ദുബൈ: തടവുകാരെയും കുടുംബത്തെയും സംരക്ഷിക്കുന്നതിന് ദുബൈ പൊലീസ് ഈവർഷം മാത്രം ചെലവിട്ടത് 65ലക്ഷം ദിർഹം. ദുബൈ പൊലീസിലെ ശിക്ഷ, തിരുത്തൽ സ്ഥാപനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന വകുപ്പാണ് വിവിധ സാഹചര്യങ്ങളിൽ പ്രയാസപ്പെടുന്നവർക്ക് തണലായത്.
തടവുകാരുടെ കുടുംബങ്ങൾക്ക് പ്രതിമാസ അലവൻസ്, ട്യൂഷൻ ഫീസ്, വീട് വാടക എന്നിവ നൽകൽ, ചികിത്സാ ചെലവുകൾ വഹിക്കൽ, കടങ്ങളും ദിയാധനവും വീട്ടാൻ സഹായിക്കൽ, യാത്രാ ടിക്കറ്റ് നൽകൽ, റമദാൻ, ഈദ് തുടങ്ങിയ പ്രത്യേക അവസരങ്ങളിലെ ചെലവുകൾ വഹിക്കൽ എന്നിങ്ങനെ വിവിധ രീതിയിലാണ് തടവുകാർക്കും കുടുംബത്തിനും പൊലീസിന്റെ സഹായം ലഭിച്ചത്. ദുബൈ പൊലീസ് അസി. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഡോ. അബ്ദുൽ ഖുദ്ദൂസ് അബ്ദുൽ റസാഖ് അൽ ഉബൈദ്ലി വകുപ്പിൽ നടത്തിയ പരിശോധനക്കുശേഷമാണ് ഇക്കാര്യം അറിയിച്ചത്.
തടവുകാർക്ക് മാനുഷിക സഹായം നൽകിയ നടപടികളെ മേജർ ജനറൽ അൽ ഉബൈദ്ലി പ്രശംസിച്ചു. സാമ്പത്തിക സഹായത്തിന് പുറമെ 30 പരിശീലന പരിപാടികളും തടവുകാർക്കായി ഒരുക്കിയിരുന്നെന്ന് അധികൃതർ വിശദീകരിച്ചു.
വകുപ്പിന്റെ പ്രവർത്തനങ്ങളുടെ വാർഷിക അവലോകനം നടത്തിയശേഷം അൽ ഉബൈദ്ലി ഭാവി പദ്ധതികൾക്ക് വേണ്ടിയുള്ള ആസൂത്രണങ്ങളും ചോദിച്ചറിഞ്ഞു. തടവുകാലം കഴിഞ്ഞാൽ മികച്ച ജീവിതം കെട്ടിപ്പടുക്കുന്നതിന് പ്രചോദനം നൽകുന്ന രീതിയിലാണ് പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നത്. വിവിധയിനം തൊഴിൽ പരിശീലനവും വിദ്യാഭ്യാസം നൽകലും ഇതിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.