ബലി പെരുന്നാളിന് പ്രത്യേക ആഘോഷ പരിപാടികളിൽ പങ്കെടുത്ത തൊഴിലാളികൾ
ദുബൈ: ‘നമ്മുടെ തൊഴിലാളികളുടെ സന്തോഷം, നമ്മുടെ ഈദിന്റെ ആഹ്ലാദം’ എന്ന പ്രമേയത്തിൽ യു.എ.ഇയിലുടനീളമുള്ള 30 കേന്ദ്രങ്ങളിൽ ഈദുൽ അദ്ഹ അവധി ദിനങ്ങളിൽ തൊഴിലാളികൾക്കായി പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മൂന്ന് ലക്ഷത്തോളം തൊഴിലാളികളാണ് ഈ പരിപാടികളിൽ പങ്കാളികളായത്.
വിവിധ മത്സരങ്ങളും വിനോദ പരിപാടികളും ഉൾപ്പെട്ടതായിരുന്നു ആഘോഷ പരിപാടി. കാറും വിമാന ടിക്കറ്റുകളും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകിയുള്ള നറുക്കെടുപ്പുകളും ഇതിന്റെ ഭാഗമായി നടന്നു. മനുഷ്യവിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം ഫെഡറൽ, പ്രാദേശിക സർക്കാർ തലങ്ങളിലുള്ള തങ്ങളുടെ പങ്കാളികളുമായി സഹകരിച്ചാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ആഭ്യന്തര മന്ത്രാലയം; ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി, രാജ്യത്തുടനീളമുള്ള പൊലീസ് ആസ്ഥാനങ്ങൾ, യു.എ.ഇയിലെ വിവിധ മുനിസിപ്പാലിറ്റികൾ; എഡി പോർട്സ് ഗ്രൂപ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) എന്നിവർ ഇതിൽ ഉൾപ്പെടുന്നു.
മന്ത്രാലയത്തിനു പുറമെ, രാജ്യത്തെ വിവിധ സ്വകാര്യ കമ്പനികളും തങ്ങളുടെ തൊഴിലാളികൾക്കായി പ്രത്യേക ആഘോഷങ്ങൾ സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.