ദുബൈ: ബസും മെട്രോയുമിറങ്ങി വീട്ടിലേക്ക് ഒരു പാട് ദൂരം നടക്കണം, അല്ലെങ്കിൽ ടാക്സി പിടിക്കണം എന്ന ബുദ്ധിമുട്ടിന് പരിഹാരമാവുന്നു. പൊതുഗതാഗത സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി റോഡ് ഗതാഗത അതോറിറ്റി നടപ്പാക്കുന്ന ബസ് ഒാൺ ഡിമാൻഡ് സേവനമാണ് സ്വന്തമായി വാഹനമില്ലാത്ത ഒട്ടനവധി യാത്രക്കാർക്ക് അനുഗ്രഹമായി മാറാനൊരുങ്ങുന്നത്. വറഖയിലേക്കും ബർഷയിലേക്കും പരീക്ഷണാടിസ്ഥാനത്തിൽ മൂന്നു മാസത്തേക്ക് ആരംഭിക്കുന്ന സേവനം വിജയകരമായാൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കും. യാത്രക്കാരുടെ സൗകര്യത്തിന് അനുസരിച്ച് MVMANT എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ബസിലെ സീറ്റുകള്‍ പണമടച്ച് ബുക്ക് ചെയ്യാം. ബസ് കാത്തുനില്‍ക്കേണ്ട സ്ഥലവും സമയവും ആപ്ലിക്കേഷന്‍ അറിയിക്കും. ഈ ബസുകളുടെ റൂട്ടും സമയവും കൂടുതല്‍ യാത്രക്കാരുടെ ആവശ്യവും സൗകര്യവുമനുസരിച്ചായിരിക്കും. 18 സീറ്റുള്ള ചെറുബസുകളാണ് ഇതിനായി ഉപയോഗിക്കുക. താമസ സ്ഥലത്തുനിന്ന് മെട്രോ സ്റ്റേഷന്‍, ബസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് എത്തുന്നതിനും തിരിച്ച് വീടുകളിലേക്ക് എത്തുന്നതിനുമാണ് ഇത്തരം ബസ് സര്‍വീസുകള്‍ ഉപകരിക്കുകയെന്ന് ആർ.ടി.എ സി.ഇ.ഒ അഹ്മദ് ബഹ്റൂസിയാൻ വ്യക്തമാക്കി. മൂന്നുമാസത്തെ പരീക്ഷണയോട്ടത്തെ വിലയിരുത്തിയാകും ബസ് ഒാൺ ഡിമാന്‍ഡ് സര്‍വീസ് പരിഷ്കരിക്കുക. മൂന്നുമാസത്തെ പരീക്ഷണയോട്ടത്തില്‍ ബസ് പൂര്‍ണമായും സൗജന്യമായിരിക്കും. യാത്രാക്കാരിൽ നിന്ന് അഭിപ്രായങ്ങൾ സ്വരൂപിച്ച ശേഷമാണ് ഉദ്യമത്തിന് തുടക്കമിട്ടത്. ഇനി പരീക്ഷണയോട്ട കാലയളവിലും മെട്രോ സ്റ്റേഷനുകളിൽ ചോദ്യാവലികൾ മുഖേന വിവരങ്ങൾ തേടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.