ഷാർജ: ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങളിൽ പതിച്ച വിവിധതരം സ്റ്റിക്കറുകൾ ഉടൻ നീക്കംചെയ്യണമെന്ന് ഷാർജ പൊലീസ് മുന്നറിയിപ്പ് നൽകി. ഡിസംബർ ആറിനകം സ്റ്റിക്കറുകൾ നീക്കംചെയ്യാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഷാർജ പൊലീസ് ജനറൽ കമാൻഡ് അറിയിച്ചു.
ദേശീയദിന ആഘോഷങ്ങളിൽ വിവിധ നിയമലംഘനങ്ങളിൽ ഉൾപ്പെട്ടെ 106 വാഹനങ്ങൾ ഷാർജ പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അലങ്കരിക്കാനായി ഒട്ടിച്ച സ്റ്റിക്കറുകൾ വാഹനങ്ങളിൽ നീക്കംചെയ്യണമെന്ന നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. അഭ്യാസ പ്രകടനം, ലൈസൻസില്ലാതെ വാഹനമോടിക്കൽ, അമിത ശബ്ദം എന്നിവ ഉൾപ്പെടെ റോഡ് ഉപഭോക്താക്കളുടെ ജീവന് ഭീഷണി ഉയർത്തുന്ന നിയമലംഘനങ്ങളിൽ ഉൾപ്പെട്ട വാഹനങ്ങൾക്കെതിരെയാണ് നടപടിയെടുത്തത്.
റോഡുകളിൽ നിരുത്തരവാദപരമായ സ്വഭാവ രീതികൾ തടയുന്നതിൽ ഷാർജ പൊലീസ് പ്രതിജ്ഞാബദ്ധമാണെന്ന് ട്രാഫിക് ആൻഡ് പട്രോൾസ് ഡിപ്പാർട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ഖാലിദ് അൽ കെയ് പറഞ്ഞു. ഇത്തരം നടപടികൾ ആഘോഷത്തിന്റെ പൊലിമക്കും ആത്മാവിനും കളങ്കമേൽപിക്കുന്നതാണ്. കൂടാതെ പൊതുജനങ്ങളുടെ ജീവനും ഭീഷണി ഉയർത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഉത്സവ സീസണുകളിൽ പൊതുജന സുരക്ഷക്ക് ഭീഷണിയാകുന്ന രീതിയിലുള്ള നടപടികളാണ് പ്രതികളിൽനിന്ന് ഉണ്ടായിരിക്കുന്നത്.
സമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി പൊലീസ് പട്രോളിങ്ങും ചെക്ക്പോസ്റ്റുകളിൽ പരിശോധനയും ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയദിനത്തിൽ നിയമലംഘനം നടത്തിയ 74 വാഹനങ്ങൾക്കെതിരെ കഴിഞ്ഞ ദിവസം ദുബൈ പൊലീസും നടപടി സ്വീകരിച്ചിരുന്നു. 3153 പേർക്ക് പിഴ ചുമത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.