബൈ: പ്രവാസികൾ ഏറെക്കാലമായി മുറവിളി കൂട്ടുന്ന വിമാനയാത്ര ദുരിതം, മൃതദേഹം കൊണ്ടുപോകുന്നതിനുള്ള ചെലവ്, സ്വർണാഭരണം കൊണ്ടുപോകുന്നതിലെ വ്യവസ്ഥകളിലെ അനിശ്ചിതത്വം തുടങ്ങിയവ ഉൾപ്പെടെയുള്ള അടിസ്ഥാന പ്രശ്നങ്ങളിൽ കണ്ണടച്ച് കേന്ദ്രസർക്കാറും. ധനമന്ത്രി നിർമല സീതാറാം അവതരിപ്പിച്ച കേന്ദ്ര ബജറ്റിലും ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഒരു നിർദേശവും മുന്നോട്ടുവെച്ചില്ലെന്നത് നിരാശാജനകമാണ്. പ്രവാസി ഇന്ത്യക്കാരുടെ വസ്തുവിൽപനയുമായി ബന്ധപ്പെട്ടുമുള്ള നികുതികളിൽ ഇളവ് വരുത്തിയെന്നതാണ് ഏക ആശ്വാസം.
പ്രവാസികളുടെ ആസ്തിവിൽപന ഇടപാടിൽ ടാൻ നമ്പർ വേണമെന്ന നിബന്ധന ഒഴിവാക്കി. പകരം വാങ്ങുന്നയാളുടെ പാൻ അടിസ്ഥാനമാക്കിയുള്ള ചലാൻ ഉപയോഗിച്ച് ഡി.ടി.എസ് അടക്കാനുള്ള നിർദേശം എൻ.ആർ.ഐകളായ പ്രോപ്പർട്ടി വിൽപനക്കാരുടെ നടപടികൾ കൂടുതൽ ലളിതമാക്കപ്പെടും. ഇന്ത്യയിൽ ലിസ്റ്റ് ചെയ്ത കമ്പനികളിൽ ഇന്ത്യക്കാരായ പ്രവാസികൾക്കും വിദേശ പാസ്പോർട്ടുള്ള വ്യക്തികളുടെ (പി.ആർ.ഒ.ഐ) നിക്ഷേപ അവസരം അഞ്ചിൽനിന്ന് 10 ശതമാനമായി ഉയർത്തിയിട്ടുണ്ട്.
ഇവരുടെതന്നെ മൊത്തം പരിധി 10ൽ നിന്ന് 24 ശതമാനമായി ഉയർത്തിയതും എൻ.ആർ.ഐക്കാരുടെ നിക്ഷേപം കൂട്ടാൻ സഹായകരമാകും. ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് കീഴിലുള്ള വിദേശ ടൂർ പാക്കേജുകളിലും വിദ്യാഭ്യാസ, മെഡിക്കൽ ആവശ്യങ്ങൾക്കുള്ള പണമടയ്ക്കലുകളിലും ടി.സി.എസ് അഞ്ചിൽനിന്ന് രണ്ട് ശതമാനമായി കുറക്കുകൂടുതൽ പേർക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷ. പുനർമൂല്യനിർണയത്തിനു ശേഷവും 10 ശതമാനം അധികനികുതി അടച്ച് ആദായനികുതി റിട്ടേണുകൾ അപ്ഡേറ്റ് ചെയ്യാൻ നികുതിദായകരെ അനുവദിക്കും. നാമമാത്ര ഫീസ് ഈടാക്കിക്കൊണ്ട് റിട്ടേണുകൾ പുതുക്കുന്നതിനുള്ള സമയപരിധി നീട്ടിയിട്ടുണ്ട്.
ഐ.ടി.ആർ-1, 2 ഫയൽ ചെയ്യുന്ന വ്യക്തികൾക്ക് ജൂലൈ 31 വരെ റിട്ടേണുകൾ സമർപ്പിക്കാം. ഓഡിറ്റ് ചെയ്യാത്ത കേസുകളിലും ട്രസ്റ്റുകൾക്കും റിട്ടേൺ ഫയൽ ചെയ്യാൻ ആഗസ്റ്റ് 31 വരെ സമയപരിധി അനുവദിച്ചു. 20 ലക്ഷം രൂപയിൽ താഴെ മൂല്യംവരുന്ന സ്ഥാവരമല്ലാത്ത വിദേശ ആസ്തികൾ നിയമപരമായി ക്രമപ്പെടുത്താൻ ചെറുകിട നികുതിദായകരായ എൻ.ആർ.ഐകൾക്ക് അവസരം നൽകുന്ന പുതിയ പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുകയാണ്.
കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ഓർമ
ദുബൈ: കേന്ദ്ര സർക്കാറിന്റെ പുതിയ ബജറ്റ് കേരളത്തോടുള്ള കടുത്ത വിവേചനത്തിന്റെയും അവഗണനയുടെയും രേഖയാണെന്നതിൽ ശക്തമായി പ്രതിഷേധിക്കുന്നതായി ഓർമ. ഇന്ത്യയുടെ ഭൂപടത്തിൽ കേരളവും ഉൾപ്പെടുന്നുവെന്ന യാഥാർഥ്യം പോലും ബോധപൂർവം മറക്കുന്ന സമീപനമാണ് ബജറ്റിൽ പ്രകടമാകുന്നത്. എയിംസ്, റെയിൽവേ വികസനത്തിനായുള്ള ഏഴ് അതിവേഗ ഇടനാഴികൾ, വിഴിഞ്ഞം തുറമുഖത്തിനുള്ള പ്രത്യേക പാക്കേജ് തുടങ്ങിയ കേരളത്തിന്റെ നിർണായക ആവശ്യങ്ങൾ പൂർണമായും അവഗണിക്കപ്പെട്ടു.
ഫിനാൻസ് കമീഷൻ വിഹിതം വർധിപ്പിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം തള്ളിക്കളഞ്ഞത് ഫെഡറൽ തത്ത്വങ്ങളെ ദുർബലപ്പെടുത്തുന്ന നടപടിയാണ്.ഗ്രാന്റുകളിൽ വൻ വെട്ടിക്കുറവ് വരുത്തിയും റവന്യൂ ഡെഫിസിറ്റ് ഗ്രാന്റുകൾ അവസാനിപ്പിച്ചും സംസ്ഥാനങ്ങളുടെ സാമ്പത്തിക അടിത്തറ തകർക്കാനുള്ള ശ്രമമാണ്.
കേരളത്തിന്റെ ധാതുസമ്പത്ത് സ്വകാര്യ കുത്തകകൾക്ക് കൈമാറാൻ വഴിയൊരുക്കുന്ന കേന്ദ്രനീക്കം അപകടകരമാണ്. തൊഴിലുറപ്പ് പദ്ധതിയിലുണ്ടായ വൻ വെട്ടിക്കുറവും ഭക്ഷ്യ-ആരോഗ്യ-വളം സബ്സിഡികളിലെ കുറവും ഗ്രാമീണ മേഖലയെയും സാധാരണ ജനജീവിതത്തെയും ഗുരുതരമായി ബാധിക്കും. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ ഈ വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കണമെന്നും ഓർമ ഭാരവാഹികൾ ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാർ നയം മാറണം -പി.ജി. രാജേന്ദ്രൻ
ദുബൈ: രാജ്യത്തിന്റെ വിദേശ നാണയ ശേഖരണത്തിന് നിർണായക സംഭാവന നൽകുന്ന പ്രവാസി സമൂഹത്തോട് കേന്ദ്ര സർക്കാർ തുടരുന്ന അനാസ്ഥ വെറും അവഗണനയല്ല, തുറന്ന ചൂഷണമാണെന്ന് ജനത കൾചറൽ പ്രസിഡന്റ് പി. ജി. രാജേന്ദ്രൻ. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് താങ്ങായി നിൽക്കുന്ന പ്രവാസികളെ സർക്കാർ കലാകാലങ്ങളായി രണ്ടാംതരം പൗരന്മാരായി കാണുകയാണ്. നാട്ടിൽ മാന്യമായി ജീവിക്കാൻ അവസരങ്ങളില്ലാത്ത അവസ്ഥ സൃഷ്ടിച്ച ഭരണകർത്താക്കളുടെ പരാജയമാണ് ലക്ഷക്കണക്കിന് ഇന്ത്യക്കാരെ നാടും കുടുംബവും ഉപേക്ഷിച്ച് ഗൾഫ് രാജ്യങ്ങളിലേക്കും മറ്റ് വിദേശരാജ്യങ്ങളിലേക്കും പ്രവാസ ജീവിതത്തിലേക്ക് തള്ളിവിടുന്നത്. അന്നം തേടിപ്പോയ ഇവരുടെ വിയർപ്പും കഷ്ടപ്പാടുമാണ് രാജ്യത്തിന്റെ വിദേശ നാണയ ശേഖരത്തിന് അടിത്തറയാകുന്നത്. എന്നാൽ, ദുരിത ഘട്ടങ്ങളിൽ ഇവരെ സംരക്ഷിക്കാനോ അടിസ്ഥാന അവകാശങ്ങൾ ഉറപ്പാക്കാനോ കേന്ദ്ര സർക്കാർ തയാറാകുന്നില്ല. പ്രവാസികളെ വെറും പണം അയക്കുന്ന യന്ത്രങ്ങളായി മാത്രം കാണുന്ന ഈ സമീപനം തിരുത്താതെ രാജ്യത്തിന് നീതിയുള്ള വികസനം സാധ്യമാകില്ല. പ്രവാസികളുടെ സുരക്ഷ, ക്ഷേമം, സാമൂഹിക അവകാശങ്ങൾ എന്നിവ ഉറപ്പാക്കുന്ന ശക്തമായ നയങ്ങൾ ഉടൻ നടപ്പാക്കണമെന്ന് പി.ജി. രാജേന്ദ്രൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.