ദുബൈ: മയക്കുമരുന്ന് കൈവശം വെക്കുകയും ഉപയോഗിക്കുകയും ചെയ്ത കേസിൽ സിറിയൻ യുവതിക്ക് ദുബൈ ക്രിമിനൽ കോടതി 10 വർഷം തടവും ഒരു ലക്ഷം ദിർഹം പിഴയും വിധിച്ചു. കഴിഞ്ഞ വർഷം ഏപ്രിൽ 15ന് നടന്ന സംഭവത്തിലാണ് ഇന്നലെ കോടതി വിധി പ്രസ്താവിച്ചത്.
അൽ ഖിയാദ മെട്രോ സ്റ്റേഷന് സമീപത്ത് വെച്ചാണ് മയക്കുമരുന്നുമായി 37കാരിയായ സിറിയൻ യുവതി ദുബൈയിലെ മയക്കുമരുന്ന് വിരുദ്ധവിഭാഗത്തിന്റെ പിടിയിലായത്. യുവതിയുടെ കൈവശം ക്രിസ്റ്റൽ മെത്ത് ഉള്ളതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. തുടർന്ന് നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് ബോട്ടിൽ നിറച്ച 25.29 ഗ്രാം ദ്രവ രൂപത്തിലുള്ള മെത്തഫെറ്റമിനും അഞ്ച് പ്ലാസ്റ്റിക് കവറുകളിലായി 1.26 ഗ്രാം ക്രിസ്റ്റൽ മെത്തും യുവതിയിൽനിന്ന് കണ്ടെത്തി. കൂടാതെ ഗ്ലാസ്, പ്ലാസ്റ്റിക് പൈപ്പുകൾ, ലൈറ്റർ, പ്ലാസ്റ്റിക് കവറുകൾ തുടങ്ങിയ മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങളും ഇവരിൽനിന്ന് പിടിച്ചെടുത്തിരുന്നു.
യുവതിയുടെ മൂത്രം പരിശോധനയിൽ ആംഫിറ്റമിനിന്റെയും മെത്തഫെറ്റമിനിന്റെയും അംശം കണ്ടെത്തുകയും ചെയ്തു. ചോദ്യം ചെയ്യലിൽ വാട്സ്ആപ് വഴിയാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് യുവതി സമ്മതിച്ചു. എന്നാൽ, യുവതിയിൽനിന്ന് പിടികൂടിയ മയക്കുമരുന്നിന്റെ തൂക്കവും പൊലീസിന്റെയും ഫോറൻസിക് വിഭാഗത്തിന്റെയും റിപ്പോർട്ടും തമ്മിൽ പൊരുത്തക്കേടുകൾ ഉള്ളതായി പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതു തള്ളിയ കോടതി, യുവതിയിൽനിന്ന് പിടികൂടിയ മൊത്തം മയക്കുമരുന്നിന്റെ കണക്കുകളാണ് പൊലീസ് പറഞ്ഞതെന്നും അറ്റ തൂക്കമല്ലെന്നും വ്യക്തമാക്കുകയായിരുന്നു.
യു.എ.ഇയിലെ നിയമപ്രകാരം 100നും 200 ഗ്രാമിനും ഇടയിൽ മയക്കുമരുന്ന് കൈവശം വെച്ചാൽ പരമാവധി ശിക്ഷ ലഭിക്കും. കൂടാതെ, യുവതി കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ടെന്നും കോടതി പറഞ്ഞു. ശിക്ഷ കാലാവധിക്ക് ശേഷം യുവതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.