പ്രവാസി നീതിമേളയുടെ ബ്രോഷർ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ
തളങ്കര അഡ്വ. മുഹമ്മദ് സാജിദിന് നൽകി പ്രകാശനം ചെയ്യുന്നു
ദുബൈ: കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ഇന്ത്യ ലീഗൽ സർവിസ് സൊസൈറ്റി (പി.ഐ.എൽ.എസ്.എസ്) യു.എ.ഇയിലെ പ്രമുഖ സാംസ്കാരിക സംഘടനകളുമായി സഹകരിച്ച് പ്രവാസികൾക്കായി സംഘടിപ്പിക്കുന്ന ‘പ്രവാസി നീതി മേള’ ജൂൺ ഒമ്പത് ഞായറാഴ്ച വൈകീട്ട് മൂന്നു മുതൽ ഖിസൈസ് സ്റ്റേഡിയം മെട്രോ സ്റ്റേഷന് പിറകിലുള്ള ഷഹീൽ 2 ബിൽഡിങ്ങിലെ എം.എസ്.എസ് ഹാളിൽ നടക്കും.
നാട്ടിലെയും യു.എ.ഇയിലെയും അഭിഭാഷകരും സാമൂഹിക പ്രവർത്തകരും പങ്കെടുക്കും. നീതിമേളയുടെ ബ്രോഷർ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, സംഘാടക സമിതി ചെയർമാൻ അഡ്വ. മുഹമ്മദ് സാജിദ്, കൺവീനർ നിഷാജ് ശാഹുൽ എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു. പ്രവാസികൾക്ക് നാട്ടിലും വിദേശത്തും അഭിമുഖീകരിക്കുന്ന നിയമ പ്രശ്നങ്ങളിൽ പരിഹാര-നിർദേശങ്ങൾ തേടാൻ നീതിമേള ഉപകരിക്കും. പാസ്പോർട്ട്, ആധാർകാർഡ്, വിസ തുടങ്ങി,
സിവിൽ-ക്രിമിനൽ കേസുകളിലും പ്രമുഖരായ അഭിഭാഷകരുടെ നിയമോപദേശം സൗജന്യമായി ലഭ്യമാകും. നാട്ടിലെ സർക്കാർ ഓഫിസ് സംബന്ധിയായ വിഷയങ്ങളിലും പ്രവാസികൾക്ക് നേരിട്ടോ, ബന്ധുക്കളോ, സുഹൃത്തുക്കളോ മുഖേനയോ നീതിമേളയിൽ പങ്കെടുത്ത് പരിഹാര നിർദേശങ്ങൾ ആരായാം.
പ്രവാസലോകത്തു നടക്കുന്ന നീതിമേളയുടെ ഭാഗമായി കഴിഞ്ഞ ഏപ്രിൽ ഒന്നു മുതൽ മേയ് 31 വരെ ‘പിൽസ്’ഓൺലൈൻ കാമ്പയിനിലൂടെ പരാതികൾ സമാഹരിച്ചിരുന്നു. ഇതിലെ പരാതിക്കാർക്ക് ഒമ്പതിന് എം.എസ്.എസ് ഹാളിൽ നടക്കുന്ന നീതിമേളയിൽ പരാതികൾ സമർപ്പിക്കാനും അവസരം ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.