റാസല്‍ഖൈമയിലെ പാഡൽ കോർട്ടുകളിലൊന്ന്
റാസല്‍ഖൈമ: യു.എ.ഇയില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന കായിക ഇനമായ പാഡല്‍ ടെന്നീസിന് റാസല്‍ഖൈമയിലും വന്‍ സ്വീകാര്യത. ടെന്നീസിന്‍റെയും സ്ക്വാഷിന്‍റെയും സവിശേഷതകള്‍ സമന്വയിപ്പിച്ച ഈ ഡബിള്‍സ് ഗെയിം എളുപ്പത്തില്‍ അഭ്യസിക്കാനാകുന്നതും മികച്ച ശാരീരിക വ്യായാമം നല്‍കുന്നതുമാണ് യുവാക്കളെയും കുടുംബങ്ങളെയും ഒരുപോലെ ആകര്‍ഷിക്കുന്നത്.
രാജ്യത്ത് നിലവില്‍ 320ലേറെ കേന്ദ്രങ്ങളിലായി 950ലധികം പാഡല്‍ കോര്‍ട്ടുകളാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പാഡല്‍ ടെന്നീസുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ അന്വേഷണങ്ങള്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ദുബൈയിലും അബൂദബിയിലും വന്‍ പ്രചാരം നേടിയ ഈ കായിക ഇനം റാസല്‍ഖൈമയിലും അതിവേഗം ജനകീയമാവുകയാണ്.
കടുത്ത ചൂടുകാലങ്ങളിലും തടസ്സമില്ലാതെ കളിക്കാനാകുന്ന ഇന്‍ഡോര്‍ കോര്‍ട്ടുകള്‍ ഉള്‍പ്പെടെ ആധുനിക സൗകര്യങ്ങളാണ് റാസല്‍ഖൈമയില്‍ ഒരുക്കിയിട്ടുള്ളത്. അല്‍ഹംറ ഗോള്‍ഫ് ക്ളബിലെ ‘പാഡല്‍ ബീച്ച്’, ലെ പാഡല്‍, ദി പാഡല്‍ ക്ളബ്, പാഡല്‍ 400, ബിന്‍ സല്‍മാന്‍ പാഡല്‍ കോര്‍ട്ട് തുടങ്ങിയ പ്രധാന കേന്ദ്രങ്ങള്‍ക്ക് പുറമെ റിസോര്‍ട്ടുകളിലുള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ പാഡല്‍ കോര്‍ട്ടുകള്‍ കളിക്കാര്‍ക്കായി തുറന്നിട്ടുണ്ട്.
സാധാരണയായി നാല് പേര്‍ ചേര്‍ന്ന് കളിക്കുന്ന ഡബിള്‍സ് ഗെയിമാണ് പാഡല്‍. ഗ്ലാസ് ഭിത്തികളുള്ള പ്രത്യേക കോര്‍ട്ടിലാണ് മല്‍സരം നടക്കുന്നത്. തുടക്കക്കാര്‍ക്ക് എളുപ്പത്തില്‍ കളിയുടെ അടിസ്ഥാനങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നതാണ് ഈ കായിക ഇനത്തിന്‍റെ പ്രധാന ആകര്‍ഷണം. മിക്ക ക്ലബുകളും റാക്കറ്റും പന്തും വാടകക്കോ സൗജന്യമായോ ലഭ്യമാക്കുന്നതിനാല്‍ പ്രത്യേക ഉപകരണങ്ങള്‍ വാങ്ങേണ്ടതില്ല.
വൈകുന്നേരങ്ങളിലും അവധി ദിനങ്ങളിലും കോര്‍ട്ടുകളില്‍ വലിയ തിരക്കാണ്. അതിനാല്‍, കളിക്കാനാഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതാണ് ഉചിതമെന്ന് ക്ലബ് അധികൃതര്‍ നിർദേശിക്കുന്നു. പല സ്ഥലങ്ങളിലും രാവിലെയും ഉച്ചക്ക് മുമ്പുള്ള സമയങ്ങളിലും കുറഞ്ഞ നിരക്കില്‍ കോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ട്.
ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സുഹൃക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കാന്‍ അവസരമൊരുക്കുന്ന വിനോദകായിക ഇനമെന്ന നിലയിലും പാഡല്‍ ടെന്നീസ് റാസല്‍ഖൈമയില്‍ കൂടുതല്‍ ജനകീയമാവുകയാണ്. പുതിയ കോര്‍ട്ടുകളുടെ എണ്ണം വര്‍ധിക്കുന്നതും വിവിധ ക്ലബുകള്‍ പരിശീലനവും ടൂര്‍ണമെന്‍റുകളും സംഘടിപ്പിക്കുന്നതും ഈ കായിക ഇനത്തിന്‍റെ വളര്‍ച്ചക്ക് കൂടുതല്‍ കരുത്തേകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.