ദുബൈ: എമിറേറ്റിന്റെ ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തിരികൊളുത്തുമെന്ന് പ്രതീക്ഷിക്കുന്ന പറക്കും ടാക്സിക്ക് ഉബർ ടാക്സികളിലേതിന് സമാനമായി കുറഞ്ഞ നിരക്കായിരിക്കുമെന്ന് അധികൃതർ. മൂന്നുവർഷത്തിനുശേഷം പറക്കും ടാക്സികൾ ഓടിത്തുടങ്ങുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി സി.ഇ.ഒ അഹ്മദ് ഹാഷിം ബഹ്റുസിയാൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ വർഷം അവസാനത്തോടെ അരങ്ങേറ്റം കുറിക്കുന്ന ഡ്രൈവറില്ലാ ടാക്സികൾക്ക് കൂടിയ നിരക്ക് ഏർപ്പെടുത്താൻ അതോറിറ്റിക്ക് പദ്ധതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ അടുത്ത വർഷങ്ങളിൽ നടപ്പാക്കുന്ന സുപ്രധാന പദ്ധതികൾ സാധാരണക്കാർക്കും പ്രാപ്യമാകുമെന്നാണ് വ്യക്തമായിരിക്കുന്നത്.
2026 മുതൽ ഘട്ടംഘട്ടമായാണ് പറക്കും ടാക്സികൾ നടപ്പാക്കാൻ അധികൃതർ ആഗ്രഹിക്കുന്നത്. നിരക്ക് കുറക്കുന്നതും ഘട്ടംഘട്ടമായായിരിക്കും. 2030ഓടെ 25 ശതമാനം യാത്രകളും ഡ്രൈവറില്ലാ വാഹനങ്ങളിലാക്കാനാണ് ദുബൈ ലക്ഷ്യമിടുന്നതെന്നും 2023 അവസാനത്തോടെ പത്ത് ഓട്ടോണമസ് ടാക്സികൾ ജി.എം ക്രൂയിസുമായി സഹകരിച്ച് പ്രവർത്തനം ആരംഭിക്കുമെന്നും അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ലോക സർക്കാർ ഉച്ചകോടിയോടനുബന്ധിച്ച് ആർ.ടി.എ ഒരുക്കിയ പ്രദർശനത്തിന്റെ ഭാഗമായാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
മൂന്നുവർഷത്തിനകം എയർ ടാക്സികൾ പ്രവർത്തനമാരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് വെളിപ്പെടുത്തിയത്. ഇതിന് മുന്നോടിയായി ടാക്സി സ്റ്റേഷനുകൾ നിർമിക്കുന്നതിന് രൂപരേഖക്ക് അംഗീകാരം നൽകിയിട്ടുമുണ്ട്. പ്രാരംഭഘട്ടത്തിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം, ഡൗൺടൗൺ ദുബൈ, പാം ജുമൈറ, ദുബൈ മറീന എന്നീ നാല് പ്രധാന മേഖലകളെ ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക.
അതിനിടെ പറക്കും ടാക്സികളുടെ സർവിസ് അബൂദബിയിലേക്കും മറ്റ് എമിറേറ്റുകളിലേക്കും നടപ്പാക്കുമെന്നും ആർ.ടി.എ വൃത്തങ്ങൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതിനായി സിവിൽ ഏവിയേഷൻ വിഭാഗവുമായി ആർ.ടി.എ ആലോചന ആരംഭിച്ചിട്ടുണ്ട്. ആകാശത്ത് പറക്കുന്ന ചെറുവിമാന മാതൃകയിലുള്ള ടാക്സികൾക്ക് 300 കി.മീ. വേഗത ഉണ്ടാകും. പരമാവധി 241 കി.മീ. ദൂരത്തേക്കുവരെ ഇതുവഴി സഞ്ചരിക്കാനാകും. പൈലറ്റിന് പുറമെ നാല് യാത്രക്കാർക്കാണ് ഇതിൽ കയറാനാവുക. യാത്ര എളുപ്പമാക്കുന്നതിനൊപ്പം കാർബൺ പുറന്തള്ളൽ കുറക്കുക എന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.