ബലി പെരുന്നാൾ ദിനത്തിൽ ദുബൈ എയർപോർട്ടിലെ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തുന്ന ഉദ്യോഗസ്ഥർ

പെരുന്നാൾ തിരക്കിലും യാത്രാനടപടികൾ സുഗമമാക്കി ദുബൈ വിമാനത്താവളങ്ങൾ

ദുബൈ: ബലിപെരുന്നാൾ അവധിക്കാലത്തെ യാത്രക്കാരുടെ തിരക്കിനിടയിലും ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രാനടപടികൾ സുഗമമായി പുരോഗമിക്കുന്നു. പെരുന്നാൾ ദിനത്തിലെ റെക്കോർഡ് തിരക്ക് കാര്യക്ഷമമായി നിയന്ത്രിക്കുന്നതിന്​ വിമാനത്താവളത്തിലെ വിവിധ ടെർമിനലുകളിൽ അധികൃതർ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയത്.

പെരുന്നാൾ ആദ്യദിനത്തിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ദുബൈ മേധാവി ലഫ്. ജനറൽ മുഹമ്മദ് അൽ മർറിയുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം വിമാനത്താവളത്തിൽ നേരിട്ടെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. ട്രാഫിക് നിയന്ത്രണങ്ങളും യാത്രക്കാരുടെ സുഗമമായ നീക്കവും ഉറപ്പാക്കാൻ ടെർമിനൽ 1, 2, 3 എന്നിവിടങ്ങളിലെ അറൈവൽ, ഡിപാർച്ചർ ഹാളുകളിൽ അദ്ദേഹം പ്രത്യേക പരിശോധന നടത്തി. തിരക്കേറിയ സമയത്ത് സേവനമനുഷ്ഠിക്കുന്ന വിവിധ ഫീൽഡ് ടീമുകളുടെ സജ്ജീകരണങ്ങളും അദ്ദേഹം പരിശോധിച്ചു. ജി.ഡി.ആർ.എഫ്.എ ദുബൈ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, ദുബൈ പൊലീസിലെ ഉദ്യോഗസ്ഥരായ മേജർ ജനറൽ മർവാൻ ജുൽഫാർ, ബ്രിഗേഡിയർ എക്സ്പർട്ട് ഹമീദ് അൽ ഹാഷിമി എന്നീ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.

ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച്​ യാത്രക്കാരുടെ പരിശോധനകൾ വേഗത്തിൽ പൂർത്തിയാക്കാൻ വിമാനത്താവളത്തിൽ സാധിക്കുന്നുണ്ട്. ജി.ഡി.ആർ.എഫ്.എ ദുബൈ, ദുബൈ പൊലീസ്, മറ്റ് തന്ത്രപ്രധാന വിമാനത്താവള പങ്കാളികൾ എന്നിവർ തമ്മിലുള്ള മികച്ച ഏകോപനമാണ് ഇതിന് സഹായിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ആധുനിക സാങ്കേതിക സംവിധാനങ്ങളും തത്സമയ ആശയവിനിമയവും ഉള്ളതിനാൽ യാത്രക്കാർക്ക് ഏറെനേരം വരിനിൽക്കാതെ തന്നെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സാധിക്കുന്നു.

വിമാനത്താവള കൗണ്ടറുകളിലും ചെക്ക്‌പോസ്റ്റുകളിലും ഡ്യൂട്ടിയിലുണ്ടായിരുന്ന പാസ്‌പോർട്ട് ഓഫീസർമാർക്കും മറ്റ് ജീവനക്കാർക്കും ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പെരുന്നാൾ ആശംസകൾ നേർന്നു. ദുബൈയുടെ ഡിജിറ്റൽ-ഓപറേഷനൽ സംവിധാനങ്ങളുടെ വിജയത്തിന് പിന്നിൽ ഇത്തരം സ്വദേശി പ്രതിഭകളുടെ വൈദഗ്ധ്യമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

Tags:    
News Summary - Dubai airports ease travel procedures despite Eid rush

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.