റാസല്‍ഖൈമ: സിവില്‍-വിവാഹ നടപടിക്രമങ്ങള്‍ ‘സ്മാര്‍ട്ട്’ ആക്കി റാക് കോടതി. ദമ്പതികള്‍ക്ക് ജഡ്ജിയുമായി വിഡിയോ ലിങ്ക് വഴി സിവില്‍ വിവാഹ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നതാണ് റാക് കോടതിയിലെ വാസ്തെക് സെന്ററിലെ പുതിയ സിവില്‍ വിവാഹ സേവന കേന്ദ്രമെന്ന് അധികൃതര്‍ അറിയിച്ചു. ദമ്പതികള്‍ക്ക് വിദൂരത്തിരുന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും അതേ ദിവസം തന്നെ ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തിയ കരാറുകള്‍ സ്വീകരിക്കാനും അനുവദിക്കുന്ന നൂതന സംവിധാനത്തിന്റെ ഉദ്ഘാടനം കോടതി വകുപ്പ് മേധാവി കൗണ്‍സിലര്‍ അഹ്മദ് അല്‍ ഖത്രി നിര്‍വഹിച്ചു.
കോടതി ഓഫ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് പ്രസിഡന്റ് കൗണ്‍സിലര്‍ മുഹമ്മദ് ബിന്‍ ദര്‍വീഷ്, ജഡ്ജി താരിഖ് ജുമാ, വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ദമ്പതികള്‍ക്ക് ജഡ്ജിയുമായി വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ സിവില്‍ വിവാഹ കരാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നതാണ് പുതിയ സംരംഭത്തെ ശ്രദ്ധേയമാക്കുന്നത്. വിവാഹ ചടങ്ങുകള്‍ നടത്തുന്നതിന് ഒരു പ്രത്യേക ഹാളും ഒരുക്കിയിട്ടുണ്ട്. ജുഡീഷ്യല്‍, കമ്യൂണിറ്റി സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനും ഉപഭോക്തൃ അനുഭവം മികച്ചതാക്കുന്നതിനുമുള്ള ജുഡീഷ്യല്‍ വകുപ്പിന്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണ് പുതുസംരംഭമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പേപ്പര്‍ വര്‍ക്കുകളും യാത്രകളും കുറച്ച് ഉപഭോക്താക്കള്‍ക്ക് സമയവും അധ്വാനവും കുറക്കാന്‍ സംരംഭം സഹായിക്കും. നൂതന ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തിയാണ് സേവന നിലവാരവും ഉപഭോക്തൃ സംതൃപ്തിയും ഉയര്‍ത്തുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.