ദുബൈ: ഗസ്സയിലെ വെടിനിർത്തൽ കരാർ ഇസ്രായേൽ തുടർച്ചയായി ലംഘിക്കുന്നതിനെ അപലപിച്ച് യു.എ.ഇ, തുർക്കിയ, ഈജിപ്ത്, ജോർഡൻ, ഇന്തോനേഷ്യ, പാകിസ്താൻ, സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ. ഇസ്രായേലിന്റെ നടപടികൾ മേഖലയിൽ സംഘർഷം രൂക്ഷമാക്കുന്നതിനും ശാന്തിയും സ്ഥിരതയും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെ തകർക്കുന്നതിനും ഇടയാക്കുമെന്ന് പ്രസ്താവന മുന്നറിയിപ്പ് നൽകി.
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടം മുന്നോട്ടുകൊണ്ടുപോകാനും ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ പ്രമേയം നടപ്പാക്കാനും മേഖലതലത്തിലും അന്താരാഷ്ട്രതലത്തിലും ശ്രമങ്ങൾ പുരോഗമിക്കുന്ന ഈ ഘട്ടത്തിലാണ് ഇത്തരത്തിലുള്ള ലംഘനങ്ങൾ നടക്കുന്നതെന്നും മന്ത്രിമാർ ചൂണ്ടിക്കാണിച്ചു.
നിർണായക ഘട്ടത്തിൽ എല്ലാ കക്ഷികളും അവരുടെ ഉത്തരവാദിത്തങ്ങൾ പൂർണമായി പാലിക്കണമെന്നും പരമാവധി ആത്മസംയമനം പാലിക്കണമെന്നും പ്രസ്താവന ആഹ്വാനം ചെയ്തു. വെടിനിർത്തൽ കരാർ നിലനിർത്താനും നിലവിലെ പ്രക്രിയയെ ദുർബലപ്പെടുത്തുന്ന നടപടികൾ ഒഴിവാക്കാനും ആവശ്യപ്പെട്ടു. കൂടാതെ, ഗസ്സയിൽ പുനരധിവാസത്തിനും പുനർനിർമാണത്തിനും അനുകൂലമായ സാഹചര്യം സൃഷ്ടിക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങളും ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളും അറബ് സമാധാന പദ്ധതിയും അനുസരിച്ച് ഫലസ്തീൻ ജനതയുടെ സ്വയംനിർണയാവകാശവും രാഷ്ട്രസ്ഥാപനാവകാശവും അടിസ്ഥാനമാക്കിയുള്ള സമാധാനത്തിലേക്ക് മുന്നേറണമെന്നും മന്ത്രിമാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.