അബൂദബി: വിദ്യാർഥികളുടെ സമ്മർദം കുറക്കുക, മൂല്യനിർണയം ആധുനികവൽകരിക്കുക എന്നീ ലക്ഷ്യങ്ങളോടെ പുതിയ അധ്യയന വർഷത്തിൽ ഗ്രേഡ് അഞ്ച് മുതൽ പൊതു സ്കൂളുകളിൽ സെക്കൻഡ് ടേം പരീക്ഷ ഒഴിവാക്കുന്നു. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. വർഷം മുഴുവൻ വിദ്യാർഥികളുടെ പ്രകടനം തുടർച്ചയായി വിലയിരുത്തുന്ന സംവിധാനത്തിലേക്ക് മാറുന്നതിൻറെ ഭാഗമായാണിത് നടപ്പിലാക്കുന്നത്.
പരമ്പരാഗത പരീക്ഷകളുടെ സമ്മർദം കുറക്കുന്നതിനൊപ്പം കുട്ടികളുടെ വിമർശന ചിന്തയും വിശകലന പാടവവും ശക്തിപ്പെടുത്തുന്ന രീതിയിൽ നടപ്പിലാക്കുന്ന പരിഷ്കരണങ്ങളുടെ ഭാഗമാണ് നടപടി. കൂടുതൽ അക്കാദമിക് പിന്തുണ ഉറപ്പാക്കുകയും വിദ്യാർഥികളുടെ പ്രതിഭയിലും കരിക്കുലത്തിന് പുറത്തുള്ള പ്രവർത്തനങ്ങളിലും ശ്രദ്ധ ചെലുത്തുന്നതിനുമാണ് മാറ്റമെന്ന് അധികൃതർ വ്യക്തമാക്കി. പുതിയ അധ്യായനവർഷം ഈ മാസം 25ന് ആരംഭിക്കാനിരിക്കെ വിദ്യഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തിയതായും രാജ്യത്താകമാനം പുതുതായി ഒമ്പത് സ്കൂളുകൾ തുറന്നതായും വിദ്യഭ്യാസ മന്ത്രി സാറ അൽ അമീരി പറഞ്ഞു. രാജ്യത്തെ ജനസംഖ്യ വളർച്ചയെ ഉൾകൊള്ളാനും ഏറ്റവും ആധുനികവും നൂതനവുമായ പഠനാന്തരീക്ഷം ഒരുക്കാനുമാണ് സംവിധാനങ്ങൾ ഒരുക്കിയതെന്നും അവർ കൂട്ടിച്ചേർത്തു.
എല്ലാ ഗ്രേഡുകളിലും പുതിയ മൂല്യനിർണയ രീതി ആരംഭിക്കുമെന്നും, ഇത് വിദ്യാർഥികളുടെ ശരിയായ കഴിവുകൾ മനസ്സിലാക്കാൻ സഹായിക്കുന്ന മികച്ച രീതിയാണെന്നും മന്ത്രി വ്യക്തമാക്കി. പുതിയ അധ്യായന വർഷത്തിൽ നിർമ്മിതബുദ്ധി പഠിപ്പിക്കാൻ 1000 അധ്യാപകരുണ്ടാകുമെന്നും അധികൃതർ വെളിപ്പെടുത്തി. സ്കൂളുകളിൽ നിർമ്മിത ബുദ്ധി സാങ്കേതികവിദ്യ പഠനം നിർബന്ധമാക്കിക്കൊണ്ട് നേരത്തെ അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. രാജ്യത്ത് വിദ്യഭ്യാസ മന്ത്രാലയത്തിന് കീഴിലായി 520 സ്കൂളുകളിൽ 2.8 ലക്ഷം വിദ്യാർഥികൾ പഠനം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.