അബൂദബി: ഓണ്‍ലൈനിലൂടെ ആരെയെങ്കിലും ഭീഷണിപ്പെടുത്തുകയോ ബ്ലാക്ക്മെയില്‍ ചെയ്യുകയോ ചെയ്താല്‍ കനത്ത ശിക്ഷ നല്‍കുമെന്ന് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷന്. കുറഞ്ഞ പിഴ 2,50,000 ദിര്‍ഹമും പരമാവധി 5,00,000 ദിര്‍ഹവും പിഴ ചുമത്തും. ഒപ്പം നിയമലംഘകര്‍ക്ക് പരമാവധി രണ്ടുവര്‍ഷം വരെ തടവും ലഭിക്കും.
2021ലെ ഫെഡറല്‍ നിയമം നമ്പര്‍ 34ലെ ആര്‍ട്ടിക്കിള്‍ 42 അനുസരിച്ചുള്ള മുന്നറിയിപ്പാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ഇതില്‍ ഇലക്ട്രോണിക് കുറ്റകൃത്യങ്ങള്‍ക്കും കിംവദന്തികള്‍ക്കും എതിരെയാണ് പിഴകള്‍ ലക്ഷ്യമിടുന്നതെന്ന് പബ്ലിക് പ്രോസിക്യൂഷന് വ്യക്തമാക്കി. മറ്റൊരാളെ ഭീഷണിപ്പെടുത്തുക, ബ്ലാക്ക്മെയില്‍ ചെയ്യുക, എതിര്‍ഭാഗത്തുള്ള ആള്‍ക്ക് ഇഷ്ടമില്ലാത്തത് പ്രവര്‍ത്തിക്കുക, ചെയ്യാന്‍ പ്രേരിപ്പിക്കുക, സമ്മർദത്തിലാക്കുക തുടങ്ങിയവ ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്. കുറ്റകൃത്യത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് 10 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാമെന്നും പബ്ലിക് പ്രോസിക്യൂഷന് മുന്നറിയിപ്പ് നല്കി. ഓണ്‍ലൈനില്‍ ഭീഷണിപ്പെടുത്തി പണം തട്ടുന്നവര്‍ക്കും കനത്ത ശിക്ഷ ചുമത്തുമെന്നും നേരത്തേ വ്യക്തമാക്കിയിരുന്നു. ഇത്തരം കുറ്റകൃത്യത്തിന് പിടിയിലാവുന്നവര്‍ക്ക് 2.50 ലക്ഷം മുതല്‍ അഞ്ചുലക്ഷം ദിര്‍ഹം വരെ പിഴ ശിക്ഷ ചുമത്തുമെന്നാണ് പബ്ലിക് പ്രോസിക്യൂഷന് മുന്നറിയിപ്പ് നല്‍കിയത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ രണ്ടുവര്‍ഷം വരെ തടവും ലഭിക്കും. ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.