അബൂദബി: അബൂദബി വിമാനത്താവളത്തിലെ വെരിഫിക്കേഷനിടെ പാസ്പോർട്ട് നഷ്ടമായി രണ്ട് ദിവസത്തിലധികം അബൂദബിയിൽ കുടുങ്ങിയ മലയാളി എൻജിനീയർ ആശങ്കകൾക്കൊടുവിൽ ബ്രിട്ടനിലേക്ക് തിരിച്ചു. പുതിയ പാസ്പോർട്ട് കരസ്ഥമാക്കി വ്യാഴാഴ്ച പുലർച്ചെ 2.25നാണ് ഇദ്ദേഹം പുറപ്പെട്ടത്.ബ്രിട്ടനിലെ മാഞ്ചസ്റ്ററിലേക്ക് പോകാനായി മുംബൈയിൽനിന്ന് ജെറ്റ് എയർവേസിൽ ഏപ്രിൽ 16ന് രാവിലെ ഏഴോടെ അബൂദബിയിലെത്തിയ കൊയിലാണ്ടി സ്വദേശി ബിജേഷ് ബാലകൃഷ്ണനാണ് ദുരിതത്തിലായത്. അബൂദബിയിൽനിന്ന് ഇത്തിഹാദ് എയർവേസിെൻറ കണക്ഷൻ വിമാനത്തിൽ മാഞ്ചസ്റ്ററിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാൽ, വിമാനകമ്പനി ജീവക്കാരിയുടെ കൈയിൽനിന്ന് പാസ്പോർട്ട് നഷ്ടപ്പെട്ടതോടെ യാത്ര മുടങ്ങുകയായിരുന്നു.
യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ ഡെവലപ്മെൻറ് ഫോറത്തിെൻറ (എം.ഡി.എഫ്) ശ്രമഫലമായി ഇന്ത്യൻ എംബസിയും എം.കെ. രാഘവൻ എം.പിയും ഇടപെട്ടാണ് പാസ്പോർട്ട് ലഭ്യമാക്കിയത്. എം.ഡി.എഫ് പ്രസിഡൻറും സാമൂഹിക പ്രവർത്തകനുമായ കെ.എം. ബഷീർ, അലി അക്ബർ കൈമശേരി എന്നിവർ പാസ്പോർട്ട് ലഭ്യമാക്കാനുള്ള അടിയന്തര ശ്രമങ്ങൾക്ക് നേതൃത്വം നൽകി. പാസ്പോർട്ട് ലഭ്യമായി യാത്ര തിരിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ബിജേഷ് ഗൾഫ് മാധ്യമത്തോട് പറഞ്ഞു. വി ഷിപ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ മർച്ചൻറ് നേവി എൻജിനീയറായ ബിജേഷ് മുമ്പ് സോമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ 11 മാസത്തോളം ബന്ദിയായി കഴിഞ്ഞ ശേഷം രക്ഷപ്പെട്ടയാളാണ്.
സുരക്ഷാ പരിശോധന കഴിഞ്ഞ് അബൂദബി വിമാനത്താവളത്തിലെ മൂന്നാം നമ്പർ ഗേറ്റിലായിരുന്നു ബിജേഷ് കാത്തിരുന്നത്. 9.30ഒാടെ ഗേറ്റ് ചെക്കിങ് തുടങ്ങി. കൗണ്ടർ ഡെസ്കിലുണ്ടായിരുന്ന ഫിലിപ്പീൻസുകാരിയായ വിമാനജീവനക്കാരി ബിജേഷിെൻറ പാസ്പോർട്ട്, ബോർഡിങ് പാസ് തുടങ്ങിയവ പരിശോധനക്കായി വാങ്ങി. ഇതിനിടെ യു.കെ റെസിഡൻസ് ബയോമെട്രിക് കാർഡ് എടുക്കാനായി ബിജേഷ് ഇരുന്ന് എണീറ്റപ്പോഴേക്കും പിന്നിലുള്ള ആളുകളെ കടത്തിവിട്ടിരുന്നു. കാർഡ് കൊടുത്തപ്പോൾ ജീവനക്കാരി വീണ്ടും പാസ്പോർട്ട് ചോദിച്ചതായി വിമാനത്താവളം അധികൃതർക്ക് നൽകിയ പരാതിയിൽ ബിജേഷ് പറയുന്നു.
പാസ്പോർട്ട് നേരത്തെ ഏൽപിച്ചു എന്ന് പറഞ്ഞപ്പോൾ തിരിച്ചുതന്നു എന്നാണ് ജീവനക്കാരി പറഞ്ഞത്. നേരത്തെ കടന്നുപോയ ബ്രിട്ടീഷ് പൗരനെ പരിശോധിക്കാൻ ശ്രമിച്ചെങ്കിലും അത് ആരാണെന്ന് മനസ്സിലാകാത്തതിനാൽ വിഫലമായി. തുടർന്ന് വിമാനത്താവളത്തിൽ അനൗൺസ് ചെയ്തെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് സി.സി.ടി.വി പരിശോധിച്ചപ്പോൾ ബിജേഷ് പാസ്പോർട്ട് നൽകിയതായി വ്യക്തമായി. വിമാനം വൈകിപ്പിച്ച് പരിശോധന നടത്തിയെങ്കിലും പാസ്പോർട്ട് കിട്ടിയില്ല. അതിനാൽ ബിജേഷിനെ കൂടാതെ വിമാനം മാഞ്ചസ്റ്ററിലേക്ക് പറക്കുകയായിരുന്നു.
ഉന്നത പഠന കോഴ്സ് ചെയ്യാനും പരീക്ഷ എഴുതാനായിരുന്നു ബിജേഷ് പുറപ്പെട്ടത്. 6000 പൗണ്ട് ഫീസടച്ച് ചെയ്യുന്ന കോഴ്സിന് സമയത്ത് ഹാജരായില്ലെങ്കിൽ പണം നഷ്ടമാകുമായിരുന്നു. ഏഴ് മാസമായി കോഴ്സിന് പഠിക്കുന്ന ബിജേഷിന് മൂന്ന് മാസം കൂടിയേ ഇനി അവിടെ പഠനമുള്ളൂ. ഏഴ് ദിവസമായിരുന്നു ബിജേഷിന് അവധി അനുവദിച്ചിരുന്നത്. സാമൂഹിക പ്രവർത്തകരുടെയും ഇന്ത്യൻ എംബസിയുടെയും എം.കെ. രാഘവൻ എം.പിയുടെയും സമയോചിത ഇടപെടലാണ് പഠനം നഷ്ടമാകാതിരിക്കാൻ ബിജേഷിനെ സഹായിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.