അബൂദബി: അബൂദബി എമിറേറ്റിലെ താമസ കേന്ദ്രങ്ങളിലുള്ള പാര്‍ക്കിങ് മേഖലകളില്‍ പുലര്‍ച്ചെ രണ്ടുവരെ സന്ദര്‍ശകര്‍ നിർത്തുന്ന വാഹനങ്ങള്‍ക്ക് പിഴ ചുമത്തില്ലെന്ന് അധികൃതര്‍. അബൂദബി മുനിസിപ്പാലിറ്റീസ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് വകുപ്പിലെ ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട് സെന്റര്‍ (ഐ.ടി.സി) ആണ് എമിറേറ്റിലെ പാര്‍ക്കിങ് നിബന്ധനകളില്‍ ഇളവ് നല്കാന് തീരുമാനിച്ചത്. സന്ദര്‍ശകര്‍ക്ക് പുലച്ചെ രണ്ടുവരെ പാര്‍ക്കിങ് അനുവദിച്ചതിനൊപ്പം മറ്റൊരു സൗകര്യം കൂടി ഒരുക്കിയിട്ടുണ്ട്. ഈ സമയത്തിനു ശേഷവും പാര്‍ക്കിങ് ചെയ്യണമെങ്കില്‍ എസ്.എം.എസ് മുഖേന പാര്‍ക്കിങ് പെര്‍മിറ്റ് എടുക്കാവുന്നതാണ്. റെസിഡന്‍ഷ്യല്‍ വില്ലകളിലെ പാര്‍ക്കിങ് പെര്‍മിറ്റുമായി ബന്ധപ്പെട്ട് പുതിയ നിയമം നടപ്പാക്കുന്നത് ഐ.ടി.സി ഇതിനകം ആരംഭിച്ചു കഴിഞ്ഞു.
പുലര്‍ച്ചെ രണ്ടിനു മുമ്പ് വില്ലകളില്‍ വരുന്ന സന്ദര്‍ശകരുടെ വാഹനത്തിന് താമസക്കാര്‍ പെര്‍മിറ്റ് എടുക്കേണ്ടതില്ല. എന്നാല്‍, അതിനു ശേഷമാണ് സന്ദര്‍ശകര്‍ എത്തുന്നതെങ്കില്‍ ഓരോ വാഹനത്തിനും പെര്‍മിറ്റ് വാങ്ങിയിരിക്കണം. ഇവന്റ്സ് പെര്‍മിറ്റ്, വിസിറ്റര്‍ പെര്‍മിറ്റ് എന്നിങ്ങനെ രണ്ടുതരം വിസിറ്റേഴ്സ് പെര്‍മിറ്റ് ആണ് നല്‍കുന്നത്. ഇവന്റ്സ് പെര്‍മിറ്റ് ആണെങ്കില്‍ വില്ല ഉടമയുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് കാള്‍ സെന്ററില്‍ വിളിച്ചു പെര്‍മിറ്റ് വാങ്ങാവുന്നതാണ്. വിസിറ്റര്‍ പെര്‍മിറ്റിന് വില്ല ഉടമസ്ഥന് മവാഖിഫ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് നിശ്ചിത ഫോര്‍മാറ്റില്‍ മെസേജ് ചെയ്താല്‍ മതി. പുലര്‍ച്ചെ രണ്ടു മുതല്‍ രാവിലെ എട്ടുവരെ പരമാവധി ആറു മണിക്കൂറാണ് ഈ പെര്‍മിറ്റിെൻറ കാലാവധി. യു.എ.ഇ പൗരന്മാര്ക്ക് ഈ സേവനം സൗജന്യമാണ്. ഇതര രാജ്യക്കാര്‍ ആണെങ്കില്‍ സ്റ്റാന്‍ഡേഡ് പാര്‍ക്കിങ് ഫീസായ മണിക്കൂറിനു രണ്ട് ദിർഹം എന്ന കണക്കില്‍ ഫീ ഒടുക്കണം. വില്ല പാര്‍ക്കിങ് സൗകര്യം അജ്ഞാത വാഹനങ്ങള്‍ ഉപയോഗപ്പെടുത്തുകയോ അല്ലെങ്കില്‍ വഴി തടസ്സപ്പെടുത്തുകയോ വില്ലകളുടെ വാതില്‍ അടച്ചോ ഉള്ള പാര്‍ക്കിങ് കണ്ടാല്‍ 800850 എന്ന സര്‍വിസ് സപ്പോര്‍ട്ട് സെന്ററിനെ വിവരം അറിയിക്കാമെന്ന് അധികൃതര്‍ പറഞ്ഞു.
അബൂദബി: പാര്‍ക്കിങ് പെര്‍മിറ്റിന് അയക്കുന്ന എസ്.എം.എസിന് സേവനദാതാവ് ഈടാക്കുന്ന ചാര്‍ജ് ബാധകമായിരിക്കും. സന്ദര്‍ശകരുടെ വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് എടുക്കുന്നത് ഉള്‍പ്പെടെ സേവനങ്ങള്‍ക്കായി മവാഖിഫ് സംവിധാനത്തില്‍ പുതിയ ഫോണ്‍ നമ്പര്‍ ചേര്‍ക്കുന്നതിനുള്ള സൗകര്യം ഐ.ടി.സി ഒരുക്കിയിട്ടുണ്ട്. മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാന്‍സ്പോര്‍ട്ടിനു കീഴിലുള്ള സര്‍വിസ് സപ്പോര്‍ട്ട് സെന്ററിെൻറ ടോള്‍ ഫ്രീ നമ്പറായ 800850 എന്ന നമ്പറില്‍ വിളിച്ച് വില്ല ഉടമക്കോ താമസക്കാരനോ മവാഖിഫ് സിസ്റ്റത്തില്‍ ഫോണ്‍ നമ്പര്‍ ചേര്‍ക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്. 3009 എന്ന നമ്പറില്‍ നിശ്ചിത ഫോര്‍മാറ്റില്‍ എസ്.എം.എസ് അയച്ചും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.