അൽ റഫ പൊലീസ് സ്റ്റേഷൻ അധികൃതർ മുഹമ്മദ് അലിയെ ആദരിക്കുന്നു
ദുബൈ: കളഞ്ഞുകിട്ടിയ ഒരു ലക്ഷം ദിർഹം ദുബൈ പൊലീസിൽ ഏൽപിച്ച് പ്രവാസികളുടെ യശസ്സുയർത്തിയ യുവാവ് കൂത്തുപറമ്പുകാരൻ. കൂത്തുപറമ്പ് പാറോൽ സ്വദേശി മുഹമ്മദ് അലിയാണ് സത്യസന്ധതയുടെ മാതൃകയായി ദുബൈ പൊലീസിന്‍റെ ആദരമേറ്റു വാങ്ങിയത്.
മുഹമ്മദ് അലി ഷെറാക്കൽ മൊഹി എന്ന ഇന്ത്യൻ സ്വദേശിയെ ആദരിച്ചു എന്നായിരുന്നു ദുബൈ പൊലീസ് വാർത്താക്കുറിപ്പ് നൽകിയത്. കറാമയിൽ ജോലി ചെയ്യുന്ന മലയാളിയാണ് അലി എന്ന് ‘ഗൾഫ് മാധ്യമം’ കണ്ടെത്തി.
ചിറമ്മൽ വീട്ടിൽ മുഹ്യുദ്ദീന്റെ മകനായ അലിയുടെ പേരിന് പിന്നിൽ ‘ഷെറാക്കൽ മൊഹി’ എന്ന് വന്നതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്.
നാടൊട്ടുക്കും തന്നെ പ്രശംസ കൊണ്ട് മൂടുമ്പോൾ അതിനുമാത്രം താൻ എന്താണ് ചെയ്തതെന്ന് ആശ്ചര്യം കൊള്ളുകയാണ് മുഹമ്മദ് അലി.
‘സംഭവം നടന്നിട്ട് അൽപ ദിവസങ്ങളായി. കറാമയിൽ കാർ പാർക്ക് ചെയ്ത് ഡോർ തുറന്നപ്പോൾ തന്നെ ആ നോട്ടുകെട്ടുകളാണ് കണ്ടത്. ഞാൻ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ഉടൻ പൊലീസിൽ അറിയിക്കുകയായിരുന്നു. വലിയ തുകയാണെന്നറിഞ്ഞതോടെ അവർ ഉടൻ സ്ഥലത്തെത്തി.
മറ്റുള്ളവരുടെ ഒരു ദിർഹം പോലും ആഗ്രഹിക്കരുതല്ലോ. വളരെ ചെറിയൊരു കാര്യം ചെയ്തുവെന്ന തോന്നൽ മാത്രമേ എനിക്കുള്ളൂ. ഇത് ആരായാലും ചെയ്യേണ്ടതല്ലേ. വഴിയിൽ ഒരു കുപ്പിച്ചില്ല് കണ്ടാൽ പോലും മാറ്റിയിടുന്നവരല്ലേ നമ്മൾ. ഒരാളുടെ പണം കളഞ്ഞുകിട്ടിയിട്ട് തിരിച്ചുകൊടുത്തത് ഇത്ര വലിയ വാർത്തയാകുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. ഒരുപാടാളുകൾ ഫോൺ ചെയ്ത് ചോദിക്കുന്നു.
ഏറ്റവും സുരക്ഷിത കരങ്ങൾ ദുബൈ പൊലീസിന്‍റേതാണെന്ന് ഉറപ്പുള്ളതുകൊണ്ടാണ് അവരെ ഏൽപിച്ചത്. പണത്തിന്‍റെ ഉടമസ്ഥനും ഏറെ സന്തോഷമായി. ഒന്നുമില്ലാതെ ദുബൈയിലേക്ക് വന്ന ഞങ്ങളൊക്കെ ആവുന്നതുപോലെ ഈ നാടിനെ സപ്പോർട്ട് ചെയ്യണ്ടേ. ഇതൊക്കെ അതിന്‍റെ ഭാഗമായി കണ്ടാൽ മതി’ -14 വർഷമായി കറാമയിൽ ഡോക്യൂമെന്റ്സ് ക്ലിയറിങ് മേഖലയിൽ ജോലി നോക്കുന്ന മുഹമ്മദ് അലി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.