ദുബൈ: അൽ ഖൈൽ ഗേറ്റിൽ പുതിയ പെയ്ഡ് പാർക്കിങ് സോൺ പ്രഖ്യാപിച്ച് എമിറേറ്റിലെ പാർക്കിങ് നിയന്ത്രണ സ്ഥാപനമായ പാർക്കിൻ. സോൺ 365എൻ എന്ന് പേരിട്ടിരിക്കുന്ന മേഖലയിൽ വാഹനം പാർക്കുചെയ്യാൻ പ്രതിദിനം 30 ദിർഹമാണ് നിരക്ക്. ഈ മേഖല ഞായറാഴ്ച ഉൾപ്പെടെ ആഴ്ചയിൽ എല്ലാ ദിവസവും പ്രവർത്തിക്കും. മണിക്കൂറിന് നാലു ദിർഹം, രണ്ടു മണിക്കൂറിന് എട്ട്, മൂന്ന് മണിക്കൂറിന് 10, നാലു മണിക്കൂറിന് 12, അഞ്ചു മണിക്കൂറിന് 14, ആറ് മണിക്കൂറിന് 16, ഏഴ് മണിക്കൂറിന് 18, എട്ട് മണിക്കൂറിന് 20, ഒമ്പത് മണിക്കൂറിന് 22 ദിർഹം എന്നിങ്ങനെയാണ് തിരക്കേറിയ സമയങ്ങളിൽ ഇവിടെ ഈടാക്കുന്ന പാർക്കിങ് നിരക്ക്.
തിരക്കില്ലാത്ത സമയങ്ങളിലും ഇതേ നിരക്കുതന്നെ നൽകണം. ഈ വർഷം തുടക്കത്തിൽ മിർദിഫിൽ രണ്ട് പുതിയ പെയ്ഡ് പാർക്കിങ് സോണുകൾകൂടി പാർക്കിൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഞായറാഴ്ചകളിലും പൊതു അവധി ദിനങ്ങളിലും ഇവിടെ പാർക്കിങ് സൗജന്യമാണ്. കൂടാതെ തിരക്കേറിയ സമയങ്ങളിലും അല്ലാത്ത സമയങ്ങളിലും വ്യത്യസ്ത നിരക്കുകളാണ് ഇവിടെ ഈടാക്കുന്നത്.
ഏപ്രിൽമുതൽ പാർക്കിൻ വേരിയബ്ൾ പാർക്കിങ് നിരക്ക് സംവിധാനം നടപ്പിലാക്കിയത്. ചില മേഖലകളിൽ പ്രതിമാസ സബ്സ്ക്രിബ്ഷനുകളും പാർക്കിൻ പുറത്തിറക്കിയിരുന്നു. നോൺ റീഫണ്ടബ്ൾ ആയ ഓപ്ഷനിൽ ഒരേ ട്രാഫിക് ഫയലിന് കീഴിൽ മൂന്ന് വാഹനങ്ങൾവരെ ഉൾപ്പെടുത്താം. എങ്കിലും ഒരു സമയം ഒരു വാഹനത്തിന് മാത്രമേ പാർക്കിങ് അനുവദിക്കൂ. 10,000 പാർക്കിങ് ഇടങ്ങൾകൂടി പ്രഖ്യാപിച്ചതോടെ ഈ വർഷം ആദ്യ പാദത്തിൽ പാർക്കിനിന്റെ വരുമാനം 27.3 കോടി ദിർഹമിലെത്തിയിരുന്നു. 2024ലിനെ അപേക്ഷിച്ച് വരുമാനത്തിൽ 27 ശതമാനമാണ് വർധന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.