‘ദുബൈ കാൻ’ പദ്ധതിയിൽ സ്ഥാപിച്ച കുടിവെള്ള സ്റ്റേഷൻ
ദുബൈ: പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറക്കുന്നതിന് ആരംഭിച്ച ‘ദുബൈ കാൻ’ പദ്ധതിക്ക് ഒരു വർഷം. കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച പദ്ധതിയിലൂടെ ഇതിനകം ഒറ്റത്തവണ ഉപയോഗിക്കുന്ന 70 ലക്ഷം പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം ലാഭിക്കാൻ സാധിച്ചതായും അധികൃതർ വെളിപ്പെടുത്തി.
ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കുപ്പിയുമായി എത്തുന്നവർക്ക് കുടിവെള്ളം നിറക്കാനുള്ള സൗകര്യമാണ് കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുള്ളത്. ഇതൊരു സംസ്കാരമായി വളർത്താനാണ് ദുബൈ അധികൃതർ തീരുമാനിച്ചിട്ടുള്ളത്. കുപ്പിവെള്ളം കുടിക്കുന്നത് ഒഴിവാക്കുകയും വീടുകളിൽ വാട്ടർ ഫിൽറ്ററുകൾ സ്ഥാപിക്കാനും പദ്ധതിയുടെ ഭാഗമായി അധികൃതർ പ്രോത്സാഹിക്കുന്നുണ്ട്. നിരവധി സ്വകാര്യ കമ്പനികൾ സർക്കാർ നിലപാടിനെ പിന്തുണച്ച് കുടിവെള്ള കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്.
സംരംഭം കൈവരിച്ച പുരോഗതിയിൽ അങ്ങേയറ്റം അഭിമാനമുണ്ടെന്നും ഹരിതനയങ്ങളും ജീവിതരീതിയും പിന്തുടരാൻ വരുംവർഷത്തിലും താമസക്കാരെയും വിനോദസഞ്ചാരികളെയും പ്രചോദിപ്പിക്കുമെന്ന് ദുബൈ സസ്റ്റൈനബ്ൾ ടൂറിസം വൈസ് ചെയർമാൻ യൂസഫ് ലൂത്ത പറഞ്ഞു. നഗരത്തിൽ 50 സ്ഥലങ്ങളിലാണ് നിലവിൽ സൗജന്യമായി കുടിവെള്ളം ശേഖരിക്കാനുള്ള റീഫിൽ സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുള്ളത്.
കൈറ്റ് ബീച്ച്, ദുബൈ മറീന, ജെ.എൽ.ടി, ഡൗൺടൗൺ ദുബൈ, ദുബൈ ഹാർബർ, മദീനത്ത് ജുമൈറ, ദുബൈ ഫെസ്റ്റിവൽ സിറ്റി, ഖവാനീജ് എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുള്ളത്. പൊതു പാർക്കുകൾ, ബീച്ചുകൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ സ്റ്റേഷനുകൾ ഉപയോഗപ്പെടുത്തുന്നവർ ഏറെയാണെന്നും അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. ജനങ്ങളുടെ മാനസികാവസ്ഥ മാറ്റുന്നതിലും പരിസ്ഥതിക്ക് അനുകൂലമായ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും വലിയ പുരോഗതി കൈവരിക്കാൻ പദ്ധതിയിലൂടെ സാധിച്ചെന്ന് യൂസഫ് ലൂത്ത പറഞ്ഞു.
ഒരു ബോട്ടിൽ കൈയിൽ കരുതിയാൽ ഓരോ വ്യക്തിക്കും ഒന്നോ രണ്ടോ ബോട്ടിൽ ഉപയോഗം ദിവസവും ഒഴിവാക്കാനാകും. യാത്രകളിലും വിനോദ അവസരങ്ങളിലും വഴിയിൽ കുടിവെള്ളം ലഭ്യമാകാത്തതാണ് കുപ്പിവെള്ളം വാങ്ങാൻ കാരണമാകുന്നത്. ‘ദുബൈ കാൻ’ ഇത് പരിഹരിക്കാനാണ് കുടിവെള്ള ശേഖരണ കേന്ദ്രങ്ങൾ നഗരത്തിലുടനീളം സ്ഥാപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.