ദുബൈ: പ്രവാസികള്‍ക്ക് വിദേശത്ത് നിന്ന് ഇ- പോസ്റ്റല്‍ വോട്ട് ചെയ്യാന്‍, നിയമഭേദഗതിയാകാമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമാണെന്ന് , പ്രവാസി വോട്ടിനായി സുപ്രീം കോടതിയില്‍ നിയമപോരാട്ടം നടത്തുന്ന മലയാളി യുവ വ്യവസായി ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. മൂന്നു വര്‍ഷത്തിലധികം നീണ്ട തെൻറ നിയമ യുദ്ധത്തിലെ, ഏറ്റവും വലിയ നാഴികക്കല്ലാണിതെന്നും ഡോ. ഷംഷീര്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഇന്ത്യയുടെ സുപ്രീം കോടതിയില്‍ 14 ഹിയറിങ്ങുകള്‍ നടത്തി. സുപ്രീം കോടതിയിലെ പ്രമുഖരും സീനിയര്‍ അഭിഭാഷകരുമായ ഹരീഷ് സാല്‍വേ, മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി , കപില്‍ സിബല്‍, ദുഷന്‍ ധവേ, പ്രശാന്ത് ഭൂഷന് എന്നിവര്‍ തനിക്കായി വിവിധ ഘട്ടങ്ങളില്‍ വാദിച്ചു. ഒന്നും പ്രതീക്ഷിച്ചിട്ടല്ല ഈ പോരാട്ടത്തിന് ഇറങ്ങി തിരിച്ചത്. നിരവധി പ്രവാസികളുടെയും പ്രവാസി സംഘടനകളുടെ തുടര്‍ച്ചയായ അഭ്യര്‍ഥന കൂടി പരിഗണിച്ചാണ് കേസിനായി പണം മുടക്കാനും ദൗത്യം ഏറ്റെടുക്കാനും തീരുമാനിച്ചത്.
ഇപ്പോള്‍ വലിയ സന്തോഷവും അഭിമാനവും ഉണ്ട്. കേന്ദ്ര സര്‍ക്കാര്‍, മുന്‍ യു.പി.എ സര്‍ക്കാര്‍, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്, നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെൻറര്‍, കേന്ദ്ര നിയമ വകുപ്പ്, പ്രവാസി വകുപ്പ്, സംസ്ഥാന സര്‍ക്കാരുകള്‍, ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി എല്ലാ മേഖലകളില്‍ നിന്നും തനിക്ക് ലഭിച്ച പിന്തുണക്കും ഡോ. ഷംഷീര്‍ നന്ദി അറിയിച്ചു.
പ്രവാസികള്‍ക്ക് വിദേശത്ത് നിന്ന് വോട്ട് ചെയ്യാനുള്ള അനുമതി ഔദ്യോഗികമായി ലഭിക്കാതെ, താനും വോട്ട് ചെയ്യില്ലെന്ന നിലപാടിലായിരുന്നുവെന്നും ഡോ. ഷംഷീര്‍ കൂട്ടിച്ചേര്‍ത്തു. ഇനി വോട്ട് നടപടികള്‍ വൈകില്ലെന്നാണ് പ്രതീക്ഷ. പാര്‍ലിമെൻറില്‍ ഇതുസംബന്ധിച്ച ബില്‍ വൈകാതെ പാസാകും. ഇതോടെ, പ്രവാസി വോട്ട് എന്ന വര്‍ഷങ്ങളുടെ സ്വപ്നം യാഥാര്‍ഥ്യമാകുമെന്നും ഡോ. ഷംഷീര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.