യു.എ.ഇയില്‍ പുതിയ പേമെന്റ് കാര്‍ഡ് വിതരണം തുടങ്ങി

അബൂദബി: യു.എ.ഇയിലെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ലൈസന്‍സുള്ള എക്‌സ്‌ചേഞ്ചുകളും ഉപഭോക്താക്കള്‍ക്കായി പുതിയ ദേശീയ പേയ്‌മെന്റ് കാര്‍ഡായ 'ജയ് വാന്‍' വിതരണം ചെയ്യാന്‍ തുടങ്ങി. യു.എ.ഇ. വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യന്‍ കോടതി ചെയര്‍മാനും യു.എ.ഇ. സെന്‍ട്രല്‍ ബാങ്ക് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ് യാന്‍ കാര്‍ഡിന്റെ ഔദ്യോഗിക ലോഞ്ച് പ്രഖ്യാപിച്ചു. വരും മാസങ്ങളില്‍ വിവിധ ഘട്ടങ്ങളിലായാണ് കാര്‍ഡുകള്‍ പൂര്‍ണമായും വിതരണം ചെയ്യുക.

രാജ്യത്തെ പേയ്‌മെന്റ് സംവിധാനങ്ങള്‍ ശക്തമാക്കാനും ദേശീയ സാമ്പത്തിക മുന്‍ഗണനകള്‍ക്ക് അനുസൃതമായി സുരക്ഷിതവും കാര്യക്ഷമവുമായ പേയ്‌മെന്റ് സംവിധാനം ഒരുക്കുന്നതിനുമാണ് ജയ് വാന്‍ കാര്‍ഡ് അവതരിപ്പിച്ചത്. യു.എ.ഇയിലെ സാമ്പത്തിക മേഖലയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിലും ദേശീയ പേയ്‌മെന്റ് സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിലും ഈ കാര്‍ഡ് നിര്‍ണായക നാഴികക്കല്ലാകും.

എല്ലാത്തരം ജയ് വാന്‍ കാര്‍ഡുകളും പോയന്റ് ഓഫ് സെയില്‍ ടെര്‍മിനലുകള്‍, ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകള്‍, എ.ടി.എമ്മുകള്‍, ഡിജിറ്റല്‍ വാലറ്റുകള്‍ എന്നിവയില്‍ ലഭ്യമാകും. ടാപ്പ് ആന്‍ഡ് ഗോ പേയ്മെന്റുകള്‍, ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍, എ.ടി.എം വഴിയുള്ള പണം പിന്‍വലിക്കല്‍ എന്നിവക്ക് പുറമെ, അംഗീകൃത ചട്ടങ്ങള്‍ക്ക് വിധേയമായി പ്രാദേശിക, അന്തര്‍ദേശീയ പേയ്മെന്റുകള്‍ക്കും ഉപഭോക്താക്കള്‍ക്ക് ഈ കാര്‍ഡ് സുരക്ഷിതമായി ഉപയോഗിക്കാം.

യാത്ര, ഷോപ്പിങ്, വിനോദം, ലൈഫ് സ്‌റ്റൈല്‍ തുടങ്ങിയ മേഖലകളിലെ വിവിധ പങ്കാളികള്‍ വഴി വന്‍ ഓഫറുകളും ആനുകൂല്യങ്ങളും ജയ് വാന്‍ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. യു.എ.ഇ. സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് നടത്തിയ കൂടിക്കാഴ്ചയിലാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.

Tags:    
News Summary - New payment card distribution has started in the UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.